2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

കേരളം മൃതാവസ്ഥയില്‍


കള്ളപ്പണവേട്ടയുടെ പേരില്‍ പൊതുജീവിതത്തിന് നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി മേനി നടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ക്രൂരതയ്ക്കു പുറമെ റേഷന്‍ കടകളും ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങിയിരിക്കുന്നു. ഒരുഭാഗത്ത് പണമില്ലായ്മ, മറുഭാഗത്ത് ഭക്ഷ്യഭദ്രതാ പദ്ധതി നടപ്പാക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റെ പരാജയം. കേരളീയര്‍ ചെകുത്താനും കടലിനുമിടയില്‍ പെട്ടതുപോലെ പരിഭ്രാന്തരായിരിക്കുന്നു. റേഷന്‍ വിതരണം സംസ്ഥാനത്ത് പൂര്‍ണമായും നിലച്ച മട്ടാണ്. കൈയില്‍ കരുതിയ ചില്ലറയുമായി റേഷന്‍ കടകളില്‍ ചെന്നാല്‍ അടഞ്ഞ വാതിലുകള്‍ കണ്ട് നിരാശയോടെ മടങ്ങുകയാണ് സാധാരണ ജനങ്ങള്‍. റേഷനരിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പരശ്ശതം മനുഷ്യരാണ് ഇങ്ങനെ പട്ടിണികൊണ്ട് പരീക്ഷിക്കപ്പെടുന്നത്.
മാര്‍ക്കറ്റില്‍ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും തീവിലയാണിന്ന്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുമില്ല. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് സര്‍ക്കാര്‍ നേരിട്ടാണ് എഫ്‌സിഐയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ പണമടച്ച് എടുക്കേണ്ടത്. സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ ചുമതല. നേരത്തേ മൊത്തവ്യാപാരികളായിരുന്നു എഫ്‌സിഐയില്‍നിന്ന് ഭക്ഷ്യവസ്തുക്കളെടുത്ത് റേഷന്‍ കടകളില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഭക്ഷ്യഭദ്രതാ നിയമം നടപ്പായതിനാല്‍ മൊത്ത വിതരണക്കാരെ ഒഴിവാക്കിയ സപ്ലൈ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് അരിയെടുക്കണമെന്ന് എഫ്‌സിഐ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇതിനുവേണ്ടി സര്‍ക്കാര്‍ എഫ്‌സിഐയില്‍ പണമടച്ചത്. തുടര്‍ന്ന് എഫ്‌സിഐ റേഷന്‍ അരി നല്‍കിത്തുടങ്ങിയെങ്കിലും ഇത് എടുക്കാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതുവരെ റേഷന്‍കടകളില്‍ അരിയെത്തി തുടങ്ങിയിട്ടുമില്ല.
മുന്നൊരുക്കമില്ലാതെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടിനോട് ഉപമിക്കാവുന്നതാണ് റേഷനരി കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന അനാസ്ഥ. എഫ്‌സിഐയില്‍ നിന്നും ഇതുവരെ അരി നീക്കം ഉണ്ടാകാത്തതിന്റെ കാരണം സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള അലംഭാവം തന്നെയാണ്. നേരത്തേ കയറ്റിറക്ക് കൂലിക്ക് പുറമെ എഫ്‌സിഐ ഗോഡൗണ്‍ തൊഴിലാളികള്‍ക്ക് മൊത്തവ്യാപാരികള്‍ പ്രത്യേകമായി പണം നല്‍കിയിരുന്നു.
ഇത് ചാക്കുകള്‍ അട്ടിവയ്ക്കുന്നതിനായിരുന്നു. ലോഡ് ഒന്നിന് എഴുനൂറ് രൂപമുതല്‍ ആയിരത്തി അറുനൂറു രൂപയായിരുന്നു അട്ടിക്കൂലിയായി നല്‍കിയിരുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള കൂലി നല്‍കി ഗോഡൗണുകളില്‍ നിന്നും അരിയെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ തൊഴിലാളികള്‍ കയറ്റിറക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെ റേഷന്‍കടയിലേക്കുള്ള അരിവിതരണം നിലച്ചു. ഇതുസംബന്ധിച്ച് നേരത്തേ തന്നെ സര്‍ക്കാര്‍ തൊഴിലാളികളുമായി സംസാരിച്ച് തീരുമാനത്തിലെത്തിയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാമായിരുന്നു. പണമില്ലാതെ വലയുന്ന സാധാരണ ജനങ്ങള്‍ ചില്ലറ കൊടുത്താല്‍ കിട്ടുന്ന റേഷനരിയും കിട്ടാതെ യാതന അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇങ്ങനെ പോയാല്‍ ഈ മാസത്തെ അരി നവംബര്‍ മുപ്പതിനകം കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുക്കിയിരുന്ന മൊത്തവിതരണക്കാര്‍ എഫ്‌സിഐയിലെ തൊഴിലാളികള്‍ക്ക് നല്‍കിയ കൂലി നിയമവിരുദ്ധമാണെന്നും ഇത് തുടരാന്‍ കഴിയില്ലെന്നു പറയുന്ന സര്‍ക്കാര്‍ ഇത് നേരത്തേ തന്നെ തൊഴിലാളികളെ ബോധ്യപ്പെടുത്തേണ്ടതുമായിരുന്നു. വെള്ളം അടുപ്പിനു മുകളില്‍വച്ചതിന് ശേഷം അത്താഴത്തിന് അരിയില്ലെന്ന് പറയുന്ന ക്രൂരതയായിപ്പോയി ഇത്. മുന്‍ഗണനാ ലിസ്റ്റുകളിലെ അപാകതകള്‍ പരിഹരിക്കപ്പെടാതെ, ആര്‍ക്കൊക്കെ റേഷനരി ലഭിക്കുമെന്ന് ഒരു തിട്ടവുമില്ലാതെ ഇരിക്കുമ്പോഴാണ് കൂനിനുമേല്‍ കുരുവെന്നവണ്ണം റേഷന്‍ കടകള്‍ അടഞ്ഞുകിടക്കുന്നത്. ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഈ മാസം മുതല്‍ ലഭ്യമാകുമെന്ന് മന്ത്രി പി. തിലോത്തമന്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ പ്രഖ്യാപിച്ചിരുന്നു.
ഈ മാസം തീരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ. എഫ്‌സിഐ ഗോഡൗണുകളിലെ സ്തംഭനാവസ്ഥയ്ക്ക് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തി റേഷന്‍ കടകളില്‍ അരി എത്തിക്കേണ്ടിയിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.