
(മുഹമ്മദ് മുണ്ടേരി 9447428587)
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുകയും പതിറ്റാണ്ടുകള്‍ രാജ്യം ഭരിക്കുകയും ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടി സ്വന്തം കാലില്‍ എഴുന്നേറ്റു നില്ക്കാന്പോലും കഴിയാത്തവിധം തകര്‍ന്നുപോയ വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യത്തില്‍ കാമരാജ് നാടാറിന്റെ പ്രവചനം അനുസ്മരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. ഇന്ത്യ മുഴുവനും കോണ്‍ഗ്രസ് പുഷ്ക്കലമായി നിന്ന സന്ദര്‍ഭത്തില്‍ ആ പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് പ്രവചിച്ച കാമരാജിന്റെ ദൂരക്കാഴ്ച ആശ്ചര്യ പ്രകര്ഷതയോടെയല്ലാതെ അനുസ്മരിക്കാന്‍ കഴിയില്ല.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ രണ്ടാമത് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കുന്നതിനെക്കുറിച്ച് ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കാമരാജ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച പ്രവചിച്ചത്.
രാഷ്ട്രീയമായി കരുത്തു തെളിയിക്കാനുള്ള അവസരങ്ങളാണല്ലോ തെരഞ്ഞെടുപ്പുകള്‍. കോണ്‍ഗ്രസ്സുമായി ഒരു ധാരണയിലെത്തണമെന്ന് സ്വാഭാവികമായും ലീഗ് നേതാക്കള്‍ ആഗ്രഹിച്ചു. മുസ്്ലിം ലീഗിന് അസ്പൃശ്യത കല്പിച്ച കാലമായിരുന്നു അത്. വലിയ പ്രതീക്ഷയില്ലെങ്കിലും കേന്ദ്രത്തില്‍ സ്വാധീനമുള്ള കാമരാജിനെ ഇതിനായി ഉപയോഗപ്പെടുത്താന്‍ ലീഗ് നേതാക്കള്‍ തീരുമാനിച്ചു. ലീഗ് നേതാക്കളായ എം.എസ്.എ മജീദ്, കെ.ടി ശരീഫ്, മുഹമ്മദ് റാസാഖാന്‍ എന്നിവര്‍ ഇതുസംബന്ധിച്ച് കാമരാജുമായി മണിക്കൂറുകളോളം സംസാരിച്ചു.
മജീദിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയുടെ ഫലം പരാജയമായിരുന്നു. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ പിരിഞ്ഞു. ഇസ്്മാഈല്‍ സാഹിബിന്റെ നിര്‍ദേശപ്രകാരം മജീദും റാസാഖാനും ഒരിക്കല്‍ കൂടി കാമരാജുമായി കൂടിക്കാഴ്ച നടത്തി. നാല് മണിക്കൂറിലേറെ നടന്ന കൂടിക്കാഴ്ചയില്‍ ലീഗ് നേതാക്കളെ സശ്രദ്ധം കേട്ട കാമരാജ് പ്രതിരിച്ചതിങ്ങനെ: ”മറ്റാരുടെയും സഹായം ആവശ്യമില്ലാത്ത വിധം കോണ്‍ഗ്രസ് ശക്തമാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം ഉറപ്പ്. പുതുതായി നിലവില്‍ വന്ന കേരളത്തില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല. മദിരാശിയിലാണെങ്കില് കോണ്‍ഗ്രസ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമേയില്ല. 204 സീറ്റില്‍ 150 കോണ്‍ഗ്രസ് നേടും. (154 സീറ്റ് കോണ്‍ഗ്രസ് നേടുക തന്നെ ചെയ്തു). അതുകൊണ്ട് ലീഗടക്കമുള്ള പാര്‍ട്ടികളുടെ സഹായം കോണ്‍ഗ്രസിന് ആവശ്യമേയില്ല.”
അതേസമയം മുസ്്ലിം സമുദായത്തില്‍ ലീഗിനുളള സ്വാധീനം സമ്മതിച്ചുതരാന്‍ കാമരാജ് തയ്യാറായി. സഹകരണത്തിന്റെതായ ഒരു നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്തു. അതിങ്ങനെയായിരുന്നു: ”ലീഗ് നിര്‍ദേശിക്കുന്ന പത്തുപേരെ നിയമസഭയിലേക്കും മൂന്നോ നാലോ പേരെ പാര്‍ലമെന്റിലേക്കും മത്സരിപ്പിച്ചേക്കാം. പക്ഷേ, ഇവരെല്ലാം കോണ്‍ഗ്രസ് ടിക്കറ്റില്‍ വേണം മത്സരിക്കാന്‍. ജയിച്ചാല്‍ നിയമസഭയിലും പാര്‍ലമെന്റിലും ഇവര്‍ക്ക് മുസ്്്ലിംകളുടെ വക്താക്കളായി പ്രവര്ത്തിക്കുകയമാവാം. ഈ സാഹചര്യതില്‍, ഏറ്റവും നല്ല നിര്ദേശമാണിതെന്ന നിലപാടായിരുന്നു കാമരാജിന്. എന്നാല്‍ ലിഗ് നേതാക്കള്‍ക്ക് അംഗീകരിക്കാന്‍ കിഴിഞ്ഞില്ല.
പിരിയാന്‍ നേരം കാമരാജ് പറഞ്ഞു: ”ഇന്ന് കോണ്‍ഗ്രസ് മറ്റാരുടെയും സഹായം ആവശ്യമില്ലാത്തവിധം ശക്തമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകാനുള്ള സാധ്യത ഉറപ്പായും ഞാന്‍ കാണുന്നു. അന്ന് കോണ്‍സ്ര് മുസ്്്ലിം ലീഗിന്റെ സഹായത്തിനായി സമീപിക്കും. പക്ഷേ, ആ സമയത്ത് ലീഗ് ഈ സഹായഭ്യര്‍ഥന സ്വീകരിക്കണമെന്നില്ല. ജനസ്വാധീനം നഷ്ടപെട്ട് അതിവേഗം ദുര്ബലമാിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ സഹായിക്കുന്നത് കൊണ്ട് ഒരുപകാരവുമുണ്ടായിരിക്കുകയില്ല.
1967 മുതല്‍ കോണ്‍സ്രില്‍ ദുര്‍ബലമാകാനുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. കാമരാജിന്റെ പ്രവചനം സത്യമായി പുലര്‍ന്നു. വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങള്‍ കാമരാജ് എന്ന ദീര്‍ഘവീക്ഷണമുള്ള നേതാവിനെ ഓര്മിക്കാനുള്ള ഒരവസരവും കൂടിയാണ്.