സ്വന്തം ലേഖകൻ
തിരുവനന്തപുരം • കേസ് ഒതുക്കിത്തീർക്കാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ 30 ലക്ഷം വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി. ഇത് താൻ വേണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തക വിളിച്ച് ഭീഷണിപ്പെടുത്തി. പെരുമ്പാവൂർ മാറമ്പളളി സ്വദേശിയും മുൻ വാർഡ് മെമ്പറുമായ സ്ത്രീയാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിക്കാരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എൽദോസ് കടുത്ത മദ്യപാനിയാണ്. മദ്യപിച്ച് തന്നെ മർദിക്കുന്നത് പതിവായിരുന്നു. മറ്റ് ഗതിയില്ലാതെയാണ് പരാതി നൽകിയത്. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസിലെ പല നേതാക്കളുടേയും അറിവോടെയാണെന്ന് സംശയിക്കുന്നു. കോൺഗ്രസിലെ എം.എൽ.എമാരോ പ്രമുഖ നേതക്കളോ തന്നെ വിളിച്ചിട്ടില്ല. ലൈംഗിക പീഡന പരാതിയുണ്ടോയെന്ന കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു.
എൽദോസുമായി 10 വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിതാ സെല്ലിലായിരുന്നു. പിന്നീട് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർക്കും പരാതി നൽകി.
കോവളം പൊലിസ് സ്റ്റേഷനിലേക്ക് സെപ്തംബർ ഒന്നിന് വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്.എച്ച്.ഒ തയാറായില്ല. എം.എൽ.എയെ കിട്ടുന്നില്ലെന്നാണ് പറഞ്ഞത്. 14ാം തീയതിയാണ് കോവളത്ത് വെച്ച് തന്നെ ഉപദ്രവിച്ചത്. നാട്ടുകാരും പൊലിസും എത്തിയപ്പോൾ ഭാര്യയാണെന്ന് പറഞ്ഞ് എം.എൽ.എ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വീട്ടിൽ വന്ന് മർദിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. മർദിക്കുമ്പോൾ എം.എൽ.എയുടെ പി.എയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. പരുക്കേറ്റപ്പോൾ എം.എൽ.എ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പരാതി നൽകിയിട്ടും നീതി കിട്ടിയില്ല. ഇനിയും ഉപദ്രവിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും നിരപരാധിയാണെന്ന് എൽദോസ് തെളിയിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു.
Comments are closed for this post.