
പത്തനംതിട്ട
കൊടുമൺ അങ്ങാടിക്കൽ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടയി ഭാഗമായുണ്ടായ സി.പി.എം- സി.പി.ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്. സംഘർഷത്തിൽ കൊടുമൺ സി.ഐ മഹേഷ് കുമാറിനും ഏതാനും പൊലിസുകാർക്കും പരുക്കേറ്റു. തുടർന്ന് പൊലിസ് ലാത്തിച്ചാർജ് നടത്തി .
കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ആരോപിച്ച് ഇന്നലെ രാവിലെ നേരിയ ബഹളം നടന്നിരുന്നു. ഇത് പൊലിസ് ഇടപെട്ട് ശാന്തമാക്കി. പിന്നീട് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനിടയിൽ സമീപത്തെ കടയിൽനിന്ന് സോഡക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു. പൊലീസുകാർക്കും ഏറുകൊണ്ടു.
മറ്റു പ്രദേശങ്ങളിൽനിന്നു വന്ന ചിലരും സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കൂട്ടത്തിൽ ഇരു വിഭാഗത്തിൽപ്പെട്ടവരുമുണ്ടായിരുന്നു. സി.പിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗം ബീനയുടെ ഭർത്താവ് പ്രഭയ്ക്ക് (57) തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ചു.
സി.പി.ഐ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും സി.പി.എം നൽകിയിരുന്നില്ല. വർഷങ്ങായി സി.പി.എം ഭരിക്കുന്ന ബാങ്കാണിത്. നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതിനാൽ സീറ്റ് നൽകാനാവില്ലെന്ന് സി.പി.എം നേതൃത്വം അറിയിച്ചതാടെയാണ് സി.പി.ഐ സ്ഥാനാർഥികളെ നിർത്തിയത്. തെരഞ്ഞെടുപ്പ് കോൺഗ്രസ് നേരത്തെ ബഹിഷ്കരിച്ചിരുന്നു.
അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. പൊലിസ് സുരക്ഷയിലായിരുന്നു വൈകീട്ട് വോട്ടെണ്ണൽ. രണ്ടാഴ്ച മുമ്പ് സി.പി.എം അങ്ങാടിക്കൽ വടക്ക് സീയോൻ കുന്ന് ബ്രാഞ്ചിലെ എല്ലാ അംഗങ്ങളും രാജിവച്ച് സി.പി.ഐയിൽ ചേർന്നിരുന്നു. അന്നുമുതൽ അങ്ങാടിക്കൽ മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. പിന്നീട് സി.പി.എം അങ്ങാടിക്കൽ പ്രദേശത്ത് വിശദീകരണ യോഗങ്ങൾ നടത്തുകയും പാർട്ടി വിട്ട ചിലരെ തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. വിശദീകരണ യോഗങ്ങളിൽ പാർട്ടി മാറിയവരെ നേതാക്കൾ അസഭ്യം പറയുകയുമുണ്ടായി.
സി.പി.എം ഭരിക്കുന്ന ചന്ദനപ്പള്ളി സർവിസ് സഹകരണ ബാങ്കിലെ അഴിമതി ജനങ്ങളുടെ മുമ്പാകെ പരസ്യപ്പെടുത്തുമെന്ന് പാർട്ടി വിട്ടവർ പറഞ്ഞിരുന്നു. മുൻ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സഹദേവനുണ്ണിത്താൻ, ഡി.വൈ.എഫ്.ഐ മുൻ വില്ലേജ് സെക്രട്ടറി സുരേഷ് കുമാർ, സിയോൻ കുന്ന് ബ്രാഞ്ച് സെക്രട്ടറിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. മറിയാമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിൽ 70ഓളം പേരാണ് സി.പി.എം വിട്ടത്.