2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുറിച്ചി വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു

ചങ്ങനാശേരി: അരക്കോടിയിലധികം രൂപ ചെലവഴിച്ച് കുറിച്ചി വില്ലേജിലെ ജീവനക്കാര്‍ക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിച്ച സ്റ്റാഫ് കോര്‍ട്ടേഴ്‌സ് ചുവപ്പ്‌നാടയില്‍ കുരുങ്ങി കാടുകയറി നശിക്കുന്നു. രണ്ടു കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിന് വേണ്ടി എല്ലാവിധ സൗകര്യങ്ങളോടുകൂടി പണികഴിപ്പിച്ച കെട്ടിടമാണ് കാടുകയറി നശിക്കുന്നത്.
രണ്ടുവര്‍ഷം മുന്‍പ് പണി പൂര്‍ത്തീകരിച്ച ഈ കെട്ടിടത്തില്‍ വെള്ളവും വെളിച്ചവും ഇതുവരെ എത്തിയിട്ടില്ല.വില്ലേജ് ഓഫിസ് അങ്കണത്തില്‍ ഉള്ള കിണര്‍ ആഴംകൂട്ടുന്നതിനും ഇരുമ്പ് നെറ്റ് സ്ഥാപിക്കുന്നതിനുമായി അന്‍പതിനായിരം രൂപ അനുവദിച്ചുവെങ്കിലും ഇതുവരെ യാതൊരു പണിയും ആരംഭിച്ചിട്ടില്ല. തന്നെയുമല്ല ഈ കിണറ്റില്‍ ഇപ്പോള്‍ വെള്ളവും ഇല്ല. ഇവിടെ ഒരു കുഴല്‍കിണര്‍ കുഴിച്ചാല്‍ ആവശ്യത്തിനുവെള്ളം കിട്ടുമെന്ന് സമീപവാസികള്‍ പറയുന്നു. കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്നും നമ്പര്‍ അനുവദിക്കുന്നതിന് ആവശ്യമായ ഫീസും മറ്റും അടച്ചത് വില്ലേജിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നുമാണ്. ഇനി വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ എണ്ണായിരം രൂപ വൈദ്യുതിബോര്‍ഡില്‍ കെട്ടിവയ്ക്കണം. ഈ തുക റവന്യൂവകുപ്പില്‍ നിന്നും അനുവദിക്കാത്തതാണ് വൈദ്യുതികണക്ഷന്‍ ലഭിക്കാന്‍ താമസിക്കുന്നതിന് കാരണം. ഇതിനാവശ്യമായ അപേക്ഷകളും റിപ്പോര്‍ട്ടുകളും യഥാസയമം മേലാഫീസില്‍ എത്തിച്ചെങ്കിലും ഇതെല്ലാം ചുവപ്പ്‌നാടയില്‍ കുരുങ്ങി കിടക്കുകയാണ്. ഇതുമൂലം നശിക്കുന്നത് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച കെട്ടിടമാണ്. പെയ്ന്റടിച്ച കെട്ടിടത്തിന്റെ ഭിത്തിയില്‍ പായലും ചെടികളും വളര്‍ന്നുതുടങ്ങി. കൂടാതെ കെട്ടിടത്തിന്റെ പരിസരം മുഴുവന്‍ കാടുകയറിയ നിലയിലാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. കുറിച്ചി വില്ലേജ് ഓഫിസില്‍ ഇപ്പോള്‍ അഞ്ച് ജീവനക്കാരാണുള്ളത്. ഇവരില്‍ പലരും വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നവരുമാണ്.
ജനസംഖ്യാനുപാതികമായി കുറിച്ചി വില്ലേജിനെ രണ്ടായി വിഭജിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇരുപത്തിരണ്ടിലധികം പട്ടികജാതി കോളനികളുള്ള ഈ വില്ലേജ് ഓഫിസിലെ ജീവനക്കാരുടെ പരിമിതിമൂലം ജാതിസര്‍ട്ടിഫിക്കറ്റിനും കരമടയ്ക്കുന്നതിനും മറ്റുമായി ദിവസവും വലിയ ജനത്തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. വില്ലേജിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ദൂരദേശത്തുനിന്നും വരുന്ന അവര്‍ക്ക് താമസിക്കുന്നതിനായി നിര്‍മിച്ച ക്വോര്‍ട്ടേഴ്‌സില്‍ വെള്ളവും വെളിച്ചവും എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.