2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാവേരി ട്രൈബ്യൂണൽ വിധി: അനുവദിച്ച ജലം പാഴാക്കൽ തുടർന്ന് കേരളം

   

വരൾച്ചാ പ്രതിരോധത്തിന് സംസ്ഥാനം ചെലവഴിക്കുന്നത് ലക്ഷങ്ങൾ
ഷഫീഖ് മുണ്ടക്കൈ
കൽപ്പറ്റ
അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട കാവേരി ട്രൈബ്യൂണൽ വിധി പ്രകാരമുള്ള വെള്ളം ഉപയോഗിക്കാൻ വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതികളാവിഷ്‌കരിക്കാതെ കേരളം. 2007ൽ കാവേരി ട്രൈബ്യൂണലും 2018 ഫെബ്രുവരിയിൽ സുപ്രിംകോടതിയും അനുവദിച്ച 30 ടി.എം.സി ജലം ഉപയോഗപ്പെടുത്താനാണ് ഇനിയും പദ്ധതികളില്ലാത്തത്. 21 ടി.എം.സി ജലം കബനി തടത്തിലും ആറ് ടി.എം.സി ഭവാനി പുഴയുടെ തീരങ്ങളിലും മൂന്ന് ടി.എം.സി പമ്പാർ തടത്തിലും കേരളത്തിന് ഉപയോഗപ്പെടുത്താമെന്നായിരുന്നു ട്രൈബ്യൂണൽ വിധി. ഇത് സുപ്രിംകോടതിയും ശരിവച്ചിരുന്നു.
വയനാട്ടിലെ കബനി പുഴയിൽനിന്ന് മാത്രം 21 ടി.എം.സി ജലം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും ഇതിന് പദ്ധതികളാവിഷ്‌ക്കരിക്കാതെ വരൾച്ചാ പ്രതിരോധത്തിന് വർഷാവർഷം ലക്ഷങ്ങളാണ് സർക്കാർ ചെലവഴിക്കുന്നത്. കബനിയിലെ ജല വിനിയോഗം സംബന്ധിച്ച് പഠിക്കുന്നതിന് മുൻ വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ ബജറ്റിൽ 10 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും ഇതിലും തുടർനടപടികളുണ്ടായിട്ടില്ല. കൃഷിയിടത്തിൽ ജലസേചന സൗകര്യങ്ങളില്ലാത്തത് കാരണം സംസ്ഥാനത്ത് നിരവധി കർഷകരാണ് മേഖലയിൽനിന്ന് പിന്മാറുന്നത്.
കാവേരിയിലേക്ക് സംസ്ഥാനത്ത് നിന്നുള്ള വിഹിതത്തിന്റെ തോതനുസരിച്ചുള്ള ജലം നേടുന്നതിൽ പരാജയപ്പെട്ടതിന് പുറമേ, ലഭിച്ച ജലവും ഉപയോഗപ്പെടുത്താത്ത നടപടിക്കെതിരേ കാർഷിക മേഖലയിൽ പ്രതിഷേധം ശക്തമാണ്. വിവിധ പദ്ധതികൾക്കായി 99.8 ടി.എം.സി ജലം ലഭ്യമാക്കണമെന്നായിരുന്നു ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ച കേരളത്തിന്റെ ആവശ്യം.
എന്നാൽ കർണാടകയ്ക്ക് 14.75 ടി.എം.സി ജലം അധികം നൽകണമെന്നായിരുന്നു നാലു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കവിഷയത്തിൽ സുപ്രിം കോടതിയുടെ അന്തിമ വിധി.
തമിഴ്‌നാടിന് ട്രൈബ്യൂണൽ അനുവദിച്ച 192 ടി.എം.സി ഭേദഗതി ചെയ്താണ് കർണാടകയുടെ വിഹിതം വർധിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങൾ ജലവിഹിതം വിവിധ പദ്ധതികൾ നടപ്പാക്കി കാര്യക്ഷമമായി ഉപയോഗപ്പെടുമ്പോഴാണ് കേരളം അവകാശപ്പെട്ട ജലം ഉപയോഗപ്പെടുത്താതെ കർണാടകയിലേക്ക് ഒഴുക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.