2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കെ.എസ്.ആര്‍.ടി.സി: നിര്‍മാണങ്ങളില്‍ അഴിമതിയുടെ ചിന്നംവിളി


രണ്ട് ഗജവീരന്മാരെ തിലകക്കുറിയായി ചാര്‍ത്തി കെ.എസ്.ആര്‍.ടി.സി ഇതുവരെ ഓടിക്കൊണ്ടിരുന്നത് നഷ്ടത്തിന്റെ റോഡുകളിലൂടെയായിരുന്നു. ലോഗോയിലെ ആനകള്‍ സ്ഥാപനത്തെ മുടിക്കുന്ന വെള്ളാനകളായി ചിത്രീകരിക്കപ്പെടാന്‍ ഏറെ കാലതാമസം വേണ്ടിവന്നില്ല. ക്രമക്കേടുകളും പിടിപ്പുകേടും കാരണം നഷ്ടംപേറിയാണ് കെ.എസ്.ആര്‍.ടി.സി യാത്ര തുടര്‍ന്നുകൊണ്ടിരുന്നത്. നഷ്ടം നികത്താന്‍ മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം ധനസഹായങ്ങളും നല്‍കിപ്പോന്നിരുന്നു. ഔദ്യോഗിക രംഗത്ത് കഴിവ് തെളിയിച്ച പല പ്രതിഭകളും തലപ്പത്ത് മാറി മാറി വന്നുവെങ്കിലും നഷ്ടത്തിലോടുന്ന ആനവണ്ടിയെ ലാഭകരമാക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് പരിഷ്‌കാരങ്ങളെല്ലാം വിഘാതമായതോടെ അവയ്‌ക്കെതിരായ പ്രചാരണം ശക്തിപ്രാപിക്കുകയും പൊതുസമൂഹം അത് വിശ്വസിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ നിലനില്‍പ്പിന് തൊഴിലാളി സംഘടനകള്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നത് ശരിയായിരിക്കാം. എന്നാല്‍ തൊഴിലാളി സംഘടനകളുടെ മേല്‍ പഴിചാരിക്കൊണ്ട് അഴിമതിയുടെ വെള്ളാനകള്‍ മേഞ്ഞു നടക്കുകയായിരുന്നുവോ കെ.എസ്.ആര്‍.ടി.സിയില്‍ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി പല ജില്ലകളിലും പണിത വ്യാപാര സമുച്ചയങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കോടികളുടെ പാഴ്‌ച്ചെലവാണ് കോഴിക്കോട് മാവൂര്‍ റോഡില്‍ പണിത ഇരട്ട ടവറിലൂടെ ഉണ്ടായത്. ഇതിലൊന്നും തൊഴിലാളി സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ല. 2009ല്‍ 54 കോടി രൂപ ചെലവ് കണക്കാക്കിയാണ് കോഴിക്കോട്ടെ ഇരട്ട ടെര്‍മിനല്‍ കെട്ടിടം പണി ആരംഭിച്ചത്. 2015ല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചെലവ് 74.63 കോടിയില്‍ എത്തിയിരുന്നു. 2015ല്‍ ബസ്സ്റ്റാന്‍ഡ് തുറന്നെങ്കിലും വ്യാപാരസമുച്ചയം വാടകയ്ക്ക് കൊടുത്ത് വരുമാനം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. ബസ്സ്റ്റാന്‍ഡുകളോട് ബന്ധപ്പെട്ട് കിടക്കുന്ന ഭൂമി ഉപയോഗപ്പെടുത്തി വ്യാപാര സമുച്ചയങ്ങള്‍ പണിതാല്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടിസിയെ ലാഭകരമാക്കാമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം ടെര്‍മിനലുകള്‍ പണിയാന്‍ തീരുമാനമുണ്ടാകുന്നത്. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷ(കെ.ടി.ഡി.എഫ്.സി)നാണ് നിര്‍മാണം ഏറ്റെടുത്തത്. ഇതിനിടെയാണ് കോഴിക്കോട്ടെ കെട്ടിടം പണിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് വിജിലന്‍സില്‍ പരാതി പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കൃത്യമായ പ്ലാനോടു കൂടിയല്ല കെട്ടിടസമുച്ചയം പണിതത്. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണ് നിര്‍മിതി. പ്രധാനപ്പെട്ട തൂണുകള്‍ക്കെല്ലാം ബലക്ഷയം സംഭവിച്ചിരിക്കുന്നു. തൂണുകള്‍ ബലപ്പെടുത്താന്‍ 20 കോടിയോളം ഇനിയും ചെലവാക്കേണ്ടിവരും. ഇതൊക്കെയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍. 54 കോടിയില്‍ തുടങ്ങി 94 കോടിയില്‍ എത്തിനില്‍ക്കുന്നു കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സിയുടെ ഇരട്ട ടവര്‍ നിര്‍മാണം.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ആഴ്ന്നുകിടക്കുന്ന മറ്റൊരു സ്ഥാപനവും ഉണ്ടായിരിക്കില്ല. തിരുവല്ല, തൊടുപുഴ, തിരുവനന്തപുരം, അങ്കമാലി എന്നിവിടങ്ങളിലെ ടെര്‍മിനല്‍ കെട്ടിങ്ങളുമായി ബന്ധപ്പെട്ടെല്ലാം ഉയരുന്നത് നിര്‍മാണ വൈകല്യത്തിന്റെയും കെടുകാര്യസ്ഥതയുടെയും കഥകളാണ്. ഇവയില്‍ തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് ഈയടുത്ത കാലത്ത് അല്‍പമെങ്കിലും വരുമാനം കിട്ടാന്‍ തുടങ്ങിയത്.

കോഴിക്കോട്ടെ ടെര്‍മിനലിന്റെ പ്രധാന തൂണുകള്‍ക്ക് ഗുരുതരമായ ബലക്ഷയം സംഭവിച്ചുവെന്ന് പറഞ്ഞ് ബസ് സ്റ്റാന്‍ഡ് ഇവിടെനിന്ന് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. കൃത്യമായ ആസൂത്രണമില്ലാതെയാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. എത്ര വണ്ടികള്‍ വന്നുപോകുന്നു, കടമുറികള്‍ എത്ര വേണ്ടിവരും, യാത്രക്കാരുടെയും ജീവനക്കാരുടെയും സൗകര്യം ഇതൊന്നും നിര്‍മാണത്തില്‍ പരിഗണിച്ചതേയില്ല. നേരത്തെ കോഴിക്കോട്ടെ സ്റ്റാന്‍ഡില്‍ നൂറിലധികം ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. പുതിയ ടെര്‍മിനല്‍ വന്നപ്പോള്‍ അത് 40 ആയി ചുരുങ്ങി. വര്‍ക്ക്‌ഷോപ്പ് സൗകര്യവും പരിമിതമായി. കെട്ടിടത്തിലെ എല്ലാ തൂണുകളും ബസ് ഉരഞ്ഞ് കേടുവന്നിരിക്കുന്നു. തൊടുപുഴയിലുള്ള ടെര്‍മിനല്‍ ആകട്ടെ ചോര്‍ന്നൊലിക്കുകയാണ്. ഇരുമ്പു കമ്പികളെല്ലാം തുരുമ്പെടുത്ത അവസ്ഥയിലാണ്. നിര്‍മാണച്ചുമതല വഹിച്ച കെ.ടി.ഡി.എഫ്.സിയുമായി കെ.എസ്.ആര്‍.ടി.സിക്ക് ഒരു കരാറും ഇല്ലാത്തതിനാല്‍ അഴിമതിയുടെ കുന്തമുന നീളുന്നത് കെ.ടി.ഡി.എഫ്.സിയിലേക്കാണ്.

കമ്മിഷന്‍ പറ്റണമെന്ന ചിന്ത മാത്രമായിരുന്നു ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. പ്രഥമ പരിഗണന നല്‍കേണ്ടിയിരുന്നത് യാത്രക്കാരുടെയും ഒപ്പം അവിടെ ബസുകള്‍ കയറി ഇറങ്ങുന്നതിനുള്ള സൗകര്യത്തിനുമായിരുന്നു. നിര്‍മാണച്ചുമതല ഉണ്ടായിരുന്ന കെ.ടി.ഡി.എഫ്.സി അത് ഗൗനിച്ചതേയില്ല. ഒരു നഗരത്തില്‍ വാണിജ്യസമുച്ചയം പണിയുമ്പോള്‍ അവിടുത്തെ വ്യാപാര സാധ്യതയും പരിഗണിക്കണം. വിവിധ ജില്ലകളില്‍ പണിത ടെര്‍മിനലുകളിലൊന്നും അത്തരമൊരു കാര്യം പരിഗണിച്ചതേയില്ല. അതിനാല്‍ പല മുറികളും ആവശ്യക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.

ഓരോ വര്‍ഷവും കെ.എസ്.ആര്‍.ടി.സിക്ക് കോടികള്‍ നീക്കിവയ്‌ക്കേണ്ടിവരുന്ന ദുരവസ്ഥ ഒരു സര്‍ക്കാരിനും തുടരുവാനാവില്ല. അത്തരമൊരു പരിതസ്ഥിതിയില്‍ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുവാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍, ഗ്രാമങ്ങളിലെ സാധാരണ യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടിസി അപ്രാപ്യമാകും. അഴിമതിക്കാരുടെ കൂത്തരങ്ങ് കാരണം ഒരു സ്ഥാപനം നശിക്കുന്നതതോടൊപ്പം പൊതുജനം അതിന്റെ പാപഭാരവുംകൂടി ചുമന്ന് പെരുവഴിയിലാവുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.