2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കിഴക്കന്‍ മേഖലയില്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങള്‍ പെരുകുന്നു

ദീപു ശാന്താറാം

കോതമംഗലം: പകര്‍ച്ചവ്യാധികള്‍ ഭയാനകമായി കാര്‍ന്ന് തിന്നുന്ന കിഴക്കന്‍ മേഖലയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാജ ചികിത്സകര്‍ വിലസുന്നു. ഇവരുടെ കെണിയില്‍പ്പട്ട് മരണത്തിലേക്ക് നടന്നടുക്കുന്നവരുടെയെണ്ണത്തില്‍ ക്രമാതീതമായവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആയുര്‍വ്വേദം, അലോപ്പതി,പാരമ്പര്യ ചികിത്സ എന്നുവേണ്ട എല്ലാചികിത്സാ ശാഖയിലും അടുത്തകാലത്ത് വ്യാജന്‍മാരുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്.
തിരക്കേറിയ കോതമംഗലത്തെ പ്രമുഖ ആശൂപത്രികളില്‍ പോലും വ്യാജഡോക്ടര്‍മാരുണ്ടെന്നാണ് ലഭ്യമായ വിവരം. സമീപപ്രദേശങ്ങളായ കുട്ടംപുഴ, വടാട്ടുപാറ പൂയംകൂട്ടി, നാടുകാണി, മാലിപ്പാറ എന്നിവിടങ്ങളിലും വ്യാജന്‍മാര്‍ ചികിത്സാലയങ്ങള്‍ നടത്തുന്നുണ്ട്. പരസ്യമായും അല്ലാതെയും ഇക്കുട്ടര്‍ നടത്തുന്ന ചികിത്സാ കേന്ദ്രങ്ങള്‍ക്ക് കണക്കില്ല. നാടുകാണിയില്‍ ഒരു സന്യാസിനിയാണ് അനധികൃത ചികിത്സാലയം നടത്തുന്നത്. രോഗനിര്‍ണ്ണയവും കുത്തിവയ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതും മരുന്നുകള്‍ നല്‍കുന്നതും ഇവര്‍ തന്നെ.
കുട്ടംപുഴയില്‍ സര്‍ക്കാര്‍ ആശുപത്രിക്ക് അഭിമുഖമായിട്ടാണ് വര്‍ഷങ്ങളായി ഐ.പി വിഭാഗം വരെയുള്ള വ്യാജ ചികിത്സാലയം പ്രവര്‍ത്തിച്ചുവരുന്നത്. രണ്ട് ഡോസ് മരുന്നിനും ട്രിപ്പിനും കൂടി ഇവിടുത്തെ ബില്ല് 900 ത്തോളം വരുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചികിത്സപ്പിഴവിന് ഇവിടുത്തെ ഡോക്ടര്‍ നേരത്തെ നാട്ടുകാരുടെ കൈയ്യുടെ ചൂട് നന്നായി അനുഭവിച്ചിണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. മാലിപ്പാറയില്‍ നേഴ്‌സിന്റെ നേതൃത്വത്തിലാണ് അനധികൃത ചികിത്സാലയം നടന്നുവരുന്നത്. വടാട്ടുപാറയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ ആശുപത്രിയുടെ ശാഖയില്‍ വന്നുപോകുന്ന ഡോക്ടറര്‍മാരും വ്യാജന്‍മാരാണെന്നാണ് വിവരം. കീരംപാറയില്‍ വിശുദ്ധന്റെ നാമത്തില്‍ ആരംഭിച്ചിട്ടുളള ചികിത്സാലയത്തില്‍ ലഭ്യമാവുന്നതും വ്യാജഡോക്ടറുടെ സേവനം തന്നെ. ഒരു താലൂക്കിലെ സ്ഥിതി ഇതാണെങ്കില്‍ ജില്ലയിലെ സ്ഥിതി ഇതിന്റെ പതിന്‍മടങ്ങായിരിക്കാമെന്നും ഇത്തരത്തില്‍ കണക്കുകൂട്ടിയാല്‍ സംസ്ഥാനത്ത് ഇക്കുട്ടരുടെയെണ്ണം ചിന്തകള്‍ക്കപ്പുറമായിക്കുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പാരമ്പര്യ ആയുവ്വേദചികത്സകര്‍ എന്നു പേരെടുത്തിട്ടുള്ളവര്‍ തയ്യാറാക്കുന്ന മരുന്നുകളില്‍ പലതിലും മാരകമായ അളവില്‍ അലോപ്പതി വേദന സംഹാരികള്‍ ചേര്‍ത്തിട്ടുള്ളതായി സ്ഥിരികരിക്കപ്പെട്ടു കഴിഞ്ഞു. പാരസറ്റമോള്‍, ബ്രൂസല്‍, പ്രഡ്‌നിസോള്‍, സ്റ്റിറോയിഡ് മുതലായവയാണ് ആയുര്‍വ്വേദ മരുന്നുകളില്‍ പൊടിച്ച് ചേര്‍ത്തതായികണ്ടെത്തിയിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ കണക്കിലെടത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഒരുഡോക്ടര്‍ തന്റെ ഏതാനും രോഗികളില്‍ നടത്തിയ വിശദമായ പഠനത്തില്‍ ലഭിച്ചവിരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇവരില്‍ ഒട്ടുമിക്കവരും മറ്റ് ചികിത്സാരീതികള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരായിരുന്നു.
പതിയെ ആളെക്കൊല്ലുന്നതില്‍ സ്റ്റിറോയിഡുകള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. സ്റ്റിറോയിഡുകളുടെ സ്ഥിരമായ ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കും. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും യഥേഷ്ടം സ്റ്റിറോയിഡുകള്‍ വാങ്ങി ആയൂര്‍വ്വേദ, ഹോമിയോ ചികത്സകര്‍ രോഗികള്‍ക്കു നല്‍കുന്ന മരുന്നുകളില്‍ പൊടിച്ചുചേര്‍ക്കുന്നു. ഇത്തരത്തില്‍ തയ്യാറാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികളില്‍ ആദ്യഘട്ടത്തില്‍ രോഗത്തിന് ആശ്വാസം ഉണ്ടാകുമെങ്കിലും കാലക്രമത്തില്‍ പ്രതിരോധശേഷി നഷ്ടപ്പെട്ട് രോഗം മൂര്‍ഛിക്കുകയും താമസിയാതെ രോഗിമരണപ്പെടുകയും ചെയ്യും.
ചികത്സപ്പിഴവുമൂലം കാര്യം കൈവിട്ടപോകുന്നുവെന്ന് കണ്ടാല്‍ എന്തെങ്കിലും ഒഴിവുകിഴുവുകള്‍ പറഞ്ഞ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ് ഇവരുടെ രീതി. അടുത്തിടെ കോതമംഗലം പൊലിസ് നെല്ലിക്കുഴിയില്‍ നിന്നും പൊക്കിയ ഒറ്റമൂലി ചികത്സകന്റെ വീട്ടില്‍ അലോപ്പിതിമരുന്നുകളുടെ കെട്ടുകണക്കിന് കാലിയായ സ്ട്രിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതോടോപ്പം കണ്ടെടുത്ത ചാക്കുകണക്കിന് മരുന്നുശേഖരത്തില്‍ ഒട്ടുമിക്കതും കാലാവധി പിന്നിട്ടതുമായിരുന്നു.
മൂവാറ്റുപുഴയിലെ മൂലക്കരു ചികത്സാലയത്തില്‍ അന്യസംസ്ഥാനക്കാരനായ ഡോക്ടര്‍ രോഗിക്ക് ഒരുമാസം കഴിക്കാന്‍ കുറിച്ച് നല്‍കിയത് വേദനയ്ക്കും നീര്‍ക്കട്ടിനുമുള്ള പാരസറ്റാമോള്‍ മാത്രം. ദര്‍ശനത്തിന് വാങ്ങിയതാവട്ടെ 300 രൂപയും. ഇത്തരം സ്ഥാപനങ്ങളിലേക്ക് ആളുകളെ എത്തിക്കാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ സ്ഥാപന നടത്തിപ്പുകാര്‍ ജോലിക്കാരെ നിയോഗിക്കുന്നുമുണ്ട്. അനധികൃത ചികത്സാലയങ്ങളുടെ പെരുപ്പത്തിന് കുടപിടിക്കുന്നത് സര്‍ക്കാര്‍ തന്നെയെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പിന്റെ കുറ്റകരമായ അനാസ്ഥ ഇക്കാര്യത്തിലുണ്ടെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ചട്ടങ്ങള്‍ ലംഘിച്ചുള്ള അന്യസംസ്ഥാനക്കാരായ ഡോക്ടര്‍മാരുടെ ഇവിടുത്തെ പ്രാക്ടീസും ചികിത്സ രംഗത്തെ അയോഗ്യരുടെ കടന്നുകയറ്റവുമെല്ലാം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവരുടെ മൂക്കിനു കീഴെയാണ് വ്യാജന്‍മാര്‍ വിലസുന്നതെന്നാണ് പച്ചയായ യാഥാര്‍ഥ്യം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.