
മുംബൈ: 2018ലെ ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ സംഘ്പരിവാര്‍ അനുകൂല മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമി അറസ്റ്റിലായതോടെ, രൂക്ഷപ്രതികരണവുമായി ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും. അര്‍ണബിന്റെ അറസ്റ്റിനെ, അധികാരത്തിന്റെ ദുരുപയോഗമെന്നു വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്നും വിമര്‍ശിച്ചു. ജനാധിപത്യത്തെ നാണിപ്പിക്കുന്ന നടപടിയെന്നും ജനാധിപത്യത്തിന്റെ നാലാം തൂണിനെതിരേയുള്ള കടന്നുകയറ്റമെന്നുമാണ് അദ്ദേഹം അറസ്റ്റിനെ വിശേഷിപ്പിച്ചത്.
സമാന ആരോപണവുമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറും രംഗത്തെത്തി. മഹാരാഷ്ട്രയില്‍ മാധ്യമസ്വാതന്ത്ര്യത്തിനു നേരെ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്മൃതി ഇറാനിയടക്കമുള്ള കേന്ദ്രമന്ത്രിമാരും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും അറസ്റ്റിനെ എതിര്‍ത്ത് രംഗത്തെത്തി.
അര്‍ണബിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. എന്നാല്‍, ഇപ്പോഴെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷവതിയാണെന്നായിരുന്നു 2018ല്‍ ആത്മഹത്യ ചെയ്ത അന്‍വായ് നായികിന്റെ ഭാര്യ അക്ഷത നായികിന്റെ പ്രതികരണം.
എന്നാല്‍, മാധ്യമസ്വാതന്ത്ര്യം പറഞ്ഞ് അര്‍ണബിന്റെ അറസ്റ്റിനെ ബി.ജെ.പി എതിര്‍ക്കുന്നത് കോണ്‍ഗ്രസ് ചോദ്യം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തു ചെയ്തുകൊണ്ടിരിക്കുന്നതൊന്നും നിങ്ങള്‍ അറിയുന്നില്ലേയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. തെറ്റ് ചെയ്തത് ആരായാലും നിയമത്തിനു മുന്പിലെത്തിക്കുമെന്നു മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞു.
Comments are closed for this post.