തിരുവനന്തപുരം •കേരള ബാങ്ക് മിനിസ്റ്റേഴ്‌സ് ട്രോഫിക്ക് കോഴിക്കോട് ജില്ല അർഹരായി. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ക്യാംപയിന്റെ ഭാഗമായാണ് റീജിണൽ ഓഫിസ്, മികച്ച ക്രെഡിറ്റ് പ്രൊസസിങ് സെന്റർ എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം ലഭിച്ചത്. മൂന്നു ലക്ഷം രൂപയും മിനിസ്റ്റേഴ്‌സ് ട്രോഫിയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ബാങ്കും, വയനാട് ജില്ലയിലെ കേണിച്ചിറ ബാങ്കും പങ്കുവയ്ക്കും. രണ്ടു ലക്ഷം രൂപയും മിനിസ്റ്റേഴ്‌സ് ട്രോഫിയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
എട്ടു മേഖലകളിലെ പ്രവർത്തന മികവ് കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.പ്രാഥമിക കാർഷിക വായ്പ സംഘത്തിനുള്ള പ്രത്യേക സംസ്ഥാന അവാർഡിന് കണ്ണൂർ കതിരൂർ സഹകരണ ബാങ്ക്, കോഴിക്കോട് കൊടിയത്തൂർ സഹകരണ ബാങ്ക്, തൃശൂർ പാപ്പനിവട്ടം സഹകരണ ബാങ്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അർബൻ ബാങ്കുകൾക്കുള്ള സംസ്ഥാന അവാർഡിന് യഥാക്രമം ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് ഒന്നാം സ്ഥാനവും സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക് രണ്ടാം സ്ഥാനവും കൊല്ലം ദി കോസ്റ്റർ അർബൻ ബാങ്ക് മൂന്നാം സ്ഥാനവും നേടി. പുരസ്‌കാരം നാളെ വൈകീട്ട് കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
വാർത്തസമ്മേളനത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ഭരണസമിതി അംഗങ്ങളായ പി.ഗഗാറിൻ, അഡ്വ.എസ് ഷാജഹാൻ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ പങ്കെടുത്തു.
Comments are closed for this post.