2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുണ്ടള അണക്കെട്ട് വറ്റി; വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്

  • ബോട്ടിങ് നിര്‍ത്തിവച്ചത് വിനോദസഞ്ചാരികളെ ബാധിക്കുന്നു

 

ബാസിത് ഹസന്‍

തൊടുപുഴ: കുണ്ടള അണക്കെട്ട് വറ്റിയതോടെ സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിലെ വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്. പള്ളിവാസല്‍ പദ്ധതിയുടെ കരുതല്‍ സംഭരണിയാണ് കുണ്ടള. മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനേത്തുടര്‍ന്നാണ് വൈദ്യുതിബോര്‍ഡ് കുണ്ടള അണക്കെട്ട് പൂര്‍ണമായും തുറന്നുവിട്ടത്. ഇതോടെ കുണ്ടളയിലെ ജലനിരപ്പ് കുത്തനെ താഴുകയായിരുന്നു. 12 ശതമാനം വെള്ളം മാത്രമാണ് കുണ്ടളയില്‍ അവശേഷിക്കുന്നത്. ഇതോടെ അണക്കെട്ടിലെ ബോട്ടിങ് നിര്‍ത്തിവച്ചത് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് തിരിച്ചടിയായി.
മാട്ടുപ്പെട്ടി അണക്കെട്ടിലെ വെള്ളം മൂന്നാര്‍ ടൗണിലെ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്‌സ് ഡാമില്‍ എത്തിച്ചശേഷം ടണല്‍ വഴിയാണ് പള്ളിവാസല്‍ പവര്‍ ഹൗസില്‍ എത്തിക്കുന്നത്. 37.5 മെഗാവാട്ടാണ് പള്ളിവാസലിന്റെ ഉല്‍പ്പാദന ശേഷി. 7.5 മെഗാവാട്ടിന്റെ രണ്ടും അഞ്ച് മെഗാവാട്ടിന്റെ മൂന്നും ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ജലലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് പള്ളിവാസലിലെ ഉല്‍പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്. 0.5099 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ ഉല്‍പ്പാദനം. ഒരു ജനറേറ്റര്‍ പൂര്‍ണമായും ഷട്ട് ഡൗണ്‍ ചെയ്തു.
1946ലാണ് പള്ളിവാസല്‍ പദ്ധതിയുടെ കരുതല്‍ സംഭരണിയായ കുണ്ടള അണക്കെട്ട് നിര്‍മിച്ചത്. മണ്ണുകൊണ്ടുള്ള ആര്‍ച്ച് ഡാമാണിത്. പദ്ധതി കമ്മിഷന്‍ ചെയ്തശേഷം ഈ സീസണില്‍ ഇത്ര കുറഞ്ഞ ജലനിരപ്പ് ആദ്യമാണ്.
160 ഏക്കര്‍ ചുറ്റളവില്‍ 60 അടി ഉയരത്തില്‍ വെള്ളം സംഭരിക്കാവുന്ന ഈ അണക്കെട്ട് ചുറ്റുമുള്ള മലനിരകളിലെ ഉറവകളാല്‍ വര്‍ഷം മുഴുവന്‍ നിറഞ്ഞുകിടന്നിരുന്നതാണ്. എന്നാല്‍ ഇക്കുറി വേനലിന്റെ കാഠിന്യവും മഴക്കുറവുമാണ് കുണ്ടള അണക്കെട്ടിനെ വറ്റിച്ചത്. തമിഴ്‌നാട്ടില്‍ പെയ്യുന്ന മഴയിലാണ് സാധാരണ കുണ്ടള അണക്കെട്ട് സമൃദ്ധമാകുന്നത്. ഇക്കുറി തമിഴ്‌നാട്ടിലും മഴ ശരാശരിയില്‍ താഴെയാണ്. ഒരു പുഴയുടെയും കുറുകെയല്ല കുണ്ടളയിലെ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നതെന്നതും പ്രത്യേകതയാണ്.
അതേസമയം വര്‍ഷം മുഴുവന്‍ നിറഞ്ഞു കിടക്കാറുള്ള കുണ്ടള ജലാശയത്തില്‍ ഇപ്പോള്‍ എത്തുന്ന സന്ദര്‍ശകരെ കാത്തിരിക്കുന്നത് മൊട്ടക്കുന്നുകള്‍ നിറഞ്ഞ വരണ്ട ഭൂപ്രദേശമാണ്. ബോട്ടിങിനായാണ് മൂന്നാറില്‍ നിന്ന് വിനോദസഞ്ചാരികള്‍ 30 കിലോമീറ്ററുകളോളം സഞ്ചരിച്ച് കുണ്ടളയിലെത്തുന്നത്. ഡാമില്‍ വെള്ളമില്ലാത്തതുമൂലം കഴിഞ്ഞ രണ്ടുദിവസമായി ബോട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ടുപേര്‍ക്ക് സ്വയം ഓടിച്ചുപോകാവുന്ന പെഡല്‍ ബോട്ടുകളും കശ്മീരി ബോട്ടുകളുമാണ് ഡാമിലുള്ളത്. നിരവധി വിനോദസഞ്ചാരികളാണ് ഇവിടത്തെ ശാന്തസുന്ദരമായ തടാകത്തില്‍ ബോട്ടിങ് ആസ്വദിക്കാന്‍ എത്തുന്നത്. സ്വിറ്റ്‌സര്‍ലാന്റിന് സമാനമാണ് കുണ്ടളയിലെ കാലാവസ്ഥയെന്നാണ് വിദേശ സഞ്ചാരികള്‍ പറയുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News