2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ സാമ്പത്തിക മാന്ദ്യം


രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പൊയ്‌കൊണ്ടിരിക്കുന്നതെന്ന വാര്‍ത്ത നടുക്കമുളവാക്കുന്നതാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികവളര്‍ച്ച. മോദി മാജിക്ക് വെറുമൊരു പ്രചാരണം മാത്രമായിരുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ അവസ്ഥ വിരല്‍ ചൂണ്ടുന്നത്. ഉയര്‍ന്ന മൂല്യങ്ങളുണ്ടായിരുന്ന നോട്ട് നിരോധിക്കലും ധൃതിപിടിച്ചുള്ള ചരക്കുസേവന നികുതി(ജി.എസ്.ടി) നടപ്പാക്കലുമാണ് രാജ്യത്തെ സാമ്പത്തികപ്രതിസന്ധിയിലെത്തിച്ചത്. നോട്ട് നിരോധനം രാജ്യത്ത് ഉണ്ടാക്കിയ സാമ്പത്തികാഘാതത്തിന് പിറകെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനവും (ജി.ഡി.പി) വ്യാവസായികോത്പാദനവും താഴേക്ക് പതിച്ചതാണ് രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തിരിക്കുന്നത്. നോട്ട് നിരോധനത്തിന്റെയും ധൃതിപിടിച്ചുള്ള ജി.എസ്.ടി നടപ്പാക്കലിനെയും എതിര്‍ത്തുകൊണ്ട് മുന്‍ പ്രധാനമന്ത്രിയും ലോകം അറിയുന്ന സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം മോദി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. അതിന്റെ അനന്തരഫലമാണിപ്പോള്‍ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം നോട്ട് നിരോധിക്കുന്നതിലൂടെ രണ്ട് ശതമാനമായി കുറയുമെന്നും ഓരോ ദിവസവും ഓരോ പുതിയ നിയമങ്ങളുമായി ബാങ്കുകള്‍ രംഗത്തുവരുന്നത് ബാങ്കിങ് സംവിധാനത്തിന് ഗുണകരമാവില്ലെന്നും ക്രയവിക്രയത്തെ അത് സാരമായി ബാധിക്കുമെന്നും കാര്യകാരണസഹിതം മന്‍മോഹന്‍ സിങ് വിവരിച്ചത് ഭരണാധികാരികളുടെ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതിന് പുറമെ ഓരോ ദിവസം കഴിയുന്തോറും തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്നതും കര്‍ഷകര്‍ക്കിടയിലെ പരിഹരിക്കപ്പെടാത്ത സാമ്പത്തിക പ്രശ്‌നങ്ങളും ചരക്കുസേവന നികുതി നടപ്പാക്കിയതിലെ പാളിച്ചകളും എല്ലാം കൂടിച്ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികാടിത്തറയെയാണ് തകര്‍ത്തുകൊണ്ടിരുന്നത്. പെട്രോളിനും ഡീസലിനും ക്രമാതീതമായി വില വര്‍ധിപ്പിച്ചു സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ നടത്താമെന്ന കണക്ക് കൂട്ടലുകളും പിഴച്ചുകൊണ്ടിരിക്കുന്നു. ഇന്ധന വിലയിലെ വര്‍ധനവു കാരണം വിലക്കയറ്റം രൂക്ഷമായതോടെ വിപണിയിലെ ക്രയവിക്രയം മന്ദീഭവിച്ചിരിക്കുകയാണ്. 2008ല്‍ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തില്‍ അമര്‍ന്നപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് മന്‍മോഹന്‍ സര്‍ക്കാരിന്റെ ആസൂത്രണ വൈഭവത്താലായിരുന്നു.
രാജ്യത്ത് ഇപ്പോഴുള്ള സാമ്പത്തികമാന്ദ്യം താല്‍ക്കാലികമാണെന്നും സാങ്കേതികമാണെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറയുന്നു. എന്നാല്‍, യാഥാര്‍ഥ്യം അതല്ലെന്നാണ് എസ്.ബി.ഐ റിസര്‍ച്ച് വിഭാഗം പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. നോട്ട് നിരോധനവും ചരക്കുസേവന നികുതി നടപ്പാക്കിയതും വളര്‍ച്ചയെ പിന്നോട്ടടിപ്പിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ വാദത്തെയും എസ്.ബി.ഐ ഗവേഷണ വിഭാഗം തുറന്നു കാണിക്കുന്നു.
ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും സര്‍ക്കാരിന്റെ പിടിപ്പ്‌കേട് ഈയിടെ തുറന്നുപറഞ്ഞിരുന്നു. നോട്ട് നിരോധനം തികഞ്ഞ പരാജയമായിരുന്നുവെന്നും കള്ളപ്പണം പുറത്തുകൊണ്ട്‌വരുവാന്‍ ഇതുവഴി കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ ആഴ്ചയാണ് തന്റെ പുസ്തക പ്രകാശന വേളയില്‍ അദ്ദേഹം തുറന്നടിച്ചത്. ഇന്ത്യയിലെ രണ്ട് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പി.കേട്ടി, ലുക്കാസ് ചാന്‍സല്‍ എന്നിവരും ഈ യഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയാണെന്നും ദേശീയ വരുമാനത്തിന്റെ 22 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന കോര്‍പ്പറേറ്റുകളുടെ കൈയിലാണെന്നും ഇരുവരും എഴുതിയ ഇന്ത്യ ഇന്‍കം ഇന്‍ ഇക്വലിറ്റി 1922- 2014 ഫ്രം ബ്രിട്ടീഷ് രാജ് ടു ബ്രില്യണര്‍ രാജ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്ദ്യം സാങ്കേതികം മാത്രമാണെന്നുള്ള അമിത്ഷായുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് വസ്തുതകള്‍ നിരത്തിയുള്ള ഈ റിപ്പോര്‍ട്ട്. ധനകമ്മി കൂടാതിരിക്കുവാന്‍ സര്‍ക്കാര്‍ ചെലവ് കുറക്കുക എന്ന നയം പ്രതീക്ഷിക്കുന്ന ഗുണം നല്‍കുകയില്ല. കള്ളപ്പണവും കള്ളനോട്ടടിയും ഭീകരവാദികളുടെ നോട്ടടിയും അവസാനിപ്പിക്കുവാനായിരുന്നില്ല ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തികാധപ്പതനത്തിലെത്തിച്ച നോട്ട്‌നിരോധനം കൊണ്ടുവന്നത്. രാജ്യത്ത് ബി.ജെ.പി സര്‍ക്കാരിനെതിരേ വിവിധ വിഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന അതിരൂക്ഷമായ പ്രക്ഷോഭങ്ങളെ മറികടക്കാന്‍ വേണ്ടി മാത്രമായിരുന്നു. കാര്‍ഷിക പ്രക്ഷോഭവും വിദ്യാര്‍ഥി പ്രക്ഷോഭവും ദലിത് ആദിവാസി പ്രക്ഷോഭവും സര്‍ക്കാരിന്റെ പ്രതിഛായ തന്നെ തകര്‍ത്തെറിയുവാന്‍ തുടങ്ങിയപ്പോള്‍ ജനശ്രദ്ധ മാറ്റുവാനായി കൊണ്ടുവന്ന മോദി മാജിക് ആയിരുന്നു നോട്ടുനിരോധനം. ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക ശേഷിയാണ് ഇല്ലാതായത്. ഇനി ഇത് തരണം ചെയ്യുവാന്‍ കൊണ്ടുവരുന്ന സാമ്പത്തിക നടപടികള്‍ ഇപ്പോള്‍ തന്നെ വിലക്കയറ്റം കൊണ്ട് ശ്വാസം മുട്ടുന്ന സാധാരണക്കാരന്റെ ദൈനംദിന ജീവിതം കൂടുതല്‍ ദുസ്സഹമായി മാറുമെന്നതില്‍ സംശയമില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.