ചെന്നൈ: സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സിയാക്കി മാറ്റരുതെന്നും കൂട്ടിലെ തത്തയെ തുറന്നു വിടണമെന്നും കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മിഷന്‍, സി.എ.ജി പോലെ സി.ബി.ഐക്കും സ്വതന്ത്ര അധികാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. 12 നിര്‍ദേശങ്ങളാണ് ഹൈക്കോടതി കേന്ദ്രത്തിന് നല്‍കിയത്.
സി.ബി.ഐയെ പാര്‍ലമെന്റിന്റെ നിയന്ത്രണത്തിലാക്കണം. കൂട്ടിലെ തത്തയെ തുറന്നു വിടാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസുമാരായ എന്‍ കിരുബാകരന്‍, ബി. പുകലേന്ദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സി.ബി.ഐക്ക് കൂടുതല്‍ ഡിപ്പാര്‍ട്ടുമെന്റുകളും ജീവനക്കാരും അനുവദിക്കുന്നത് സംബന്ധിച്ച് ആറാഴ്ചയ്ക്കുള്ളില്‍ സി.ബി.ഐ മേധാവി സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിക്കണം.
ശുപാര്‍ശ കിട്ടി മൂന്നു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജനം വലിയ വിശ്വാസമാണ് സി.ബി.ഐയില്‍ അര്‍പ്പിക്കുന്നത്. എല്ലാ കേസിലും സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാല്‍ കേസുകള്‍ പതുക്കെയാണ് നീങ്ങുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് ഇതിന് സി.ബി.ഐ എല്ലാകാലത്തും പറയുന്ന ന്യായമെന്നും കോടതി പറഞ്ഞു. സി.ബി.ഐക്കായി പ്രത്യേക ബജറ്റ് വിഹിതം വേണം. സി.ബി.ഐ മേധാവിക്ക് കേന്ദ്രമന്ത്രാലയം സെക്രട്ടറിയുടെ അധികാരം വേണമെന്നും കോടതി നിര്‍ദേശിച്ചു.
Comments are closed for this post.