
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുക അനുവദിക്കുന്നതില്‍ കേരളത്തോട് കടുത്ത വിവേചനം കേന്ദ്ര സര്‍ക്കാര്‍ കാട്ടിയെന്നും ഇക്കാര്യത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്റെ 20ാമത് യോഗം ചൂണ്ടിക്കാട്ടി. കാലതാമസത്തിനുള്ള നഷ്ടപരിഹാരം സഹിതം കുടിശ്ശിക തുകയായ 636.6 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പദ്ധതി പ്രകാരം സംസ്ഥാനത്ത് 2016-17 സാമ്പത്തിക വര്‍ഷം തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ ലഭിക്കേണ്ട 636.6 കോടി രൂപ 2016 ഡിസംബര്‍ മാസം മുതല്‍ കുടിശ്ശികയാണ്. തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലെടുത്ത് രണ്ടാഴ്ചയ്ക്കകം വേതനം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഏപ്രില്‍ ആദ്യ വാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി തുക അനുവദിച്ച അവസരത്തില്‍ മറ്റു പല സംസ്ഥാനങ്ങള്‍ക്കും അര്‍ഹതപ്പെട്ടതില്‍ കൂടുതല്‍ തുക നല്‍കിയതായി കാണുന്നതായും പ്രമേയം കുറ്റപ്പെടുത്തി.