2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കെ.എസ്.ആർ.ടി.സി ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ സാധ്യത തേടി സർക്കാർ യൂനിയൻ നേതാക്കളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും

സ്വന്തം ലേഖകൻ
തിരുവനന്തപുരം • കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും അലവൻസും നൽകുന്നതിന് 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ പോകാനുള്ള സാധ്യതകൾ ആരാഞ്ഞ് സർക്കാർ. സെപ്റ്റംബർ ഒന്നിനു മുൻപ് ഈ തുക അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കണ്ടാണ് അപ്പീൽ പോകാനുള്ള സാധ്യതകൾ ആരായുന്നത്. സർക്കാർ നേരിട്ട് അപ്പീൽ പോകുന്നത്, ജീവനക്കാർക്കിടയിൽ സർക്കാരിനെതിരായ പ്രതിഷേധത്തിന് കാരണമാകുമെന്നതിനാൽ, കെ.എസ്.ആർ.ടി.സി മാനേജ് മെന്റിനെ അപ്പീൽ നൽകുന്നതിന് നിയോഗിക്കാനാണ് ആലോചന. ഇന്നലെ മുഖ്യമന്ത്രി, ഗതാഗതമന്ത്രി ആന്റണി രാജുവുമായും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറുമായും നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചർച്ചയായി. ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇത് സർക്കാരിനെയും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനേയും ഒരുപോലെ കുരുക്കിലാക്കിയിട്ടുണ്ട്. ഡ്യൂട്ടി പരിഷ്‌കരണംനടപ്പിലാക്കി സർക്കാരിൽ നിന്ന് 250 കോടിയുടെ പാക്കേജ് നേടിയെടുക്കുക എന്ന പോംവഴി മാനേജ് മെന്റിനു മുന്നിലുണ്ട്. എന്നാൽ യൂനിയനുകളെ എങ്ങനെ അനുനയിപ്പിക്കും എന്നതിൽ പരിഹാരം കാണാനായിട്ടില്ല.
അതിനിടെ കെ.എസ്.ആർ.ടി.സി തൊഴിലാളി യൂനിയനുകളുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂനിയൻ പ്രതിനിധികളുമായി ചർച്ച നടത്തും. യൂനിയനുകൾക്ക് മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വഴങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരം ആരോപണങ്ങൾ ശരിയല്ല. വരുമാനം കൂട്ടുന്നതിന് മാനേജ്‌മെന്റ് ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. യൂനിയനുകളും മാനേജ്‌മെന്റും സഹകരിക്കണമെന്നും ഓണം എല്ലാവർക്കും ആഘോഷിക്കാൻ പറ്റുമെന്നും അതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.