
തിരുവനന്തപുരം: കേരളത്തെ മഴ ചതിച്ചു. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങം പകുതിയായിട്ടും മഴ കനിഞ്ഞില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മഴ കുറയുന്നത്. സാധാരണ ലഭിക്കേണ്ട മഴയില്‍ 30 ശതമാനത്തില്‍ താഴെ മഴയാണ് ലഭിച്ചിരിക്കുന്നത്. കാലവര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞു. ഇനി ഇത്രയും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന് പ്രതീക്ഷയേ ഇല്ല.
കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ കാലത്ത് 2,783.8 മില്ലി മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 28 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്താകെ ലഭിച്ച മഴയുടെ അളവ് 1,216 മില്ലീ മീറ്ററാണ്. 1,727.5 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. വയനാട് ജില്ലയില്‍ ഈ വര്‍ഷം 60 ശതമാനം മഴക്കുറവുണ്ടായി.
കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്താണ്. 542.2 മില്ലീ മീറ്റര്‍. കൂടുതല്‍ കാസര്‍കോടും. 2,052.6 മില്ലീ മീറ്റര്‍. ഇവിടെ 22 ശതമാനം കുറവുണ്ട്. വയനാട് കഴിഞ്ഞാല്‍ തൃശൂരാണ് കുറവുണ്ടായത്. 39 ശതമാനത്തിന്റെ കുറവാണ് തൃശൂരില്‍ രേഖപ്പെടുത്തിയത്. 1981, 2007, 2013 വര്‍ഷങ്ങളില്‍ മാത്രമേ സംസ്ഥാനത്ത് അധിവര്‍ഷം ലഭിച്ചിട്ടുള്ളു. ഈ വര്‍ഷവും മഴ കുറഞ്ഞതിനാല്‍ തുടര്‍ച്ചയായ രണ്ട് മഴക്കമ്മി വര്‍ഷങ്ങളിലൂടെയാകും കേരളം കടന്നുപോകേണ്ടിവരിക. സംസ്ഥാനത്തിന്റെ ജലലഭ്യതയെ ഇത് ബാധിച്ചേക്കാം. 1,925 മില്ലി മീറ്റര്‍ മഴയാണ് മണ്‍സൂണ്‍കാലത്ത് ശരാശരി ലഭിക്കേണ്ടത്. 2015ല്‍ 29 ശതമാനവും 2014ല്‍ 19 ശതമാനവും മഴ കുറഞ്ഞിരുന്നു. കാലവര്‍ഷത്തിലെ മഴലഭ്യതയുടെ കുറവ് ജലവൈദ്യുതി ഉല്പാദനത്തെയും ജലസേചനാവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.