2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊയിലാണ്ടിയില്‍ മത്സരിക്കാനൊരുങ്ങി മുല്ലപ്പള്ളി

 

സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജില്ലയില്‍ കോണ്‍ഗ്രസിനു വിജയസാധ്യത കൂടുതലുള്ള മണ്ഡലമെന്ന നിലയ്ക്കാണ് ഇവിടെ മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കുന്നത്.

ജില്ലയിലെ പ്രധാന നേതാക്കളോട് മുല്ലപ്പള്ളി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ കരുക്കള്‍ നീക്കിയ നേതാക്കള്‍ മറ്റു മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍ എന്നിവര്‍ കൊയിലാണ്ടിയില്‍ സ്ഥാനാര്‍ഥിത്വത്തിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.വി ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും പ്രാദേശികമായി ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ മുല്ലപ്പള്ളി വന്നാല്‍ ഇവര്‍ക്കു മാറിക്കൊടുക്കേണ്ടിവരും.

കഴിഞ്ഞ തവണ മത്സരിച്ച എന്‍. സുബ്രഹ്മണ്യന്‍ അഞ്ചു വര്‍ഷമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുല്ലപ്പള്ളിയുടെ രംഗപ്രവേശത്തോടെ പേരാമ്പ്രയില്‍ മത്സരിക്കാനുള്ള ശ്രമത്തിലാണ് സുബ്രഹ്മണ്യന്‍. കേരള കോണ്‍ഗ്രസി(എം)ന്റെ സീറ്റായിരുന്ന പേരാമ്പ്രയില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്റെ നീക്കം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെയും പേരാമ്പ്രയില്‍ പരിഗണിക്കുന്നുണ്ട്.

ഒരുകാലത്ത് കുത്തക സീറ്റായിരുന്നെങ്കിലും 2001നു ശേഷം കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. അഡ്വ. പി ശങ്കരനാണ് 2001ല്‍ ജയിച്ചത്. 2006ല്‍ ഡി.ഐ.സി സ്ഥാനാര്‍ഥിയായി മത്സരിച്ച ശങ്കരന്‍ പരാജയപ്പെടുകയായിരുന്നു. 2011ലും 2016ലും എല്‍.ഡി.എഫ് വിജയം ആവര്‍ത്തിച്ചു. മണ്ഡലത്തിന്റെ പൊതുസ്വഭാവം യു.ഡി.എഫിന് അനുകൂലമാണെന്ന വിശ്വാസത്തിലാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍ കൊയിലാണ്ടിക്കായി നോട്ടമിട്ടിരിക്കുന്നത്. 2009ലും 2014ലും മുല്ലപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ കൊയിലാണ്ടിയില്‍ മികച്ച ലീഡ് ലഭിച്ചിരുന്നു. 2019ല്‍ കെ. മുരളീധരനും മികച്ച ഭൂരിപക്ഷം നേടാനായി.

യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ കൊയിലാണ്ടിയില്‍ വിജയം നേടാനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ നിലവില്‍ ഒരിടത്തും കോണ്‍ഗ്രസിന് എം.എല്‍.എയില്ല. രണ്ടു പതിറ്റാണ്ടായി കോണ്‍ഗ്രസ് എം.എല്‍.എയില്ലാത്ത ജില്ലയെന്ന പേരുദോഷം മാറ്റാന്‍ ഇത്തവണ മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. ഇത്തവണ ആറു മണ്ഡലങ്ങളിലെങ്കിലും മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, ബേപ്പൂര്‍, നാദാപുരം, കുന്ദമംഗലം എന്നിവയ്ക്കു പുറമെ എലത്തൂരിലും പേരാമ്പ്രയിലും കോണ്‍ഗ്രസ് നോട്ടമിട്ടിട്ടുണ്ട്. തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുത്ത് മുസ്‌ലിം ലീഗിനു പകരം സീറ്റ് നല്‍കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.