2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

കാലത്തിന്റെ ചുവരെഴുത്ത് യശ്വന്ത് സിന്‍ഹ വായിക്കുന്നു


ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്തിത്വം ഇല്ലാതാക്കി തന്നിഷ്ടപ്രകാരം ഭരണവും പാര്‍ട്ടിപ്രവര്‍ത്തനവും നടത്തിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി പ്രസിഡന്റ് അമിത് ഷാക്കും നേരെയുള്ള ആദ്യത്തെ വിമര്‍ശന കൂരമ്പ് തല മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ എയ്തുവിട്ടിരിക്കുന്നു. ഭയം വിട്ടെറിഞ്ഞു തല മുതിര്‍ന്ന നേതാക്കള്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അപ്രമാദിത്വത്തിനെതിരേ യശ്വന്ത് സിസിന്‍ഹ എയ്തുവിട്ട ഗാണ്ഡീവം ഏറ്റെടുക്കുമോ തുടര്‍ ദിവസങ്ങളില്‍ എന്നാണ് ഇനി അറിയേണ്ടത്.

ഭയംമൂലം ബി.ജെ.പിയിലെ പല നേതാക്കളും നാവടക്കിക്കൊണ്ടിരിക്കുന്ന പരിതാപകരമായ അവസ്ഥയില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധി സധൈര്യം വിളിച്ചുപറഞ്ഞ മുന്‍ ധനകാര്യ മന്ത്രി കാലത്തിന്റെ ചുവരെഴുത്തകള്‍ വായിക്കാന്‍ തുടങ്ങിയിരിക്കുന്നു. വാജ്‌പേയ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ഇപ്പോഴത്തെ പ്രതിസന്ധിക്ക് യു.പി.എ ഭരണത്തെ പഴി പറയാന്‍ തയ്യാറല്ല. എല്ലാ കൊള്ളരുതായ്മകള്‍ക്കും നിശ്ശബ്ദ സാക്ഷിയായ ധനമന്ത്രിതന്നെയാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ ഒന്നാം പ്രതി. ഭയം പിടികൂടിയ പ്രവര്‍ത്തകസമിതിയാണ് ബി.ജെ.പിക്കുള്ളതെന്ന് യശ്വന്ത് സിന്‍ഹ പറയാതെ പറഞ്ഞുവച്ചിരിക്കുകയാണ്.

രണ്ടുപേര്‍ രാജ്യത്തിന് വരുത്തിവച്ച അനര്‍ഥങ്ങള്‍ അക്കമിട്ട് നിരത്താന്‍ കാലം കണ്ടുവച്ചത് ആ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവിനെയാണ്. ഉയര്‍ന്ന മൂല്യങ്ങളുള്ള നോട്ടുകളുടെ നിരോധനം രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ നട്ടെല്ലൊടിക്കുമെന്ന മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കിയത് നരേന്ദ്ര മോദിക്കും അമിത് ഷാക്കും മനസ്സിലാകാഞ്ഞിട്ടല്ല. രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സര്‍വകലാശാലാ വിദ്യാര്‍ഥികളുടെയും കര്‍ഷകരുടെയും ആദിവാസി ദലിത് വിഭാഗങ്ങളുടെയും അതിശക്തമായ പ്രക്ഷോഭ കൊടുങ്കാറ്റില്‍നിന്നു ഭരണത്തെ സംരക്ഷിച്ച് നിര്‍ത്തുവാനും ജനശ്രദ്ധ തിരിച്ചുവിടാനും നരേന്ദ്ര മോദിയും അമിത് ഷായും കണ്ട കുറുക്ക് വഴിയായിരുന്നു ഭീകരവാദികളുടെ പേരിലും കള്ളപ്പണക്കാരുടെ പേരിലും കുറ്റം ചാര്‍ത്തിക്കൊണ്ടുള്ള നോട്ട് നിരോധനം. തന്നെ പച്ചക്ക് തീ കൊളുത്തിക്കോളൂ നോട്ട് നിരോധനം പരാജയപ്പെട്ടാലെന്ന നരേന്ദ്ര മോദിയുടെ വാചാലതയില്‍ ജനം വീഴുകയും ചെയ്തു.

വാക്ചാതുരി എപ്പോഴും രക്ഷയ്‌ക്കെത്തുകയില്ലെന്ന് യശ്വന്ത് സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ, എനിക്കിപ്പോള്‍ സംസാരിക്കാനുണ്ട്, എന്ന ലേഖനം വ്യക്തമാക്കുന്നു. ബി.ജെ.പിയില്‍ ഇപ്പോള്‍ കാര്യമായ ആലോചനകളോ ചര്‍ച്ചകളോ ഉണ്ടാകാറില്ല എന്നത് പകല്‍പോലെ സത്യമാണ്. പ്രവര്‍ത്തകസമിതി യോഗങ്ങളും ദേശീയ കൗണ്‍സിലുകളും രണ്ട് വ്യക്തികള്‍ ചേര്‍ന്നു ഹൈജാക്ക് ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് പ്രവര്‍ത്തകസമിതി യോഗങ്ങളിലും ദേശീയ കൗണ്‍സിലുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരുന്നു താമരമൊട്ടിലെ ഇതളുകള്‍ വിടര്‍ത്തി നേരം പോക്കുന്നത്. രണ്ടുപേരുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചാണ് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലനില്‍പ്പ്. അതു തന്നെയല്ലെ യശ്വന്ത് സിന്‍ഹ തന്റെ ലേഖനത്തിന്റെ വരികള്‍ക്കിടയിലൂടെ പറയുന്നതും.’ഭയം ചൂഴ്ന്ന് നില്‍ക്കുന്ന ഒരു സംലടനയില്‍ എതിര്‍ശബ്ദം ഉയരുകയില്ല. മുസോളിനിയുടെ ഇറ്റലിയിലും ഹിറ്റ്‌ലറുടെ ജര്‍മനിയിലും സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് റഷ്യയിലും ഇത് തന്നെയായിരുന്നു സംഭവിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അരുണ്‍ ജെയ്റ്റ്‌ലിക്ക് ധനകാര്യവും പ്രതിരോധവും ഉള്‍പ്പെടെ നാല് പ്രധാന വകുപ്പുകള്‍ നല്‍കിയത് അദ്ദേഹം നിശ്ശബ്ദനാകാന്‍ വേണ്ടിയായിരുന്നു. സ്വന്തം മകന്റെ സഹമന്ത്രി സ്ഥാനം പോലും വകവയ്ക്കാതെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയാന്‍ യശ്വന്ത് സിന്‍ഹയെ നിര്‍ബന്ധിതനാക്കിയിട്ടുണ്ടെങ്കില്‍ അത് ഇന്ത്യന്‍ ഫാസിസത്തിന്റെ തകര്‍ച്ചയുടെ ആരംഭമാണ്. എതിര്‍ക്കുന്നവരെ സി.ബി.ഐയെക്കൊണ്ടും ആദായനികുതി വകുപ്പിനെ കൊണ്ടും റെയ്ഡുകള്‍ നടത്തി നിശ്ശബ്ദരാക്കുകയാണ് സര്‍ക്കാരെന്ന് ബി.ജെ.പി നേതാവ് തന്നെയാണ് പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ ചൊരിഞ്ഞും അമിത് ഷാ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. രാജ്യം ഇത്തരമൊരു അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ആ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍ശബ്ദം ഉയരുന്നുവെന്നത് ഫാസിസത്തിന്റെ അനിവാര്യമായ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.