
ജില്ലയുടെ ചിരകാല സ്വപ്നമായിരുന്ന മുണ്ടേരി മരവയലിലെ എം.കെ ജിനചന്ദ്രന് സ്മാരക ജില്ല സ്റ്റേഡിയത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി വികസന ഫണ്ടില്‍നിന്ന് 18.62 കോടി ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. കിറ്റ്കോ മുഖേന എറണാകുളത്തെ ലീ ബില്‍ഡേഴ്സിനാണ് നിര്‍മാണ ചുമതല. ഒന്നാംഘട്ടത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി.
സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബാള്‍ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, 26,900 ചരുരശ്ര അടി വിസ്തീര്‍ണമുള്ള വി.ഐ.പി ലോഞ്ച്, കായികതാരങ്ങള്‍ക്ക് മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, രണ്ടു നിലകളുള്ള അഡ്മിനിസ്ട്രേറ്റിവ് കേന്ദ്രം എന്നിവയാണ് പദ്ധതിയിലുള്ളത്. അഡ്മിനിസ്ട്രേറ്റിവ് കേന്ദ്രം, ഫുട്ബാള്‍ ഗ്രൗണ്ട് എന്നിവയെല്ലാമാണ് ഒന്നാംഘട്ടത്തിലുള്ളത്. രണ്ടാംഘട്ട പ്രവൃത്തിക്കായി എട്ടുവരി സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.