
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊടും ചൂട് തുടരുന്നു. ചിലയിടങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഒഡിഷ,ജാര്‍ക്കണ്ട്, തെലങ്കാന, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങള്‍ വേനലില്‍ വെന്തുരുകുകയാണ്. 27വരേ ചൂട് കാഠിന്യത്തോടെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട 91 അണക്കെട്ടുകളിലെ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അണക്കെട്ടുകളിലെ വെള്ളം സംഭരണശേഷിയുടെ 22 ശതമാനമായി കുറഞ്ഞെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.കഴിഞ്ഞ വര്‍ഷം ഇതേസമയം 37 ശതമാനമായിരുന്നു ജല ശേഖരം. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 22 അടി കുറവാണിപ്പോള്‍.അതിനിടെ കൊടിയ ചൂടിനെ തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കഴിഞ്ഞ ദിവസം ഒരു ട്രാഫിക് പൊലിസുകാരന് ജോലിക്കിടെ സൂര്യാതപമേറ്റ് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കര്‍ണാടകയില്‍ 43 ഡിഗ്രിക്കടുത്താണ് ഉഷ്ണം. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴക്കെടുതികള്‍ തുടരുകയാണ്. പ്രാഥമിക കണക്കുകള്‍ പ്രകാരം ആയിരത്തില്‍ പരം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്.