ബിഷ്കെക്: മുന്‍ സോവിയറ്റ് യൂനിയന്‍ സംസ്ഥാനമായ കിര്‍ഗിസ്ഥാനില്‍ ഒരാഴ്ചയ്ക്കിടെ നടന്നത് രക്തരഹിത വിപ്ലവം. തെരഞ്ഞെടുപ്പിലെ വ്യാപക കൃത്രിമവും വോട്ടുകച്ചവടവും വ്യക്തമായതോടെ തെരുവിലിറങ്ങിയ ജനങ്ങള്‍ പാര്‍ലമെന്റും പ്രസിഡന്റിന്റെ ഓഫിസും കൈയേറുകയും ജയിലില്‍ കിടന്ന നേതാവിനെ മോചിപ്പിച്ച് പ്രധാനമന്ത്രിയാക്കുകയും ചെയ്തത് ദിവസങ്ങള്‍ക്കുള്ളിലാണ്. അതിനാല്‍ തന്നെ കിര്‍ഗിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി സഡ്യര്‍ ജാപറോവ് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്നാരോപിച്ച് ജനക്കൂട്ടം തെരുവിലിറങ്ങുകയും പാര്‍ലമെന്റിലേക്കും പ്രസിഡന്റിന്റെ ഓഫിസിലേക്കും ഇരച്ചുകയറുകയും ചെയ്തതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് രാജ്യത്തെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി കുബത്ബെക് ബൊറോനോവ് രാജിവച്ചു. നിയമസഭാ അംഗങ്ങളുടെ യോഗത്തില്‍ അദ്ദേഹവും സ്പീക്കര്‍ ദസ്താന്‍ ജുമാബെകോവും രാജി സമര്‍പ്പിച്ചു.
പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഒരു ഹോട്ടലില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് ജാപറോവിനെ താല്‍ക്കാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഇദ്ദേഹത്തെ പ്രക്ഷോഭകര്‍ ചൊവ്വാഴ്ച ജയിലില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. 2013ല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബന്ദിയാക്കിയെന്നാരോപിച്ച് 11 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു ജാപറോവ്. തിങ്കളാഴ്ച ജയില്‍മോചിതനായ അദ്ദേഹം ചൊവ്വാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിനിടെ റഷ്യന്‍ അനുകൂല പ്രസിഡന്റ് സൂറോന്ബെ ജീന്ബെകോവിനെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.