2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊച്ചി നഗരസഭ: നികുതി പിരിക്കുന്നതില്‍ അനാസ്ഥ കാണിക്കുന്നതായി പ്രതിപക്ഷം

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കൊച്ചി കോര്‍പ്പറേഷന്‍ നികുതി പിരിക്കുന്നതില്‍ കടുത്ത അനാസ്ഥ കാണിക്കുന്നതായി പ്രതിപക്ഷ ആരോപണം. കോര്‍പറേഷന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് പാട്ടത്തിന് നല്‍കിയ ഭൂമിയിലുള്ള കെട്ടിടങ്ങളുടെ നികുതി കഴിഞ്ഞ 15 വര്‍ഷമായി പുതുക്കി നിശ്ചയിച്ചിട്ടില്ല. ഒന്‍പതുകോടി രൂപയാണ് ഈ ഇനത്തില്‍ കോര്‍പറേഷന് നഷ്ടമാകുന്നത്.
1973ലാണ് കൊച്ചി കോര്‍പറേഷനും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും കരാറില്‍ ഏര്‍പ്പെടുന്നത്. വസ്തു നികുതി കണക്കാക്കിയതിന്റെ 25 ശതമാനം മാത്രം ഈടാക്കിയാല്‍ മതിയെന്നായിരുന്നു കരാറിലെ വ്യവസ്ഥ. കോര്‍പറേഷനില്‍ നിന്ന് ലഭിച്ച കണക്ക് പ്രകാരം 93 വരെ ഈ രീതിയാണ് തുടര്‍ന്നു പോയിരുന്നതെന്ന് വിഷയം അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു. 2000ല്‍ വീണ്ടു കരാര്‍ പുതുക്കിയപ്പോള്‍ ഓരോ അഞ്ചു വര്‍ഷത്തിലും 15 ശതമാനം വര്‍ധന വരുത്താമെന്ന് എഴുതി ചേര്‍ത്തിരുന്നു. വര്‍ധിപ്പിച്ച തുക പ്രകാരം 98 മുതല്‍ 9,27,947രുപയാണ് പ്രതിവര്‍ഷം പോര്‍ട്ട് ട്രസ്റ്റ് നികുതി ഇനത്തില്‍ കോര്‍പറേഷന്‍നല്‍കുന്നത്. വെല്ലിങ്ടണ്‍ ഐലന്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സ്വന്തമായും നേരിട്ടുമാണ് നടത്തുന്നത്. അതിനാല്‍ നഗരസഭ കെട്ടിടങ്ങള്‍ക്ക് നികുതിയുടെ 70 ഇളവ് പോര്‍ട്ട് ട്രസ്റ്റിന് നല്‍കണമെന്ന് നിബന്ധനയില്‍ പറയുന്നുണ്ട്.
പോര്‍ട്ട് ട്രസ്റ്റ് വക കെട്ടിടങ്ങളില്‍ ചിലവ പൊളിച്ച് കളഞ്ഞിട്ടുണ്ട്. ഒരു ജോയിന്റ് ഇന്‍സ്‌പെക്ഷനിലൂടെ ഇവ കണ്ടെത്തി നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പോര്‍ട്ട് ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഇന്‍സ്‌പെക്ഷന്‍ നടത്താത്തതിനാല്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോള്‍ വരുത്തേണ്ട 15 ശതമാനം വര്‍ധനവ് അനുവദിക്കാന്‍ പോര്‍ട്ട് ട്രസ്റ്റ് തയ്യാറായിട്ടില്ല. 98 ന് ശേഷം. 2003, 2008, 2013, 2018 എന്നീ വര്‍ഷങ്ങളിലാണ് ഈ വര്‍ധനവ് നടപ്പില്‍ വരുത്തേണ്ടിയിരുന്നത്. മാത്രമല്ല 89ന് ശേഷം പോര്‍ട്ട് ട്രസ്റ്റ് പുതുതായി പണിഞ്ഞ കെട്ടിടങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതായും രേഖകള്‍ ഇല്ല. ഇത്തരത്തില്‍ കണക്കാക്കിയാല്‍ ഒന്‍പതുകോടി രൂപയാണ് കൊച്ചിന്‍ കോര്‍പ്പറേഷന്‍ അനാസ്ഥമൂലം വരുത്തിവെച്ചിരിക്കുന്നത്. ആരോപണങ്ങള്‍ വ്യക്തമായി പഠിച്ച് അടുത്ത കൗണ്‍സിലില്‍ മറുപടി പറയാമെന്ന് മേയര്‍ പറഞ്ഞു.

കരാറുകാരുടെ സമരം ഒത്തുതീര്‍പ്പായി

കൊച്ചി: കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോര്‍പറേഷനിലെ കരാറുകാറുകാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ള 88 കോടി രൂപയില്‍ 12 കോടി രൂപ മെയ് ആറിന് മുന്‍പ് നല്‍കാമെന്ന് മേയര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 27 മാസമായി കരാറുകാര്‍ക്ക് കോര്‍പറേഷന്‍ പണം നല്‍കാറുണ്ടായിരുന്നില്ല. ഇതെ തുടര്‍ന്ന് 15 ദിവസമായി അവര്‍ പണിമുടക്കിലായിരുന്നു. അത്യാവശ്യ പണികള്‍ ഒഴിച്ചുള്ളവ നിര്‍ത്തിവച്ചാണ് സമരം നടത്തിയത്. സമര നേതാക്കളുമായി മേയര്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇതില്‍ 12 കോടി രൂപ നല്‍കാന്‍ തീരുമാനമായത്.
കരാറുകാരുടെ പണിമുടക്ക് തുടര്‍ന്നാല്‍ മഴക്കാല പൂര്‍വ ശുചീകരണം അടക്കമുള്ള പണികള്‍ അവതാളത്തിലാകുമെന്നും നഗരം വെള്ളക്കെട്ടിലാകുമെന്നും പ്രതിപക്ഷം കൗണ്‍സിലില്‍ ആശങ്ക ഉന്നയിച്ചിരുന്നു. മേയറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം ഹാരിസ്, കരാറുകാരുടെ സംയുക്ത സമര സമിതി നേതാക്കളായ എം.ജെ സൈമണ്‍, എം.ആര്‍ ബിനു, വി.എസ് ഹെന്‍ട്രി, കുമ്പളം രവി, കെ.ഐ മുസ, വേണു കറുകപ്പള്ളി. ചെല്ലാനം യേശുദാസ്, കെ.എസ് ശ്രീകുമാര്‍, ജുനൈദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജാഗ്രതാ സമിതികള്‍  കാര്യക്ഷമമാക്കും: മേയര്‍

കൊച്ചി: ഇന്നത്തെ സാമൂഹ്യാവസ്ഥ പരിഗണിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി അടക്കമുള്ള ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു. തമ്മനം പുല്ലേപ്പടി റോഡ് വികസനം ത്വരിതഗതിയിലാക്കാന്‍ പി.ഡബ്ല്യു.ഡിക്ക് കത്ത് അയയ്ക്കാനും നഗരത്തില്‍ വച്ചിരിക്കുന്ന അനധികൃത സിനിമാ പരസ്യങ്ങള്‍ അടക്കമുള്ളവ കീറി കളയാനും കൗണ്‍സിലില്‍ തീരുമാനം. കുട്ടികളും സ്ത്രീകളും വൃദ്ധരും പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി അടക്കമുള്ള ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നത്. കൗണ്‍സിലര്‍ എലിസബത്ത് ഇടിക്കുളയാണ് ഇത് സംബന്ധിച്ച ആശങ്ക കൗണ്‍സിലിനെ അറിയിച്ചത്. കോര്‍പറേഷന്റെ കീഴില്‍ ഇത്തരം സമിതികള്‍ പ്രവര്‍ത്തിക്കണമെന്ന് ചട്ടമുണ്ടെങ്കിലും ഇതുവരെ ഇത്തരത്തില്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് എലിസബത്ത് ഇടിക്കുള പറഞ്ഞു. മെയ് 15നകം അനധികത ഹോഡിങ് സംബന്ധിച്ച കണക്ക് കൗണ്‍സിലില്‍ അവതരിപ്പിക്കാനും തീരുമാനമായി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

റോ റോ സര്‍വിസിന്റെ യാത്രാ ടിക്കറ്റുകളില്‍ സീല്‍ പതിപ്പിക്കാന്‍ ധാരണ

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ അഭിമാന പദ്ധതിയായ ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ റോ റോ സര്‍വീസിന്റെ യാത്രാ ടിക്കറ്റുകളില്‍ കോര്‍പറേഷന്റെ സീല്‍ പതിപ്പിക്കാന്‍ ധാരണ. ടിക്കറ്റ് വരുമാനത്തിലെ യഥാര്‍ഥ കണക്കു പരിശോധിച്ച് ബോധ്യപ്പെടാനുള്ള സംവിധാനമില്ലാത്തതിനാലാണു പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ടിക്കറ്റുകളില്‍ സീല്‍ പതിപ്പിച്ച് വിതരണം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായത്. എത്ര ടിക്കറ്റുകള്‍ നല്‍കി, ടിക്കറ്റ് മുഖാന്തിരം കിട്ടിയ വരുമാനം തുടങ്ങിയ കാര്യങ്ങളില്‍ നഗരസഭയ്ക്കു കണക്കില്ല. കരാറുകാര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസിക്കുകയെ മാര്‍ഗമുള്ളു. തെറ്റായ കണക്കുകള്‍ നല്‍കി നഗരസഭയ്ക്കു ലഭിക്കേണ്ട ലാഭ വിഹിതം കുറയ്ക്കുന്ന ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം പലവട്ടം കൗണ്‍സിലില്‍ ഉന്നയിച്ചിരുന്നു. ഇന്നലെയും ഇത്തരമൊരു ആക്ഷേപം ഉണ്ടായ സാഹചര്യത്തിലാണു ടിക്കറ്റ് വില്‍പ്പനയില്‍ നഗരസഭ നേരിട്ട് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്.
കരാറുകാരായ കേരള സ്‌റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി നഗരസഭ അന്തിമ കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തും. ഒപ്പം രണ്ട് റോ റോ വെസലുകളും ഒരേ സമയം സര്‍വീസ് നടത്തണമെന്നതുള്‍പ്പടെ ചില നിര്‍ദേശങ്ങളും പ്രതിപക്ഷം മുന്നോട്ട് വച്ചു. ഇതൊക്കെ ഉള്‍പ്പെടുത്തിയ അന്തിമ കരാറിന്റെ കരട് ഡ്രാഫ്റ്റിന് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ അംഗീകാരം നല്‍കി. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ 48 ലക്ഷം രൂപയുടെ ലാഭം ഉണ്ടായതായാണ് കെ.എസ്.ഐ.എന്‍.സി നഗരസഭയ്ക്കു നല്‍കിയ വരുമാന റിപ്പോര്‍ട്ടിലുള്ളത്. പക്ഷെ ലാഭവിഹിതമായി ഒരു രൂപപോലും നഗരസഭയ്ക്കു നല്‍കിയിട്ടില്ല. ബോട്ട് സര്‍വീസിലെ നഷ്ടം റോ റോയുടെ ലാഭത്തില്‍ നിന്നും നികത്തുകയായിരുന്നെന്നും അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജുകൂടി കുറച്ചാല്‍ ലാഭത്തുകയില്‍ ബാക്കിയുണ്ടാകില്ലെന്നുമുള്ള വിശദീകരണമാണ് കെ.എസ്.ഐ.എന്‍.സി നല്‍കിയത്.
ലൈസന്‍സ് പുതുക്കല്‍, ഇന്‍ഷുറന്‍സ് പുതുക്കല്‍, സിസിടിവി സ്ഥാപിക്കല്‍, സേതുസാഗര്‍ 2 ഡ്രൈഡോക്ക് റിപ്പയര്‍, വെസല്‍ രജിസ്‌ട്രേഷന്‍ ചാര്‍ജ്, ഡീസല്‍ വില എന്നിവയ്ക്കായി 39.56 ലക്ഷം രൂപ ചെലവായെന്നും ലാഭ തുകയിലെ ബാക്കി ബോട്ട് സര്‍വീസിലുണ്ടായ നഷ്ടം നികത്താനായി വകയിരുത്തിയെന്നും കെ.എസ്.ഐ.എന്‍.സി വിശദീകരിച്ചു. ഇക്കാര്യങ്ങളാണ് പ്രതിപക്ഷം കൗണ്‍സിലില്‍ ആക്ഷേപമായി ഉന്നയിച്ചത്. കരാര്‍ ഒപ്പുവയ്ക്കാതെ തുടക്കത്തില്‍ ഉണ്ടാക്കിയ ധാരണാപത്ര പ്രകാരം മുന്നോട്ട് പോയാല്‍ ഇത്തരം പിശകുകള്‍ ആവര്‍ത്തിക്കപ്പെടുമെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.