2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കാന്‍സര്‍ ചികിത്സയില്‍  മലബാറില്‍ നിന്നൊരു സാന്ത്വനം


അത്യാധുനിക ചികിത്സാസൗകര്യങ്ങളോടെ കോഴിക്കോട്ടെ ചാത്തമംഗലം ചൂലൂരില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തനമാരംഭിച്ച എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കാന്‍സര്‍ ചികിത്സാരംഗത്ത് മലബാറിനൊരു പ്രതീക്ഷാ നാളമാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും വിധമാണ് കാന്‍സര്‍ രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഇന്ത്യയില്‍ 35,000 പേര്‍ കാന്‍സര്‍ രോഗബാധിതരാകുന്നു.  

മലബാറില്‍നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന രാത്രിവണ്ടികള്‍ കാന്‍സര്‍രോഗികളാലും അവരെ പരിചരിക്കുന്നവരാലും നിറഞ്ഞിരിക്കും. കാന്‍സറിനു സംസ്ഥാനത്തു മിതമായ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ഏകസ്ഥാപനം തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററാണ്. രോഗികളില്‍ ഏറെയും പേര്‍ ആര്‍.സി.സിയെ ആശ്രയിക്കുന്നത് ഇതിനാലാണ്. ഈയൊരു ചുറ്റുപാടില്‍ മലബാറിന്റെ മധ്യഭാഗത്ത് അത്യാധുനിക ചികിത്സാസൗകര്യങ്ങളോടെ, ലോകോത്തരമേന്മയുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രമാരംഭിച്ചത് അഭിനന്ദനീയംതന്നെ. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സമൂഹത്തിനു നല്‍കിയ ഏറ്റവും വലിയ പുണ്യമാണിത്.

മനുഷ്യര്‍ അറിഞ്ഞുമറിയാതെയും ചെയ്യുന്ന ദുഷ്‌കര്‍മങ്ങളുടെ അനന്തരഫലം തന്നെയാണ് ഇത്തരം മഹാമാരികളുടെ വ്യാപനത്തിനു കാരണമാകുന്നത്. കഴിഞ്ഞദിവസം ആശുപത്രി ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും ഇതുതന്നെയാണ്. അമിതലാഭം മോഹിച്ചു ചികിത്സാരംഗം സ്വകാര്യകുത്തകകള്‍ കൈയടക്കിയതോടെയാണു മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവു പണക്കാര്‍ക്കുപോലും താങ്ങാന്‍വയ്യാത്ത നിലയിലെത്തിച്ചത്. വൃക്ക മാറ്റിവയ്ക്കാനും കരള്‍ മാറ്റിവയ്ക്കുവാനുമുള്ള ശസ്ത്രക്രിയകള്‍ക്ക് അരക്കോടിയിലധികം ചെലവുവരുന്ന അവസ്ഥ സൃഷ്ടിച്ചതില്‍ ചികിത്സാ രംഗം കൈയടക്കിയ കുത്തകകള്‍ക്കു വലിയപങ്കുണ്ട്.

പ്രകൃതിയെയും മണ്ണിനെയും മറന്നുകൊണ്ടുള്ള ജീവിതക്രമവും കൃത്രിമഭക്ഷണവുമാണു ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കാനിടയാക്കിയത്. അമിതമായ രാസവളവും കീടനാശിനീപ്രയോഗവും നടത്തി തമിഴ്‌നാട്ടില്‍നിന്നു വരുന്ന പച്ചക്കറികള്‍ കേരളീയരില്‍ വലിയൊരുവിഭാഗത്തിനു കാന്‍സറുണ്ടാക്കുന്നുണ്ട്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു ജൈവപച്ചക്കറി കൃഷിക്കു സംസ്ഥാനത്തു വ്യാപകമായ പ്രചാരം ലഭിക്കാന്‍ തുടങ്ങിയത്. വീട്ടുവളപ്പുകളിലും ടെറസ് വീടുകളുടെ മട്ടുപ്പാവുകളിലും സ്‌കൂള്‍ വളപ്പുകളിലും ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നതു ജനങ്ങള്‍ കാന്‍സര്‍ രോഗത്തെക്കുറിച്ചു കൂടുതല്‍ അവബോധരാകുന്നുവെന്നതിന്റെ തെളിവാണ്.

കാന്‍സര്‍ ആശുപത്രികള്‍ സ്ഥാപിക്കുന്നതിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് വിഷഹാരികളായ പച്ചക്കറികളും അരിയും കേരളത്തിലേയ്ക്കു കടത്തിവിടുന്നതു തടയുന്നതിലാണെന്നു നടന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടതു ചിരിച്ചു തള്ളിക്കളയേണ്ടതല്ല. എന്നാലും, കാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കു ചുരുങ്ങിയചെലവില്‍ മതിയായ ചികിത്സ ലഭ്യമാക്കുംവിധമുള്ള ആശുപത്രികള്‍ ഉണ്ടാവുകതന്നെ വേണം. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ക്കു ചുരുങ്ങിയ വിലയ്ക്കു മരുന്നുലഭ്യമാക്കുവാന്‍ സംവിധാനമുണ്ടാകണം.

ജീവന്‍ രക്ഷാഔഷധങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന കുത്തകകളെ നിയന്ത്രിക്കാനും നിയമമുണ്ടാകണം. മരുന്നുകുത്തകകള്‍ക്കു ചില ഡോക്ടര്‍മാര്‍ കൂട്ടുനില്‍ക്കുന്നുവെന്നത് ചികിത്സാരംഗത്തെ മൂല്യച്യുതിയെയാണ് കാണിക്കുന്നത്. സ്വയം ആശുപത്രികള്‍ നിര്‍മിച്ച് പല ഡോക്ടര്‍മാരും കുത്തകകള്‍ക്കൊപ്പം ചേരുന്നു. പണം കുന്നുകൂടാനുള്ള ഒരു മാര്‍ഗമായാണു ചികിത്സയെ ഇവര്‍ കാണുന്നത്.
ചാത്തമംഗലം കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ചൂലൂരില്‍ ആരംഭിച്ച എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ നന്മയുടെ പൂമരമായി തീരേണ്ടതുണ്ട്. ലാഭക്കൊതിയില്ലാതെ ആരംഭിച്ച ഈ ആശുപത്രി നിലനില്‍ക്കേണ്ടതു പാവങ്ങളെ സംബന്ധിച്ച് അനിവാര്യവുമാണ്. പ്രതിദിനം 27 പേര്‍ക്കു സൗജന്യ ഡയാലിസിസും രോഗികളില്‍ 30 ശതമാനം പേര്‍ക്കു സൗജന്യചികിത്സയും വാഗ്ദാനം ചെയ്യുന്ന ഈ ആതുരാലയം മാരകരോഗങ്ങള്‍ക്കു ഭാരിച്ച ചികിത്സാചെലവു താങ്ങാനാവാതെ തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങള്‍ക്കു സാന്ത്വനം പകരുന്ന ആശ്ലേഷമായിത്തീരട്ടെ.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.