2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുട്ടിക്കവിതകളും കുഞ്ഞുവരകളും നിറഞ്ഞ്…

തിരുവനന്തപുരം: ‘എന്നും ഇരുട്ടു മാത്രമാവണമെന്നില്ല,
നേരം പുലരുകയും, സൂര്യന്‍ സര്‍വ തേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.
നമ്മള്‍ കൊറോണയ്‌ക്കെതിരെ പോരാടി
വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ
എത്തിക്കുകയും ചെയ്യും.’

പുതുപുലരി വിരിയുമെന്ന പാലക്കാട് കുഴല്‍മന്ദം ജി.എച്ച്.എസിലെ ഏഴാം ക്ലാസുകാരി കെ. സ്‌നേഹയുടെ കവിതയോടെയാണ് പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് തോമസ് ഐസക് വായിച്ചു തുടങ്ങിയത്.
ഐസകിന്റെ പ്രസംഗത്തിലെമ്പാടും കുഞ്ഞുകവിതകള്‍ നിറഞ്ഞു നിന്നു. വയനാട് കണിയാമ്പറ്റ എച്ച്.എസ്.എസിലെ കെ.എച് അളകനന്ദ, അയ്യന്‍കോയിക്കല്‍ എച്ച്.എസ്.എസിലെ കനിഹ, കൊല്ലം കോയിക്കല്‍. ഗവ. എച്ച്.എസ്.എസിലെ അലക്‌സ് റോബിന്‍ റോയ് മടവൂര്‍ എന്‍.എസ്.എസ് എച്ച്.എസ്.എസിലെ ആര്‍.എസ് കാര്‍ത്തിക, തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിലെ എസ്.എസ് ജാക്‌സന്‍, തോട്ടട ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലെ നവാലൂ റഹ്മാന്‍, കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസിലെ അരുന്ധതി ജയകുമാര്‍, കണ്ണൂര്‍ പാച്ചേനി ഗവ ഹൈസ്‌കൂളിലെ ഇനാര അലി, കണ്ണൂര്‍ കണ്ണാടി പറമ്പ് ജി.എച്ച്.എസ്.എസിലെ ഷിനാസ് അഷറഫ്, മലപ്പുറം മലഞ്ചേരി ജി.യു.പി.എസിലെ ദേവനന്ദ, മലപ്പുറം കരിങ്ങപ്പാറ ജി.യു.പി.എസിലെ അഫ്‌റ മറിയം, ഇടുക്കി ഇരട്ടയാര്‍ എസ്.ടി എച്ച്.എസ്.എസിലെ ആദിത്യ രവി, കണ്ണമ്പാടി ഗവ. ട്രൈബല്‍ സ്‌കൂളിലെ അമല്‍ കെ.പി എന്നിവരുടെ കവിതകളും ബജറ്റില്‍ ഇടം നേടി.
‘മെല്ലെയെന്‍ സ്വപ്നങ്ങള്‍ക്ക്
ചിറകുകള്‍ മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാത ശംഖൊലി’

ബജറ്റ് അവസാനിക്കുന്നത് ഇടുക്കി കണ്ണമ്പാടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ഥി അമല്‍ കെ.പിയുടെ ഈ കവിതയോടെയാണ്. ബജറ്റ് ഡോക്കുമെന്റുകളുടെ പുറം ചട്ടകളും കുട്ടികളുടെ ചിത്രങ്ങളാണ്. കാസര്‍കോട് ഇരിയണ്ണി പി.എ.എല്‍.പി.എസിലെ ഒന്നാം ക്ലാസുകാരന്‍ ജീവനാണ് പൂക്കളും പൂമ്പാറ്റകളും പ്രത്യാശയും നിറഞ്ഞ കവര്‍ ചിത്രമൊരുക്കിയത്. ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവര്‍ ഇടുക്കി കുടയത്തൂര്‍ ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവര്‍ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരന്‍ ജഹാന്‍ ജോബിയുടേയും. ബജറ്റ് ഇന്‍ ബ്രീഫിലെ കവര്‍ചിത്രങ്ങള്‍ തൃശൂര്‍ വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍.പി.എസിലെ അമന്‍ ഷസിയ അജയ് വരച്ചതാണ്. എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കവര്‍ ചിത്രവും ഈ കുട്ടിയുടേതു തന്നെ. തൃശൂര്‍ എടക്കഴിയൂര്‍ എസ്.എം.വി.എച്ച്.എസിലെ എട്ടാം ക്ലാസുകാരി കെ.എം മര്‍വയും യു.എ.ഇ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ബാക്ക് കവറില്‍. ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ സര്‍ഗശേഷിയുടെ പ്രകാശനത്തിനുവേണ്ടി അക്ഷരവൃക്ഷം എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു.
കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4,947 വിദ്യാലയങ്ങളില്‍നിന്ന് 56,399 സൃഷ്ടികള്‍ ലഭിച്ചു. ഈ സൃഷ്ടികളില്‍നിന്നാണ് ചിത്രങ്ങളും കവിതകളും തിരഞ്ഞെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.