
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിനു പുതിയ ഓഹരി ഉടമകള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനു പുറമേ തെന്നിന്ത്യന്‍ ചലച്ചിത്രതാരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, ചലച്ചിത്ര നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായിയും സീരിയല്‍ നിര്‍മാതാവുമായ നിമ്മഗഡ്ഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥരായ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എണ്‍പത് ശതമാനത്തോളം ഓഹരി സ്വന്തമാക്കി സഹഉടമകളായിരിക്കുന്നത്.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സച്ചിനാണ് പുതിയ ഓഹരി ഉടമകളെ പരിചയപ്പെടുത്തിയത്.
ചടങ്ങിനു മുന്‍പായി സച്ചിന് ഉള്‍പ്പടെയുള്ളവര്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈവര്‍ഷം ഒക്ടോബറിലാണ് ഐ.എസ്.എല്ലിന്റെ കിക്ക്ഓഫ്.