
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസി (കെ.എ.എസ്) ലേക്ക് ജൂണ്‍ മധ്യത്തോടെ രണ്ടാംഘട്ടപരീക്ഷ നടത്താന്‍ പി.എസ്.സി തീരുമാനിച്ചു.
ശനിയാഴ്ച പ്രിലിമിനറി പരീക്ഷ കഴിഞ്ഞാലുടന്‍ മാര്‍ച്ച് ആദ്യവാരം മൂല്യനിര്‍ണയം ആരംഭിക്കും. രണ്ടംഘട്ട പരീക്ഷ ജൂണില്‍ നടത്തിയാല്‍ മറ്റു നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് നവംബറിനു മുമ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായി എടുത്തു കാട്ടാനാണ് നവംബറില്‍ തന്നെ പൂര്‍ത്തീകരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി നടപടികള്‍ ആരംഭിച്ചത്. ഉദ്യോഗാര്‍ഥികളുടെ റാങ്ക് നിര്‍ണയിക്കുന്ന മുഖ്യപരീക്ഷ രണ്ടാംഘട്ടത്തില്‍ നടക്കുന്ന വിവരണാത്മക പരീക്ഷയാണ്. ഇതിന്റെ മൂല്യനിര്‍ണയം വേഗത്തിലാക്കാന്‍ കംപ്യൂട്ടര്‍വത്കൃത ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനം തയാറായിട്ടുണ്ട്. കെ.എ.എസിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും പരീക്ഷാസംഘാടനത്തിലും ഇന്നേവരെയില്ലാത്ത നൂതനമായ രീതികളാണ് കമ്മിഷന് അവലംബിക്കുന്നത്. സാധാരണനിലയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞ് പരീക്ഷാ തിയതി തയാറാക്കുമ്പോള്‍ മാത്രമാണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍, കെ.എ.എസിന്റെ പ്രാഥമിക പരീക്ഷയുടെ സിലബസ്, പരീക്ഷാ സമയം എന്നിവ വിജ്ഞാപനത്തോടൊപ്പം തന്നെ നല്കി. ശനിയാഴ്ച 100 മാര്‍ക്ക് വീതമുള്ള രണ്ട് പരീക്ഷകളാണ് പ്രാഥമികമായി നടക്കുന്നത്. 100 മാര്‍ക്കിന്റെ ആദ്യ പേപ്പറില്‍ ചരിത്രം, കേരളത്തിന്റെ സാംസ്കാരിക പൈതൃകം, ഇന്ത്യന്‍ ഭരണഘടന, മാനസികശേഷി, ഭൂമിശാസ്ത്രം തുടങ്ങിയവയില്നിന്നാകും ചോദ്യങ്ങള്‍. രണ്ടാംപേപ്പറില്‍ സാമ്പത്തികവും ആസൂത്രണവും, ശാസ്ത്രവും സാങ്കേതികവിദ്യയും, സമകാലിക സംഭവങ്ങള്‍, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം, മലയാളം, കന്നട, തമിഴ് ഭാഷാനൈപുണ്യം എന്നിവയില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടാകും.
പി.എസ്.സിയുടെ ചരിത്രത്തിലെ പ്രധാന പരീക്ഷയായി ഉയര്‍ത്തി കാണിക്കേണ്ട കെ.എ.എസ് പരീക്ഷയ്ക്ക് നാലുലക്ഷം പേരാണ് എഴുതുന്നത്. പരീക്ഷയുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പി.എസ്.സിയുടെ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടത്തിനുണ്ടാകും. വിദ്യാഭ്യാസ വകുപ്പിലെയും പി.എസ്.സിയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡ് ഉണ്ടാകും. നിരീക്ഷകരായും ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. പൊലിസ് സംരക്ഷണവും എല്ലാ കേന്ദ്രങ്ങളിലും ഉണ്ടാകും.