കടുത്ത പിഴ ഈടാക്കണം
സര്‍വിസില്‍ നിന്ന് പിരിച്ചുവിടുന്നത് പരിഗണിക്കണം
കൊച്ചി • കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ യൂനിയനുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പണിമുടക്കി ഓഫിസില്‍ പരിപ്പുവടയും തിന്ന് ഇരുന്നുവല്ലേയെന്ന് കോടതി പരിഹസിച്ചു. പണിമുടക്ക് നടത്തിയവരില്‍ നിന്നു കടുത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
മിന്നല്‍ പണിമുടക്ക് നടത്തുന്നവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി അടുത്ത മാസം ആറിന് നിലപാടറിയിക്കണം. ജീവനക്കാര്‍ ഷെഡ്യൂള്‍ മുടക്കുകയല്ല വേണ്ടത്. കെ.എസ്.ആര്‍.ടി.സിയെ നയിക്കുന്നത് യൂണിയനുകളല്ലല്ലോയെന്നും മാനേജ്‌മെന്റ് അല്ലേയെന്നും കോടതി ചോദിച്ചു.
ജൂണ്‍ 26ന് നടന്ന മിന്നല്‍ പണിമുടക്കിലാണ് പരാമര്‍ശം. തിരുവനന്തപുരത്തെ നാല് ഡിപ്പോകളിലായിരുന്നു പണിമുടക്ക്. സര്‍വിസുകള്‍ റീ ഷെഡ്യൂള്‍ ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഒരാഴ്ച മുമ്പ് വരുന്ന സര്‍വീസ് ഷെഡ്യുള്‍ എന്തുകൊണ്ട് ഹൈക്കോടതിയില്‍ ചോദ്യംചെയ്തില്ലെന്ന് ചോദിച്ച ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
മിന്നല്‍ പണിമുടക്ക് ദിവസത്തെ നഷ്ടം ആര് നികത്തുമെന്നും കോടതി ചോദിച്ചു. ജീവനക്കാര്‍ക്ക് കൂപ്പണ്‍ പോലും കൊടുക്കാന്‍ പാടില്ലെന്നാണ് അഭിപ്രായമെന്നും കോടതി പറഞ്ഞു. യൂണിയനുകള്‍ വിചാരിക്കുന്നത് മാത്രമാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്നത്. അങ്ങനെയെങ്കില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി കെ.എസ്.ആര്‍.ടി.സിയെ യൂനിയനുകൾ തന്നെ ഏറ്റെടുക്കൂ. കാട്ടാക്കട ഒരു സംഭവം മതി ജനങ്ങള്‍ ജീവനക്കാര്‍ക്കെതിരേ തിരിയാനെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments are closed for this post.