
‘തലശ്ശേരിയില്‍നിന്ന് ഇരിട്ടി വഴി മൈസുരു വരെ പോകുന്ന തലശ്ശേരി- മൈസുരു എക്സ്പ്രസ് ഏതാനും മിനിറ്റുകള്‍ക്കകം എത്തിച്ചേരുന്നതാണ്’ -ഏതൊരു വടക്കന്‍ മലബാറുകാരനും കേള്‍ക്കാന്‍ കൊതിച്ചുകൊണ്ടിരിക്കുന്ന റെയില്‍വേ അനൗണ്‍സ്മെന്റാണിത്. തലശ്ശേരി-മൈസുരു റെയില്‍വേ പാതയുടെ നിര്‍മാണത്തിന്റെ പ്രാഥമിക നടപടിക്ക് ഭരണകൂടം പച്ച വീശിയതിലൂടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത് മലബാറിന്റെ ചിരകാല സ്വപ്നം.
വടക്കന്‍ മലബാറിനെയും മൈസുരുവിനെയും കുറഞ്ഞ കിലോമീറ്ററില്‍ ചുരുക്കി സഞ്ചാരയോഗ്യമാക്കുന്ന ഈ സ്വപ്നപദ്ധതി ബ്രിട്ടിഷ് ഇന്ത്യയുടെ കാലത്ത് നാമ്പെടുത്തതാണ്. ബ്രിട്ടിഷുകാര്‍ തന്നെ മാസ്റ്റര്‍ പ്ലാനും റൂട്ടും തിട്ടപ്പെടുത്തി. പക്ഷേ, ബ്രിട്ടനെ നാടുകടത്തിയതോടെ ഭ്രഷ്ട് കല്പിച്ച പദ്ധതിപോലെയാണ് സ്വതന്ത്രഭാരതം വടക്കന്‍ മലബാറിന്റെ ഈ വികസന കുതിപ്പിനെ കണ്ടത്. വാര്‍ധക്യം ബാധിച്ച പദ്ധതിയാണ് തലശ്ശേരി- മൈസുരു റെയില്‍വേ പാത. രണ്ടു തലമുറ കൈമാറിയ ഈ പദ്ധതിക്ക് 50 ലക്ഷം രൂപ ഡിഎംആര്‍സിക്ക് സംസ്ഥാന ഗവണ്മെന്റ് അനുവദിച്ചു എന്നത് വര്‍ഷങ്ങളുടെ പഴങ്കഥ. സാധ്യതാ പഠനം മാത്രമാണ് ഇതുവരെനടന്നത്.
യാത്രാ ദൂരം കുറയ്ക്കുമെന്ന് മാത്രമല്ല, വടക്കന്‍ മലബാറിന് വന്‍ വികസന മുന്നേറ്റം നല്‍കാനുള്ള വഴി കൂടിയാണ് ഈ പദ്ധതി. ചിലകാര്യങ്ങള്‍ പറയാതെ വയ്യ, വികസന മുരടിപ്പിന്റെ മകുടോദാഹരണമാണ് തലശ്ശേരി – മൈസുരു റയില്‍വേ പാത. ഈ പദ്ധതി നമ്മുടെ നാട്ടില്‍ നിന്ന് ചിലകാര്യങ്ങള്‍ തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കുന്നതാണ്.
ജനാധിപത്യത്തിന്റെ ശാപമാണ് അനാവശ്യ ചര്‍ച്ചകളും വിമര്‍ശനങ്ങളും. പല രാഷ്ട്രീയപ്പാര്‍ട്ടികളും സ്വാര്‍ഥ താല്പര്യം മുന്‍ നിര്‍ത്തി വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ നഷ്ടമാകുന്നത് രാജ്യവികസനം മാത്രമല്ല, ജനാധിപത്യത്തോടുള്ള വിശ്വാസം തന്നെയാണ്.
പല മുന്നാക്ക രാജ്യങ്ങളും പദ്ധതികള്‍ കൊണ്ടുവരുകയും ചുരുങ്ങിയ കാലയളവില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മുടെ നാട്ടില്‍ പദ്ധതികളുടെ പെരുമഴ തന്നെയുണ്ട്. പക്ഷേ, അത് നടപ്പില്‍വരുത്തുന്നത് വരള്‍ച്ച ബാധിച്ചതുപോലെയാണ്. ഉറങ്ങിക്കിടന്ന ഈ പദ്ധതിയെ ഉയിര്ത്തെഴുന്നേല്പിച്ചതില് തലശ്ശേരി- മൈസുരു റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ്.