2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പിണറായി മുമ്പ് എതിര്‍ത്ത പദ്ധതിക്ക് ഭരണത്തിലെത്തിയപ്പോള്‍ പച്ചക്കൊടി

  • കാസര്‍കോട് കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് വീണ്ടും അനുമതി

  • പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പി.കരുണാകരന്‍ എം.പിയും പദ്ധതിയെ നേരത്തെ എതിര്‍ത്തിരുന്നു

  • ഖനനത്തിന് അനുമതി നല്‍കിയെന്ന് മുംബൈ ആസ്ഥാനമായുള്ള ആശാപുര കമ്പനിയാണ് വെളിപ്പെടുത്തിയത്

  • ഖനനം പോയിട്ട് പഠനം പോലും അനുവദിക്കില്ലെന്ന് സമര സമിതി

  • ഖനനത്തിലൂടെ ഇല്ലാതാവുക വടക്കന്‍ മലബാറിലെ ജൈവ കലവറ

അനൂപ് പെരിയല്‍

നീലേശ്വരം: കാസര്‍കോട് ജില്ലയിലെ കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ മുംബൈ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ആശാപുര വീണ്ടും ബോക്‌സൈറ്റ് ഖനനത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഇതു സംബന്ധിച്ചു ഉറപ്പു നല്‍കിയതായി ആശാപുര കമ്പനി ജനറല്‍ മാനേജര്‍ സന്തോഷ് കുമാര്‍ മേനോന്‍ വെളിപ്പെടുത്തി. ഖനനത്തിനു അനുമതി ലഭിച്ചതായും ഖനന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രദേശത്തെ ജനകീയ സമിതിയുടെ എതിര്‍പ്പുകളെ മാനിക്കുന്നില്ലെന്നും സന്തോഷ് കുമാര്‍ മേനോന്‍ പറഞ്ഞു. മാവോയിസ്റ്റുകളുടെ എതിര്‍പ്പുകള്‍ പോലും മറികടന്നു ഖനനം ആരംഭിക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.
അതുപോലെ ഈ എതിര്‍പ്പുകളേയും മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

കടലാടിപ്പാറയില്‍ ഖനനം അനുവദിച്ചുവെന്ന ആശാപുര അധികൃതരുടെ വെളിപ്പെടുത്തല്‍ ഇടതുമുന്നണിയെ വിഷമ വൃത്തത്തിലാക്കിയിട്ടുണ്ട്. നേരത്തെ ഖനനത്തിന് അനുമതി നല്‍കിയ സമയത്ത് പ്രാദേശിക എതിര്‍പ്പുകള്‍ വന്നപ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും പി.കരുണാകരന്‍ എം.പിയും സമരസമിതിക്കൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശാപുര കമ്പനിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ഇടതുമുന്നണി നേതൃത്വം വിഷമവൃത്തത്തിലായിരിക്കുകയാണ്. മാവോയിസ്റ്റുകളെ തുരത്തി പോലും ഖനനം നടത്തിയിട്ടുണ്ടെന്നുള്ള കമ്പനിയുടെ അവകാശ വാദവും പ്രാദേശിക എതിര്‍പ്പിനോടുള്ള വെല്ലുവിളിയായി സമര സമിതി കാണുന്നു. അതേസമയം കടലാടിപാറയില്‍ ഖനനം പോയിട്ട് പഠനം പോലും അനുവദിക്കില്ലെന്ന് സമര സമിതി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

pinarayi

കഴിഞ്ഞ സമരകാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കടലാടിപ്പാറ സന്ദര്‍ശിക്കുന്നു (ഫയല്‍)

2006 ലാണ് കടലാടിപ്പാറയില്‍ ഇരുന്നൂറേക്കര്‍ സ്ഥലത്ത് ഖനനം നടത്താന്‍ ആശാപുര ശ്രമം തുടങ്ങിയത്. അതേത്തുടര്‍ന്ന് ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നു. എന്നാല്‍ അന്നു സമരത്തിനു നേതൃത്വം നല്‍കിയ സി.പി.എമ്മിനെപോലും വെട്ടിലാക്കിക്കൊണ്ട് 2007ല്‍ അന്നത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് വ്യവസായവകുപ്പ് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പി.കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനെ സമീപിച്ച് തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്പ്പിച്ചു.

2013 ല്‍ വീണ്ടും ആശാപുര രംഗത്തെത്തുകയും പാരിസ്ഥിതികാഘാത പഠനത്തിനും ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നതിനും കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. പ്രദേശത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയായിരുന്നു ഈ അപേക്ഷ. അതോടെ വീണ്ടും ശക്തമായ ജനകീയ പ്രക്ഷോഭം ഉയരുകയും ചെയ്തു. പ്രധാന രാഷ്ട്രീയ കക്ഷികളുടേയും യുവജന സംഘടനകളുടേയും സംസ്ഥാന നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് സമരത്തിന് പിന്തുണയും നല്‍കിയിരുന്നു. തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഖനനാനുമതി റദ്ദുചെയ്യുമെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ സബ്മിഷനു മറുപടിയായി നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പഠനത്തിനെന്ന പേരില്‍ ആശാപുരയുടെ ഒരു സംഘം സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു തിരിച്ചു പോയി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജെ.അന്‍സാരിയുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയിരുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് കടലാടിപ്പാറയില്‍ വന്‍ ബോക്‌സൈറ്റ് ഖനനം ഉണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ബോക്‌സൈറ്റ് ഖനനം നടത്തുന്ന ആശാപുര കമ്പനിയുമായി സര്‍ക്കാര്‍ ഖനനത്തിനുള്ള പ്രാഥമിക ചര്‍ച്ച നടത്തുകയായിരുന്നു. വന്‍ തുകയ്ക്ക് പാട്ടത്തിനാണ് ഭൂമി കമ്പനിക്ക് നല്‍കുക. ഖനത്തിലൂടെ കമ്പനിക്കും വന്‍ തുക ലഭിക്കും. എന്നാല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമര സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തു വന്നത്. പ്രാദേശിക എതിര്‍പ്പിനെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഇടതുമുന്നണിയില്‍ പ്രാദേശിക തലത്തില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് ഇത് ഇട നല്‍കുക.

ജൈവ കലവറ

ഏക്കറുകളോളം നീണ്ടുകിടക്കുന്ന ജൈവ കലവറയാണ് കടലാടിപ്പാറ. കടലാടിപ്പാറയില്‍ നിന്നും നോക്കിയാല്‍ കടല്‍ കാണാന്‍ കഴിയുന്നതുകൊണ്ടാണ് ആ പേരു ലഭിച്ചത്. അതല്ല പണ്ടു കാലത്ത് കിഴക്കന്‍ മലയോരത്തു നിന്നും ഒരു കുടുംബം വാവ് ദിവസം ബലി തര്‍പ്പണത്തിനായി കടല്‍തേടി പോയി എന്നും ഈ പാറയില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരാളെ കാണാത്തതിനാല്‍ അവിടെ വിശ്രമിച്ചുവെന്നും സമയം ഏറെ വൈകിയതിനാല്‍ കടലിനെ നോക്കി അവിടെ നിന്നുതന്നെ ബലി തര്‍പ്പണം ചെയ്തുവെന്നും അങ്ങനെയാണ് ഈ പേര് ലഭിച്ചതെന്നുമാണ് മറ്റൊരു ഐതീഹ്യം.

പട്ടാണിപാറ എന്നും ഇതിനു പേരുണ്ട്. നിരവധി അപൂര്‍വയിനം പൂമ്പാറ്റകളുടേയും ഓര്‍ക്കിഡുകളുടേയും സസ്യ, ജന്തുജാലങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് കടലാടിപ്പാറ. ഖനന ഭീതി അകന്നതായി കരുതിയിരിക്കുമ്പോഴാണ് ഖനനത്തിനു അനുമതി ലഭിച്ചതായുള്ള വെളിപ്പെടുത്തല്‍ വന്നത്. കടലാടിപ്പാറയില്‍ ആശാപുരയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍. വരുംദിനങ്ങളില്‍ ഖനനത്തിനെതരേയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താനും നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.