2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍

വി. റസൂല്‍ ഗഫൂര്‍, കോഴിക്കോട്

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെക്കുറിച്ച് ഭരണകര്‍ത്താക്കള്‍ക്കോ കേരളത്തിലെ ജനങ്ങള്‍ക്കോ ഇന്നു നല്ലതൊന്നും പറയാനില്ലെന്നു മാത്രമല്ല ആ വകുപ്പിനെക്കുറിച്ച് ഒരു പ്രതീക്ഷയും കേരളത്തില്‍ ഇന്നാര്‍ക്കുമില്ലെന്നതാണു വസ്തുത. ഗതാഗതവകുപ്പു മന്ത്രിമാര്‍ കേരളത്തിലെ മന്ത്രിമാരുടെ കൂട്ടത്തില്‍ എക്കാലവും കൂടുതല്‍ അധിക്ഷേപം കേള്‍ക്കേണ്ടി വന്നവരാണ്. കേരളത്തിലെ ജനങ്ങള്‍ക്കു സേവനത്തിന്റെ വിഷയത്തില്‍ കടുത്ത അസംതൃപ്തി നിലവിലുള്ള വകുപ്പും കെ.എസ്.ആര്‍.ടി.സിയാണ്.
കോടിക്കണക്കിനു രൂപയാണ് കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഓരോ മാസവും കടമെടുക്കുന്നത്. ഇങ്ങനെ കടമെടുക്കേണ്ടിവരുന്ന സംഖ്യ രണ്ടക്കം കടന്നു മൂന്നക്കത്തിലേക്കെത്തിയിരിക്കുകയാണ്. 2017 ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ സര്‍ക്കാരിനെ മുടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള കെ.എസ്.ആര്‍.ടി.സി നിലനില്‍ക്കുന്നതു തന്നെ ഏതാനും ജീവനക്കാര്‍ക്ക് ജോലിയും പിരിഞ്ഞുപോയവര്‍ക്കു പെന്‍ഷനും നല്‍കാന്‍ വേണ്ടിയാണ്.
കഴിഞ്ഞ ആറുമാസമായി കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാര്‍ക്കു പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നതിന്റെ പേരില്‍ കേരളത്തില്‍ പലയിടത്തും കെ.എസ്.ആര്‍.ടി.സി ഓഫീസുകള്‍ക്കു മുന്നില്‍ നിരാഹാര സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുദിവസം മുമ്പാണ് താല്‍ക്കാലിക പരിഹാരമുണ്ടായത്.
ശമ്പളംതന്നെ കഷ്ടത്തിലായ ഒരു വകുപ്പിനു പെന്‍ഷന്റെ കാര്യത്തില്‍ എങ്ങനെ കൃത്യത പാലിക്കാന്‍ കഴിയുമെന്നതാണു കേരളത്തിലെ സാധാരണക്കാരുടെ ചോദ്യം.എത്ര ശരിയാക്കിയാലും ശരിയാകാത്ത പ്രസ്ഥാനമായി കെ.എസ്.ആര്‍.ടി.സി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ തകര്‍ന്നു കഴിഞ്ഞ സാമ്പത്തിക സ്ഥിതിഗതികള്‍കൂടി പരിഗണിച്ച് ഈ വകുപ്പിന്റെ കാര്യത്തില്‍ ചില പുതിയ തീരുമാനങ്ങളെടുക്കേണ്ടത് അടിയന്തരാവശ്യമാണ്.
ലാഭകരമായി മാറ്റാനുള്ള സകല ശ്രമങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ പരാജയപ്പെട്ടുകഴിഞ്ഞ സ്ഥിതിക്കു മുമ്പിലുള്ളതു ജില്ലകള്‍തോറും തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന സഹകരണ മോട്ടോര്‍ വാഹന സൊസൈറ്റികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയെന്നതു മാത്രമാണ്.
ഇപ്പോള്‍ ഭാരമായി കഴിഞ്ഞിട്ടും ഈ വകുപ്പിനെ പുണര്‍ന്നും പിടിവിടാതെയും നില്‍ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം തൊഴിലാളി സംരക്ഷണമാണ്. അത്ര പെട്ടെന്ന് അവഗണിക്കാനാവാത്ത വിധത്തില്‍ അതീവ ശക്തിയാര്‍ജിച്ചു കഴിഞ്ഞ കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി യൂനിയനുകള്‍ ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ക്കെല്ലാം ഭീഷണിയുമാണ്. തൊഴിലാളികളെ മറന്ന് കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ പ്രായോഗികവും ലാഭകരവുമായ തീരുമാനത്തിലെത്താന്‍ ഭരണകൂടത്തിനു സാധിക്കാത്ത സ്ഥിതിക്കു ശേഷിക്കുന്ന ഒരേയൊരു വഴിയും സ്വകാര്യവല്‍ക്കരണത്തിന്റെ പഴി കേള്‍ക്കുന്നത് ഒഴിവാക്കാനുള്ള ഏക ഉപായവും തൊഴിലാളി സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കുക എന്നതു മാത്രമാണ്.
എല്ലാ ജില്ലകളിലും അതത് ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചു രൂപീകരിക്കുന്ന സൊസൈറ്റികള്‍ക്ക് അതത് ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ബസ്സുകളും കെട്ടിട സംവിധാനങ്ങളും നിര്‍ദിഷ്ട കരാര്‍ പ്രകാരം ഏല്‍പ്പിക്കുകയും നിശ്ചിത സംഖ്യ സര്‍ക്കാരിനു കിട്ടത്തക്കവിധം വ്യവസ്ഥയുണ്ടാക്കുകയുമാണു വേണ്ടത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും കെ.എസ്.ആര്‍.ടി.സിയോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും പരമാവധി ഉപയോഗിക്കാന്‍ അവസരം കിട്ടുന്നത് ഇത്തരമൊരു ഘട്ടത്തിലായിരിക്കും.
പൊതുമേഖലാസ്ഥാപനത്തിലെ ജോലിക്കാര്‍ എന്ന നിലയിലുള്ള അലസതയും നിരുത്തരവാദിത്തവും നിസ്സംഗതയും തൊഴിലാളികളില്‍നിന്ന് അപ്രത്യക്ഷമാകുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും.
സ്ഥാപനത്തെ നിലനിര്‍ത്തേണ്ടതു സ്വന്തം നിലനില്‍പ്പിന്റെ കൂടി ആവശ്യമാണെന്ന തോന്നല്‍ തൊഴിലാളികള്‍ക്ക് ഇന്നില്ല. എന്നാല്‍, ഉടമസ്ഥതയിലും നടത്തിപ്പിലും ദൈനംദിന കാര്യങ്ങളിലും സജീവമായ പങ്കാളിത്തവും ഭാഗധേയവും വരുന്നതോടെ സ്ഥിതിഗതികളില്‍ മാറ്റം വരാനിടയുണ്ട്. ഈ സാധ്യത പരീക്ഷിക്കുന്നതിലൂടെ മാത്രമേ ഇനി കെ.എസ്.ആര്‍.ടി.സിക്കു രക്ഷാമാര്‍ഗം ഉരുത്തിരിഞ്ഞുവരാനിടയുള്ളൂ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.