2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കീം 2020: സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ അറിയാന്‍

 

സംസ്ഥാനത്തെ പ്രഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം 2020യില്‍ അപേക്ഷിച്ച സംവരണ വിഭാഗക്കാര്‍ക്ക് പ്രവേശനം നല്‍കുന്നത് കൂടുതല്‍ പരിശോധനക്ക് ശേഷമായിരിക്കും.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെ അപേക്ഷകള്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് എസ്.സി.എസ്.ടി (കിര്‍ത്താഡ്‌സ്) സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ വ്യക്തത ആവശ്യമുള്ള (പ്രത്യേകിച്ചും മിശ്രവിവാഹിതരുടെ മക്കളുടെ) അപേക്ഷകള്‍ ഫീല്‍ഡ് തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്യും.

അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എസ്.സി, എസ്.ടി കാറ്റഗറി അനുവദിക്കുകയുള്ളു. ജാതി സ്റ്റാറ്റസ് നിരസിക്കപ്പെടുന്നവര്‍ക്ക് സ്‌ക്രീനിങ് കമ്മിറ്റിയുടെ മുമ്പാകെ തങ്ങളുടെ അവകാശവാദം സമര്‍ഥിക്കാന്‍ ഒരവസരംകൂടി ലഭിക്കും. പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്ന എല്ലാ കോഴ്‌സുകള്‍ക്കും ഇത് ബാധകമാണ്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്തെ കണ്‍ഫര്‍മേഷന്‍ പ്രിന്റ്ഔട്ടില്‍ കാണുന്ന ജാതിസ്റ്റാറ്റസ് അപേക്ഷകര്‍ തന്നെ രേഖപ്പെടുത്തുന്നതായതിനാല്‍ സംവരണം ലഭിക്കുന്നതിന് അത് മാനദണ്ഡമായിരിക്കില്ല.

കേന്ദ്ര മെഡിക്കല്‍ കൗണ്‍സിലും ആയുഷ് വകുപ്പും നിര്‍ദേശിച്ചതനുസരിച്ച് കേരളത്തിലെ ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ എയിഡഡ് ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ കോളജുകളിലും യു.ജി കോഴ്‌സിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേരളീയരായ സംവരണമില്ലാത്ത വിഭാഗക്കാര്‍ക്ക് (ഇ.ഡബ്ല്യു.എസ് – എക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്) പ്രത്യേകം സീറ്റുകള്‍ 2019 അധ്യയനവര്‍ഷത്തില്‍ അനുവദിച്ചിരുന്നു.

ഈവര്‍ഷം എന്‍ജിനിയറിങ് കോഴ്‌സുകളിലേക്ക് കൂടി ഇ ഡബ്ല്യു.എസ് സംവരണം നടപ്പിലാക്കുന്നുണ്ട്. കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് ഇ.ഡബ്ല്യു.എസ് സംവരണത്തിന് അര്‍ഹതയുണ്ടായിരിക്കും. വരുമാനം കണക്കാക്കുമ്പോള്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, തൊഴിലില്ലായ്മാ വേതനം, ഉത്സവബത്ത, യാത്രാബത്ത, ജോലിയില്‍നിന്ന് പിരിയുമ്പോഴുള്ള ടെര്‍മിനല്‍ ആനുകൂല്യങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി മേഖലകളിലെ അംഗീകൃത പരിധിക്കുള്ളിലെ ഹൗസ് പ്ലോട്ടുകളില്‍നിന്നുള്ള കാര്‍ഷികാദായവും ഒഴിവാക്കിയതില്‍പെടുന്നു.
പഞ്ചായത്ത് മേഖലയില്‍ രണ്ടര ഏക്കറിനും മുനിസിപ്പാലിറ്റി മേഖലയില്‍ 75 സെന്റിനും കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റിനും മുകളില്‍ ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് ഇ.ഡബ്ല്യു.എസ് സംവരണത്തിന് അര്‍ഹതയുണ്ടാവില്ല. ഗ്രാമമേഖലയിലും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധികളിലുമുള്ള ഭൂമി ഒരുമിച്ച് കൂട്ടിയാല്‍ രണ്ടര ഏക്കറില്‍ കൂടുതല്‍ വരുന്നവര്‍ക്കും അര്‍ഹതയുണ്ടാവില്ല. അതുപോലെ മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധികളിലെ ഭൂമി ഒരുമിച്ച് കൂട്ടിയാല്‍ 75 സെന്റിന് മുകളില്‍ വന്നാലും സംവരണം ലഭിക്കില്ല. എല്ലാ തരത്തിലുള്ള ഭൂമിയും അളവിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.

മുനിസിപ്പാലിറ്റി മേഖലയില്‍ 20 സെന്റിനും കോര്‍പറേഷന്‍ പരിധിയില്‍ 15 സെന്റിനും മുകളില്‍ ഹൗസ് പ്ലോട്ടുകള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സംവരണാര്‍ഹതയുണ്ടാവില്ല. ഒന്നിലധികം ഹൗസ് പ്ലോട്ടുകള്‍ ഉണ്ടെങ്കില്‍ ഒരുമിച്ച് കണക്കാക്കും. മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഹൗസ് പ്ലോട്ടുകള്‍ ഉണ്ടെങ്കില്‍ രണ്ടിനുമായി 20 സെന്റില്‍ കൂടുതലുണ്ടെങ്കിലും അര്‍ഹത ലഭിക്കില്ല.

അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗത്തിലോ മുന്‍ഗണനാ പട്ടികയിലുള്ള (പി.എച്ച്.എച്ച്) വിഭാഗത്തിലോ ഉള്ള റേഷന്‍കാര്‍ഡില്‍ പേരുള്ള അപേക്ഷകരെ മറ്റൊരു പരിഗണനയുമില്ലാതെ തന്നെ ഇ.ഡബ്ല്യു.എസ് സംവരണാര്‍ഹരായി കണക്കാക്കുന്നതാണ്. അത്തരം റേഷന്‍ കാര്‍ഡില്‍ പേരുള്ളയാളാണ് അപേക്ഷകര്‍ എന്ന് വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

വരുമാനം കണക്കാക്കുമ്പോള്‍ അപേക്ഷ നല്‍കുന്നതിന് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ കുടുംബ വാര്‍ഷിക വരുമാനമാണ് പരിഗണിക്കുക.
കുടുംബത്തിന്റെ മൊത്തം വസ്തു വകകളെക്കുറിച്ച് അപേക്ഷകന്‍ തന്നെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയതായി പിന്നീട് തെളിഞ്ഞാല്‍ അഡ്മിഷനുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും സര്‍ക്കാര്‍ നിശ്ചയിക്കുന്ന നടപടികള്‍ക്ക് വിധേയമാക്കുന്നതുമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള അധികാരി വില്ലേജ് ഓഫിസര്‍ ആണ്. പരാതികളുള്ളവര്‍ക്ക് അപ്പീലധികാരിയായ തഹസില്‍ദാരെ സമീപിക്കാം. അതിനും മുകളില്‍ ആര്‍.ഡി.ഒ റിവിഷണല്‍ അധികാരിയായിരിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.