2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.എ.എസുകാരുടെ ശമ്പളം ചുവപ്പുനാടയിൽ മൂന്നു മാസമായി ശമ്പളമില്ല

   

പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ഒന്നാം പിണറായി സർക്കാരിന്റെ പ്രാധന നേട്ടങ്ങളിലൊന്നായി കൊട്ടിഘോഷിച്ച് നടപ്പാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമനം ലഭിച്ചവരുടെ ശമ്പളം ചുവപ്പുനാടയിൽ കുടുങ്ങി. ഇവർക്ക് മൂന്നു മാസമായി ശമ്പളമില്ല. ഉന്നത തസ്തികയിൽ നിയമനം ലഭിച്ച 105 പേർക്കാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടി ശമ്പളം നൽകാത്തത്. സാമ്പത്തിക വർഷം അവസാനിച്ചതിനാൽ നിയമനം ലഭിച്ചവർക്ക് ശമ്പളത്തിനായി നീക്കിവച്ച തുകയും നഷ്ടമായി. വലിയ തർങ്ങളും കടമ്പകളും കടന്നാണ് കെ.എ.എസ് സർക്കാർ യാഥാർഥ്യമാക്കിയത്. കടുപ്പമേറിയ പരീക്ഷ വിജയച്ച 105 പേർക്ക് കഴിഞ്ഞ ഡിസംബർ 23ന് നിയമനം നൽകി. നേരിട്ട് നിയമനം ലഭിച്ചവരും വിവിധ സർക്കാർ സർവീസുകളിൽ നിന്നും കെ.എ.എസിൽ എത്തിയവരും ഐ.എം.ജിയിൽ 18 മാസത്തെ പരിശീലനം തുടരുകയാണ്.
പല നൂലാമാലകൾ ചൂണ്ടാക്കാട്ടിയാണ് പൊതുഭരണവകുപ്പും ധനവകുപ്പും ഇവരുടെ ശമ്പളം തടഞ്ഞുവച്ചത്. ആദ്യം തസ്തികയുടെ തടസമെങ്കിൽ സൂപ്പർ നൂമററിയിൽ തസ്തിക സൃഷ്ടിച്ചപ്പോഴേക്കും ശമ്പള വിതരണവും പ്രശ്‌നമായി. നേരിട്ട് സർക്കാർ സർവീസിലെത്തിയവർക്ക് സ്പാർക്കിൽ രജിസ്റ്റർ ചെയ്ത പെൻ നമ്പർ ലഭിച്ചാൽ അക്കാര്യം പൊതുഭരണവകുപ്പ് എ.ജിയെ അറിയിക്കും. എ.ജി പ്ലേ സിപ്പ് നൽകിയാൽ ശമ്പളം നൽകാം. പക്ഷെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കെ.എ.എസിലേക്ക് എത്തിവരുടെ ശമ്പളകാര്യം അനിശ്ചിതത്വത്തിലായതോടെയാണ് ആർക്കും ശമ്പളം കിട്ടാത്ത അവസ്ഥയുണ്ടായത്.
കെ.എ.എസിലേക്ക് വരുന്നതിന് മുമ്പ് ഇപ്പോൾ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ശമ്പളം വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരുടെ ശമ്പളം സംരക്ഷിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്. പക്ഷെ അതിനെ ധനവകുപ്പ് എതിർക്കുന്നു. പഞ്ചായത്ത് സർവീസിൽ നിന്നും കെ.എ.എസിലേക്കെത്തിയവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നാണ് ഇവർ ശമ്പളം വാങ്ങിയിരുന്നത്. അതിനാൽ പഞ്ചായത്തിൽ നിന്നും കെ.എ.എസിൽ എത്തിവർ വീണ്ടും സ്പാർക്കിൽ രജിസ്റ്റർ ചെയ്യണമെന്നും ഇതുവരെയുള്ള പി.എഫ് അക്കൗണ്ടിന് പകരം പുതിയ പി.എഫ് അക്കൗണ്ട് തുടങ്ങണമെന്നാണ് ധനവകുപ്പിന്റെ മറ്റൊരു നിർദേശം. ഇങ്ങനെ തൊടുന്യായങ്ങളിൽ തട്ടിയും നൂലാമാലകളിൽ കുരുങ്ങിയും കെ.എ.എസുകാരുടെ ശമ്പളം നീണ്ടുപോകുവകയാണ്.
ശമ്പളം നൽകാൻ മൂന്നു കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ വകയിരുത്തിയിരുന്നെങ്കിലും ഈ തുക ചെലവഴിക്കാത്തിനാൽ ഇതും നഷ്ടമായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.