2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കേന്ദ്ര സര്‍ക്കാരിന് വീണ്ടും കോടതി വിമര്‍ശനം


ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ഒരിക്കല്‍ കൂടി ജുഡീഷ്യറിയില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ തീര്‍പ്പുണ്ടാകാന്‍ ജഡ്ജിമാരെ നിയമിക്കണമെന്ന പൊതു താല്‍പര്യ ഹരജി പരിഗണിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി കഴിഞ്ഞ ദിവസം ഹാജരായ അറ്റോര്‍ണി ജനറല്‍ മുഗള്‍ രോഹ് തഗി വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. ജുഡീഷ്യറിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതാണ് ഹരജിയെന്നും ഈ വിഷയത്തില്‍ നിന്നു കോടതി പിറകോട്ടു പോകുന്ന പ്രശ്‌നമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് തീര്‍ത്തുപറഞ്ഞിരിക്കുകയാണ്.

ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ജഡ്ജിമാരുടെ ഒഴിവുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യം കാരണം നികത്തപ്പെടാതെ കിടക്കുകയാണ്. 2015 ഒക്ടോബറിലാണ് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയുമായി കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയത്. കൊളീജിയം സമ്പ്രദായത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് സുപ്രിംകോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയുമായി ഉരസുവാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് കൊളീജിയം നല്‍കുന്ന ശുപാര്‍ശകളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി തള്ളിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം നിര്‍ദേശിച്ച 77 പേരില്‍ 43 പേരുകളും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.

കോടിക്കണക്കിന് കേസുകളാണ് ഹൈക്കോടതികളിലും സുപ്രിംകോടതിയിലുമായി കെട്ടിക്കിടക്കുന്നത്. ഇത് തീര്‍പ്പാക്കുവാന്‍ ആവശ്യമായ ജഡ്ജിമാരെ നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടുകയാണ് നല്ലതെന്നുവരെ മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പ്രസ്താവന നടത്തിയിട്ടും കേന്ദ്രസര്‍ക്കാരില്‍ നിന്നും ആശാവഹമായ നീക്കങ്ങളൊന്നും ഉണ്ടായില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ജഡ്ജി നിയമനങ്ങളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നാണ് സുപ്രിംകോടതിയുടെ നിഗമനം.
കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ നിയമന കമ്മീഷനില്‍ മന്ത്രിമാരും നിയമവകുപ്പ് സെക്രട്ടറിമാരും രാഷ്ട്രീയ നേതാക്കളും അംഗങ്ങളാണ്. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ എതിര്‍കക്ഷിയായി വരുന്ന കേസുകളില്‍ സര്‍ക്കാര്‍ അനുകൂല വിധി പ്രസ്താവം നടത്തുവാന്‍ സാധ്യത ഏറെയാണെന്നും ഇത് ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് യോജിക്കുകയില്ലെന്നും കണ്ടെത്തിയായിരുന്നു സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ശുപാര്‍ശ തള്ളിക്കളഞ്ഞത്.

ഇതിനെ തുടര്‍ന്നാണ് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനായി കൊളീജിയം സമര്‍പ്പിക്കുന്ന പട്ടികകള്‍ പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ മുട്ടാപ്പോക്ക് നയം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ജഡ്ജിനിയമനങ്ങളില്‍ തീരുമാനം എടുക്കാത്ത സര്‍ക്കാര്‍ കോടതി മുറികളെ അടച്ചുപൂട്ടി നീതിനിര്‍വഹണത്തെ പുറത്ത് നിര്‍ത്തിയിരിക്കുകയാണെന്ന മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറിന്റെ പരാമര്‍ശം ഇപ്പോഴും പ്രസക്തമാണ്. നടപടിക്രമങ്ങളുടെ മാര്‍ഗരേഖയുടെ കരട് തയ്യാറാക്കുന്നതിലെ കാലതാമസം മാത്രമാണ് ജഡ്ജിമാരുടെ നിയമനം നടത്തുന്നതിനുള്ള തടസ്സമെന്ന് കഴിഞ്ഞ ദിവസം വാദിച്ച അറ്റോര്‍ണി ജനറലിന്റെ വാക്കുകള്‍ അതിനാല്‍ തന്നെ വിശ്വാസയോഗ്യമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.