പ്രത്യേക ലേഖകൻ
തിരുവനന്തപുരം
മുഖ്യമന്ത്രി കൂടി കൈയൊഴിഞ്ഞതോടെ വെട്ടിലായി കെ.എസ്.ഇ.ബിയിൽ സമരം ചെയ്യുന്ന സി.പി.എം അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷൻ.
സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഫിസേഴ്‌സ് അസോസിയേഷന്റെ തൻപ്രമാണിത്തം സ്ഥാപനത്തിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയത്.
സി.പി.എം അനുകൂല സംഘടനയുടെ അതിരുവിട്ട സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും വികസനം മുന്നിൽക്കണ്ട് ചെയർമാന് നിയമാനുസൃത തീരുമാനമെടുക്കാമെന്നും ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രി നിലപാടെടുത്തു.
കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചെയർമാനും മാനേജിങ് ഡയരക്ടറുമായ ഡോ. ബി. അശോകിന് പൂർണ സ്വാതന്ത്ര്യവും നൽകി. സംഘടനാ നേതാക്കളുടെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ ചെയർമാനോട് തീരുമാനമെടുക്കാനും നിർദേശിച്ചു.
മുഖ്യമന്ത്രിയും കൈവിട്ടതോടെ മാനേജ്‌മെന്റുമായി ചർച്ചയ്ക്ക് സന്നദ്ധമെന്ന് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന ഓഫിസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.
ഇതിനുപിന്നാലെ ഇന്നലെ യൂനിയൻ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു.
യൂനിയനുമായി നേരിട്ട് ചർച്ചയ്ക്ക് തയാറാകാതെ ഫിനാൻസ് ഡയരക്ടറെ ചുമതലപ്പെടുത്തിയ ചെയർമാൻ കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു.
Comments are closed for this post.