2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഇന്ന്

  • പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11 മണിക്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ രണ്ടാമത്തെ മന്ത്രിസഭാ പുനഃസംഘടന ഇന്നുണ്ടാകും. പുതിയ മന്ത്രിമാര്‍ ഇന്ന് കാലത്ത് 11ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. അന്തിമലിസ്റ്റ് പുറത്തിറങ്ങിയില്ലെങ്കിലും ചുരുങ്ങിയത് ഒന്‍പത് പുതുമുഖങ്ങള്‍ മന്ത്രിസഭയിലെത്തുമെന്നാണു സൂചന.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണു മന്ത്രിസഭയിലേക്ക് പരിഗണന ലഭിക്കുക. ഇതില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അടുത്തു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എസ്.എസ്.അലുവാലിയ, വിജയ് ഗോയല്‍, പി.പി.ചൗധരി എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നു കരുതുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള ദലിത് എം.പി അജയ് താംതയാണു സാധ്യതാലിസ്റ്റിലുള്ള മറ്റൊരാള്‍. ഗുജറാത്തില്‍ നിന്നുള്ള പുരുഷോത്തം രൂപാല, മഹാരാഷ്ട്രയില്‍ നിന്നുള്ള രാംദാസ് അത്താവാല, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മഹേന്ദ്രനാഥ് പാണ്ഡെ, കൃഷ്ണരാജ്, അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുമെന്നാണു സൂചന. രാജസ്ഥാനില്‍ നിന്നുള്ള അര്‍ജുന്‍ രാം മേഘാവാള്‍, എം.ജെ.അക്ബര്‍ എന്നിരുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്.

ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം തുടങ്ങി പ്രധാനവകുപ്പുകളില്‍ ചലനമില്ലാതെയാണു മന്ത്രിസഭാ പുനഃസംഘടന നടക്കുക. ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹിബത്തുല്ലക്ക് പകരം മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ക്യാബിനറ്റ് പദവി ലഭിച്ചേക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അധികവകുപ്പുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. ഒപ്പം പീയുഷ് ഗോയല്‍, ധര്‍മേന്ദ്രപ്രധാന്‍ എന്നിവരും കാബിനറ്റ് പദവിയിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. നിഹാല്‍ ചന്ദ് മേഘാവാള്‍, രാംശങ്കര്‍ ഖത്താരിയ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കും.

കേന്ദ്ര കായികമന്ത്രിയായിരുന്ന സര്‍ബാനന്ദ സോനാവാള്‍ അസം മുഖ്യമന്ത്രിയായതിനാല്‍ ആ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഭരണഘടനാപ്രകാരം 82 അംഗങ്ങള്‍ വരെ മന്ത്രിസഭയില്‍ ആകാമെന്നിരിക്കെ നിലവില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 64 മന്ത്രിമാരാണുള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ചുരുങ്ങിയത് മൂന്നു മന്ത്രിമാരെങ്കിലും പുതുതായെത്തും. മന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പുനഃസംഘടനയില്‍ മാനദണ്ഡമാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ഏഴിന് നാലു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടത്തുന്നത്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മന്ത്രിമാരാകാന്‍ സാധ്യതയുള്ളവരും അമിത്ഷായുമായി ചര്‍ച്ച നടത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.