
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സംഘം അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം വിദേശ സൈറ്റുകളില്‍ വന്‍ വിലക്ക് വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉന്നതവിദ്യാഭ്യാസമുള്ള ഇതര സംസ്ഥാനക്കാരാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നതെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു..കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഇരുപതു പേരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. പത്തനംതിട്ട റാന്നിയില്‍ പിടിയിലായ യുവാവ് ഇത്തരം ഒട്ടേറെ ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നയാളാണെന്നും പൊലിസ് കണ്ടെത്തി. പ്രചരിച്ചവയില്‍ മലയാളികളായ കുട്ടികളുടെ ചിത്രങ്ങളുമുള്ളതിനാല്‍ ഈ കുട്ടികളെ കണ്ടെത്താനും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിലൂടെയാണോ ഇവരുടെ നഗ്നചിത്രം കൈവശപ്പെടുത്തിയതെന്ന് അന്വേഷിക്കാനും ജില്ലാ എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹത്തിനു ഭീഷണിയാകുന്ന തരത്തില്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങളുടെ കൈമാറ്റം കച്ചവടമായി മാറിയിരിക്കുന്നുവെന്നാണ് ഓപ്പറേഷന് പി ഹണ്ട് എന്ന പരിശോധനയിലൂടെ പൊലിസ് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. ഇത്തരത്തില്‍ കൈമാറി കിട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഡാര്‍ക് നെറ്റടക്കമുള്ള വിദേശസൈറ്റുകളില്‍ ബിറ്റ് കോയിന് വഴിയാണ് വില്പനക്ക് വച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതര സംസ്ഥാനക്കാരും ഉള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലിസിനും ഇന്റര്‍പോളിനും കൈമാറി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നിരോധിത വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സമാന താല്പര്യക്കാര്ക്കു കൈമാറാന്‍ അതീവ രഹസ്യമായി വാട്സ്ആപ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തത് കൊണ്ടോ ദൃശ്യങ്ങള്‍ മായ്ച്ചതു കൊണ്ടോ രക്ഷപ്പെടാന്‍ കഴിയില്ല. ഇത്തരക്കാര്‍ ഉറപ്പായും പിടിക്കപ്പെടുന്ന രീതിയിലാണ് ഓപ്പറേഷന് പി. ഹണ്ട് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു.