നിയമസഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് അഭിമാന പോരാട്ടം
കൊല്ലം: കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായി ആര്‍.എസ്.പിയും. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് നിലനില്‍പിനുള്ള പോരാട്ടമാണ്. കഴിഞ്ഞ തവണ അഞ്ചു സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷവും എല്‍.ജെ.ഡിയും യു.ഡി.എഫ് വിട്ടതോടെ ഒഴിവുവന്ന സീറ്റുകളില്‍ വിഹിതം വേണമെന്ന അവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.
ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഈ അവശ്യമുയര്‍ന്നു. കൊല്ലം ജില്ലയിലെ മൂന്നു സീറ്റുകള്‍ കൂടാതെ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലും തൃശൂര്‍ ജില്ലയിലെ കയ്പമംഗലവുമാണ് കഴിഞ്ഞ തവണ ആര്‍.എസ്.പിക്കു ലഭിച്ചത്.നിയമസഭയില്‍ ആദ്യമായി കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് പ്രാതിനിധ്യം നഷ്ടമായത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ നേടിയ മികച്ച വിജയമാണ് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ആര്‍.എസ്.പിയുടെ കൈമുതല്‍.
2014ലെ മുന്നണിമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ച അഞ്ചിടത്തും കനത്ത പരാജയമുണ്ടായി. പാര്‍ട്ടിയുടെ ആസ്ഥാനമായ കൊല്ലം ജില്ലയില്‍ മൂന്നു സീറ്റുകളിലായിരുന്നു മത്സരം. ആര്‍.എസ്.പിക്കെതിരേ ആര്‍.എസ്.പി ലെനിനിസ്റ്റ് മത്സരിച്ച കുന്നത്തൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടപ്പോള്‍ മുന്‍ മന്ത്രി ഷിബു ബേബി ജോണിനെ തറപറ്റിച്ചത് മുന്‍ ആ.എസ്.പി നേതാവ് എന്‍. വിജയന്‍ പിള്ളയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ് മത്സരിച്ച ഇരവിപുരത്ത് സി.പി.എം നേതാവ് എം. നൗഷാദായിരുന്നു വിജയി.
ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ യു.ഡി.എഫിന് മികച്ച വിജയം ലഭിച്ചത് ആര്‍.എസ്.പിയുടെ ശക്തികേന്ദ്രമായ ചവറയിലായിരുന്നു. ജില്ലയില്‍ യു.ഡി.എഫിനു ലഭിച്ച ഏക ബ്ലോക്ക് പഞ്ചായത്തും ചവറയായിരുന്നെങ്കിലു ചവറയ്ക്കു പുറത്തുളള കേന്ദ്രങ്ങളില്‍ ആര്‍.എസ്.പിക്ക് തിരിച്ചടിയേറ്റിരുന്നു. ചവറയില്‍ വീണ്ടും മത്സരിക്കുന്ന ഷിബു ബേബി ജോണിന് ശക്തനായ എതിരാളിയില്ലെന്നതാണ് ഇടതുമുന്നണിയെ കുഴക്കുന്നത്. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് വീണ്ടും മത്സരിക്കാനാഗ്രഹിക്കുന്ന ഇരവിപുരത്ത് മുന്‍ മന്ത്രി ബാബു ദിവാകരനെ രംഗത്തിറക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കൊല്ലം മുന്‍ എം.എല്‍.എയും എ.കെ ആന്റണിയുടെ അവസാന മന്ത്രിസഭയിലും ആദ്യ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അംഗവുമായിരുന്ന ബാബു ദിവാകരന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച ശേഷം സമാജ്‌വാദി പാര്‍ട്ടിയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു വീണ്ടും സ്വന്തം ആര്‍.എസ്.പി രൂപീകരിച്ച് ഇടതുമുന്നണിക്കൊപ്പം നിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും മാതൃസംഘടനയിലെത്തിയത്.
ആര്‍.എസ്.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും യു.ടി.യു.സി സംസ്ഥാന പ്രസിഡന്റുമാണ് നിലവില്‍ ബാബു ദിവാകരന്‍. ഇരവിപുരത്ത് ബാബു ദിവാകരനു സീറ്റ് ലഭിക്കുകയും അദ്ദേഹം വിജയിക്കുന്നതിനൊപ്പം യു.ഡി.എഫിനു ഭരണം ലഭിക്കുകയും ചെയ്താല്‍ അധികാരത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത തലപൊക്കാന്‍ സാധ്യതയുമുണ്ട്.
Comments are closed for this post.