2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി മറ്റൊരു ‘വാട്ടര്‍ഗേറ്റ്’

 

ന്യൂഡല്‍ഹി: അമേരിക്കയിലെ വാട്ടര്‍ഗേറ്റ് വിവാദംപോലെ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പെഗാസസ് വിവാദം. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഇസ്‌റാഈല്‍ കമ്പനി ചോര്‍ത്തിയത് സര്‍ക്കാറിനുവേണ്ടി തന്നെയാണെന്നാണ് അനുമാനം.
ഇസ്‌റാഈല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് അവര്‍ വികസിപ്പിച്ച പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, ഭരണഘടനാ സ്ഥാനം വഹിക്കുന്ന വ്യക്തി, നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.
പാരിസ് ആസ്ഥാനമായുള്ള ഫോര്‍ബിഡന്‍ സ്‌റ്റോറീസ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ലാബ് എന്നിവയുടെ കണ്ടെത്തല്‍ അവരുടെ അന്വേഷണ പങ്കാളികളായ ദ ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ലെ മോന്തെ ഇന്ത്യയിലെ ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ ഉള്‍പ്പെടെ 16 മാധ്യമങ്ങളിലുടെ ഒരേ സമയം പുറത്തുവിടുകയായിരുന്നു. ചോര്‍ത്തല്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്പുതന്നെ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ വിശദമായ ചോദ്യാവലിക്കുള്ള മറുപടിയില്‍ പെഗാസസുമായുള്ള ബന്ധം സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ചോര്‍ത്തല്‍ നടത്തിയെന്ന ആരോപണം നിഷേധിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സുപ്രധാന അന്വേഷണങ്ങളിലും മാത്രമാണ് പെഗാസസിനു ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. പുറത്തുവന്ന വാര്‍ത്തകളില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന് കണ്ടെത്തലില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
ലോകമെങ്ങുമുള്ള ആയിരക്കണക്കിനു പേരുടെ ഫോണുകളാണ് ചാര സോഫ്റ്റ്‌വെയറിന്റെ വലയത്തിലുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് പരിശോധന നടത്തിയ 10 ഇന്ത്യന്‍ ഫോണുകളില്‍ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ കണ്ടെത്തി. മലയാളി മാധ്യമപ്രവര്‍ത്തകരായ ഉണ്ണിത്താന്‍, ജെ. ഗോപികൃഷ്ണന്‍ എന്നിവരുടെ നമ്പരുകളുമുണ്ട്. സുപ്രിംകോടതി ജഡ്ജിയുടെ നമ്പര്‍ പെഗാസസ് ഡാറ്റാബേസിലുണ്ടെങ്കിലും ചോര്‍ത്തല്‍ നടന്നതായി സ്ഥിരീകരിച്ചിട്ടില്ല.
1972ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ അമേരിക്കന്‍ പ്രധാനമന്ത്രിയായിരിക്കെ എതിര്‍പാര്‍ട്ടിയുടെ ഓഫിസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതാണ് വാട്ടര്‍ഗേറ്റ് വിവാദം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.