
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളജുകളിലെ 2016-2017 വാര്‍ഷിക ഫീസ് വര്‍ധനയും സര്‍വകലാശാല ഫീസുകളില്‍ വരുത്തിയ 10 ശതമാനം വര്‍ധനയും പിന്‍വലിച്ചു.
ഇന്നലെ വി.സി ഡോ. കെ.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണു തീരുമാനം. കൂടാതെ ജില്ലാതല സമിതികള്‍ ശുപാര്‍ശ ചെയ്ത കോളജുകള്‍ക്കും കോഴ്സുകള്‍ക്കും അംഗീകാരം നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. നേരത്തെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സിന്‍ഡിക്കേറ്റില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നതിനെ തുടര്‍ന്നു പ്രതിഷേധം താല്‍ക്കാലികമായി സംഘടനകള്‍ നിറുത്തിവയ്ക്കുകയായിരുന്നു.
സിന്‍ഡിക്കേറ്റ് യോഗത്തിലെടുത്ത മറ്റു തീരുമാനങ്ങള്‍: സര്‍വകലാശാലാ പഠനവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് ഉപസമിതി തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു.
സര്‍വകലാശാലാ പഠനവകുപ്പുകളിലും സ്വകാര്യ എയ്ഡഡ് കോളജുകളിലും അധ്യാപകനിയമനത്തിന് ബി.എഡ് പഠിച്ചവര്‍ക്ക് വെയിറ്റേജ് ഉണ്ടാവില്ല. ഒരു സ്വാശ്രയ കോളജില്‍ നിന്ന് മറ്റൊരു സ്വാശ്രയ കോളജിലേക്ക് ഒരു വിദ്യാര്‍ഥിക്ക് മാറ്റം അനുവദിച്ചു. ഇത് പ്രത്യേക കേസായി പരിഗണിച്ചാണു തീരുമാനം. കാംപസിലെ പട്ടിശല്യം നിയന്ത്രിക്കുന്നതിന് കോഴിക്കോട് കോര്‍പറേഷന്റേയും മറ്റു ഗവണ്മെന്റ് ഏജന്‍സികളുടേയും സഹായം തേടും.
30 സ്വീപ്പര്‍ കം സ്കാവഞ്ചര്‍ തസ്തിക 60 പാര്‍ട്ട്-ടൈം സ്വീപ്പര്‍ തസ്തികയാക്കി മാറ്റിയ നടപടിയില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് ഉന്നയിച്ച തടസ വാദങ്ങള്‍ വിശദപഠനത്തിനായി മാറ്റി.