
വടകര: കൃഷി ഓഫിസര്‍ ഇല്ലാത്തതുമൂലം ആയഞ്ചേരി പഞ്ചായത്തിലെ കാര്‍ഷിക പദ്ധതികള്‍ താളംതെറ്റുന്നു. ഇതുമൂലം സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. കര്‍ഷകര്‍ക്കു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
ഇവിടെ കൃഷി ഓഫിസറായിരുന്ന കൊയിലാണ്ടി സ്വദേശി എ. അശോകന് പോയതിനുശേഷം കൃഷിഭവനില്‍ ഓഫിസറെ നിയമിച്ചിട്ടില്ല. മറ്റു കൃഷിഭവനുകളിലെ ഓഫിസര്മാക്ക് അധിക ചുമതല നല്‍കാറാണു പതിവ്. വിഷയത്തില്‍ പഞ്ചായത്തു ഭരണസമിതിയും വേണ്ട ശ്രദ്ധ നല്‍കുന്നില്ലെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കൃഷിഭവനില്‍ കയറിയിറങ്ങി മടുത്തെന്നാണ് പരാതി.
‘വടകര താലൂക്കിന്റെ നെല്ലറ’ എന്ന വിശേഷണമുള്ള പഞ്ചായത്താണ് ആയഞ്ചേരി. കടമേരി, മുക്കടത്തുംവയല്‍, തറോപ്പൊയില്‍ എന്നിവിടങ്ങളില്‍ പാടശേഖര സമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നിലവില്‍ ആയഞ്ചേരി ടൗണില്‍ സ്വന്തം കെട്ടിടത്തിലാണു കൃഷിഭവന് പ്രവര്‍ത്തിക്കുന്നത്. ഏക്കര്‍ കണക്കിനു നെല്‍വയലുകള്‍ തരിശായിക്കിടക്കുന്ന ഇവിടെ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ മുഖേന കൂട്ടുകൃഷി നടത്താന്‍ ഭരണസമിതി നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. പഞ്ചായത്തിലെ ഏക കാര്‍ഷിക ബാങ്കായ പൊന്മേരി സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ പൊന്മേരിയിലും ആയഞ്ചേരിയിലും കര്‍ഷക ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തില്‍ സ്ഥിരം കൃഷി ഓഫിസര്‍ വേണമെന്നാണു കര്‍ഷകരുടെ ആവശ്യം. ഇതിനായി വിവിധ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ട്.