2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കുത്തുപാളയെടുത്തു ലാഭവിഹിതം തന്നേ പറ്റൂ

 

മൂന്നുമാസത്തിലൊരിക്കല്‍ ലാഭവിഹിതം നല്‍കണം
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പക്കല്‍ പണമില്ലാതായതോടെ പൊതുമേഖലാ സ്ഥാപനങ്ങളോട് മൂന്നുമാസത്തിലൊരിക്കല്‍ ലാഭവിഹിതം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നതിനും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരാനും ഇതിലൂടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും നിര്‍ദേശമുണ്ട്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപാം) ആണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലാഭവിഹിതം നല്‍കാന്‍ സ്ഥാപനങ്ങളുടെ റിസര്‍വ് പണം ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
നിലവിലെ മാനദണ്ഡമനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ലാഭവിഹിതം നല്‍കുന്നത്. നികുതി കിഴിച്ചുള്ള ലാഭത്തിന്റെ 30 ശതമാനം, മൊത്തം ആസ്തിയുടെ അഞ്ചുശതമാനം എന്നിവയില്‍ ഏതാണോ ഉയര്‍ന്നത് അതാണ് ലാഭവിഹിതമായി നല്‍കിവരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വ്യാപകമായി വിറ്റഴിച്ചതോടെ ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ കേന്ദ്രത്തിന് കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ 2,000 കോടി ആസ്തിയും 1,000 കോടി ബാങ്ക് ബാലന്‍സുമുള്ള സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ അനുമതിയും നല്‍കി. 2020ലെ ലാഭവിഹിതം 48,256 കോടി കണക്കാക്കിയിരുന്നെങ്കിലും 35,000 കോടി മാത്രമാണ് ലഭ്യമായത്.
2018ല്‍ 46,499 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭവിഹിതമായി നല്‍കിയത്. 2019ല്‍ 43,052 കോടി രൂപ ലഭിച്ചു. ഓഹരിയൊന്നിന് പത്തുരൂപയിലധികമുള്ള കമ്പനികള്‍ പാദവാര്‍ഷികമായി ലാഭവിഹിതം നല്‍കുന്നത് പരിഗണിക്കണമെന്നും കൂടുതല്‍ ലാഭവിഹിതം നല്‍കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് മുന്‍പ് നിശ്ചിത ഇടവേളകളില്‍ ലാഭവിഹിതം ലഭിച്ചാല്‍ സര്‍ക്കാരിന് ആവശ്യമായ തുക വകയിരുത്താന്‍ സഹായകരമാകുമെന്നുമാണ് ‘ദിപാ’മിന്റെ വിലയിരുത്തല്‍. സ്ഥിരമായി പാദവാര്‍ഷിക ലാഭവിഹിതം നല്‍കുന്നത് പൊതുമേഖല കമ്പനികളുടെ ഓഹരികളിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും സഹായകരമാകും. അതിലൂടെ ഓഹരി വിപണിയില്‍ പൊതുമേഖല കമ്പനികള്‍ക്ക് മുന്നേറ്റം നടത്താനാകുമെന്നും ‘ദിപാം’ കണക്കുകൂട്ടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.