
മറയൂര്‍: രണ്ടു മാസമായി കാട്ടാനക്കൂട്ടം കീഴാന്തൂര്‍ ഗ്രാമവാസികളെ വട്ടം കറക്കുന്നു. കൃഷിയിടത്തിലും ജനവാസ മേഖലയിലും പകല്‍ സമയങ്ങളില്‍ പോലുമെത്തുന്ന കാട്ടാനക്കൂട്ടം വന്‍ കൃഷി നാശം വരുത്തുകയും ജനത്തെ ഭീതിയിലാഴ്ത്തുകയുമാണ്.
കീഴാന്തൂര്‍ ഗ്രാമത്തിലെ വിനായക ക്ഷേത്രത്തില്‍ കയറിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ തകര്‍ത്തു. ശീതകാല പച്ചക്കറിപ്പാടങ്ങളില്‍ വന്‍ നാശമാണ് കഴിഞ്ഞ രാത്രിയും കാട്ടാനക്കൂട്ടം വരുത്തിയത്. കീഴാന്തൂര്‍ ഗ്രാമവാസികളായ മഹാദേവന്, ജനകന്, ദണ്ഡപാണി, മണി, സത്യവാന് തുടങ്ങി നിരവധിയാളുകളുടെ പച്ചക്കറി കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ചു.
മറയൂര്‍ കാന്തല്ലൂര്‍ പാതയിലൂടെയുള്ള വാഹന യാത്രയില്‍ ഏത് നിമിഷവും കാട്ടാന കൂട്ടത്തിന്റെ മുന്പില്പ്പെടുമെന്ന ആശങ്കയാണ് ഉള്ളത്. ഭാഗ്യം കൊണ്ട് പലരും തലനാരിഴിക്ക് രക്ഷപ്പെട്ടു. ഇവയെ വനമേഖലയിലേക്ക് തുരത്തുവാനുള്ള ഒരു നടപടിയും അധികൃതര്‍ എടുത്തിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.