ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും അവശേഷിക്കുന്ന തുരുത്താണ് ഇന്ന് ഇടതു മുന്നണിയെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റെ പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്.
കൊവിഡ് ആയാലും നിപാ വൈറസ് ആയാലും പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യ സംഘടന വരെ അംഗീകരിച്ചതാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഇതു പ്രതിഫലിക്കും.
? തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ എങ്ങനെയായിരുന്നു
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജില്ലാ കമ്മിറ്റികളും വാര്‍ഡ് കമ്മിറ്റികളും ചേര്‍ന്ന് പ്രവര്‍ത്തകരില്‍ കൃത്യമായി അവബോധമുണ്ടാക്കി. ഇതു താഴെ തട്ടിലെ അണികളിലേക്കും കൈമാറിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഐ.എന്‍.എല്‍ പ്രചാരണത്തിനിറങ്ങിയത്.
? പാര്‍ട്ടി എത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്
കേരളത്തില്‍ ഇടതു മുന്നണിയുടെ സഹയാത്രികരാണ് എന്നും ഐ.എന്‍.എല്‍. ഇടതു മുന്നണിയുടെ ഘടക കക്ഷിയായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. അതിനാല്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ല, ഇടതു പക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരോ സ്ഥാനാര്‍ഥികളുടേയും വിജയമാണ് ഞങ്ങളുടെ ലക്ഷ്യം. പാര്‍ട്ടി മാത്രം മുന്നൂറിലേ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്.
? എന്ത് സ്വാധീനമാണ്
ഐ.എന്‍.എല്ലിന്
ചെലുത്താന്‍ കഴിയുക
കേരളത്തിലെ ജനങ്ങളുടെ മനസ് ഇടതു പക്ഷത്താണെന്ന് കൃത്യമായ ബോധ്യം ഐ.എന്‍.എല്ലിനുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗമാണുണ്ടാവുകയെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിച്ചപ്പോഴും വര്‍ഗീയ തേര്‍വാഴ്ചക്ക് കേരളത്തെ വിട്ടു നല്‍കാതെ കാത്തു സൂക്ഷിച്ചത് ഇടതു പക്ഷമാണ്. ഇത് കൃത്യമായി തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
? ഇടത് സര്‍ക്കാരിനെതിരേയുള്ള വ്യാപക
ആരോപണങ്ങളെ കുറിച്ച്
2018, 2019 കാലത്തെ പ്രളയം, നിപാ വൈറസ്, കൊവിഡ് തുടങ്ങി വല്ലാത്ത പ്രതിസന്ധിയുണ്ടായ കാലഘട്ടത്തിലാണ് ഇടതു ഭരണം. സാമ്പത്തിക പ്രതിസന്ധി ലോകത്ത് മിക്കയിടത്തും പ്രതിഫലിച്ചപ്പോള്‍ കേരളത്തില്‍ പ്രതിസന്ധിയില്ലാതെ കാത്തത് ഇടത് സര്‍ക്കാരിന്റെ അവസരോചിത ഇടപെടലുകളാണ്.
ഇതു ബോധ്യമായ ജനതയ്ക്ക് മുന്‍പില്‍ പ്രതിപക്ഷം മലക്കം മറിയുകയാണ്. വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതിന് പകരം രാഷ്ട്രീയമായി സര്‍ക്കാരിനെ നേരിടുന്നത് കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്നതിന് തുല്യമാണ്.
കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന ചോദ്യം ചെയ്യാന്‍ ഇവിടെ പ്രതിപക്ഷത്തിനാവുന്നില്ല. എന്നാല്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നു.
?വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും തമ്മിലുളള ധാരണ
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള കൂട്ടുകെട്ട് യു.ഡി.എഫിന് ആത്മഹത്യാപരമാണ്. ഇത് തീര്‍ത്തും അവസരവാദപരവും അവിഹിതവുമാണ്. ഒരു സമൂഹവും അത് അംഗീകരിക്കില്ല.
ഈ കൂട്ടുകെട്ട് യാഥാര്‍ഥ്യമായാലും മുസ്‌ലിം ലീഗ് രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ട. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഉണ്ടാക്കി എടുക്കാന്‍ കഴിയാത്ത ഗ്രൗണ്ട് സപ്പോര്‍ട്ട് യു.ഡി എഫ് ഉണ്ടാക്കി നല്‍കുന്നത് എന്തിനാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്നു വിലപേശും. പൊതു സ്വതന്ത്രരെ യു.ഡി.എഫിന്റെ ചെലവില്‍ നിര്‍ത്തി രാഷ്ട്രീയ മൈലേജ് ഉണ്ടാക്കുകയാണ് വെല്‍ഫെയറിന്റെ ലക്ഷ്യം. കേരളത്തില്‍ ഇത് യു.ഡി.എഫിന് നഷ്ടക്കച്ചവടമാണ്.
? ഐ.എന്‍.എലിന്റെ
മുഖ്യശത്രു ഇപ്പോഴും
മുസ്‌ലിം ലീഗാണോ
സമൂഹത്തിലെ പൊതുശത്രുക്കളെന്ന് പറയുന്ന വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളാണ് ഐ.എന്‍.എല്ലിന്റെയും പൊതുശത്രു. മുസ്‌ലിം ലീഗിലെ സാമുദായിക രാഷ്ട്രീയ നിലപാടുകളെ ഐ.എന്‍.എല്‍ അംഗീകരിക്കുന്നില്ല.
ഇന്ന് മതനിരപേക്ഷ രാഷ്ട്രീയമാണ് വേണ്ടത്. അതിന് രാജ്യത്ത് എല്‍.ഡി.എഫിന് മാത്രമെ കഴിയുകയുളളു. മുസ്‌ലിം ലീഗിന് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ല. ബാബരി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ക്ക് മുഴുവന്‍ ശക്തി പകരാനാണ് ലീഗ് ശ്രമിച്ചത്.
ഖമറുദ്ദീന്‍, ഇബ്രാഹീം കുഞ്ഞ് വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് കണ്ടാല്‍ ഈ ഇച്ഛാശക്തിയില്ലായ്മ ബോധ്യമാകും. മുസ്‌ലിം ലീഗ് റിബല്‍ സ്ഥാനാര്‍ഥികള്‍ക്ക് ഔദ്യോഗിക പദവി നല്‍കുന്ന കാഴ്ചയാണുള്ളത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.