2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കുട്ടികളുടെ സുരക്ഷിത യാത്ര മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കും

സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് വേനലവധിക്കുശേഷം സ്‌കൂളുകൾ തുറന്നതോടെ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിന് കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. സ്‌കൂളുകളിലേക്കും തിരിച്ചും കുട്ടികളുമായി പോകുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്താനാണ് തീരുമാനം.

കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര, സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റാതിരിക്കുക, മദ്യപിച്ച് സ്‌കൂൾ വാഹനം ഓടിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കായി പ്രത്യേക മാർഗ നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും ‘എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം’ എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളിൽ ‘ഓൺ സ്‌കൂൾ ഡ്യൂട്ടി’ എന്ന ബോർഡ് വയ്ക്കണം.
സ്‌കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജി.പി.എസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം.

സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തുവർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സർവിസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂനിഫോം ധരിക്കണം.
സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ തുടങ്ങിയ നിർദേശങ്ങളായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കായി മോട്ടോർ വാഹനവകുപ്പ് നൽകിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.