തലശേരി
സി.പി.എം പ്രവർത്തകൻ ന്യൂമാഹി പുന്നോലിലെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഒളിവിൽകഴിയാൻ വീട് നൽകിയ കേസിൽ അധ്യാപികയ്ക്ക് ഉപാധികളോടെ ജാമ്യം. റിമാൻഡിലായ പുന്നോൽ അമൃതവിദ്യാലയം അധ്യാപിക ധർമടം അണ്ടല്ലൂർ ശ്രീനന്ദനത്തിൽ പി.എം രേഷ്മ(42)യ്ക്കാണ് തലശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകണം, രണ്ടാഴ്ചവരെ ന്യൂമാഹി പൊലിസ് സ്റ്റേഷൻപരിധിയിൽ പ്രവേശിക്കാൻ പാടില്ല എന്നിവയാണ് ഉപാധികൾ. കൂടാതെ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണു ജാമ്യം അനുവദിച്ചത്.
ആർ.എസ്.എസ് പ്രാദേശിക നേതാവായ കൊലക്കേസ് പ്രതി നിജിൽദാസിന് ഒളിവിൽ കഴിയാനായി ഇവരുടെ വീട് നൽകിയെന്നാണ് രേഷ്മയ്‌ക്കെതിരേയുള്ള കേസ്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ നിജിൽ ദാസിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് നിജിൽദാസിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപമാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. പ്രതി ഒളിച്ചുതാമസിച്ച വീടിനു നേരെ ശനിയാഴ്ച രാത്രി അജ്ഞാതർ ബോംബെറിഞ്ഞിരുന്നു. ബോംബേറിൽ വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
Comments are closed for this post.