സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്ന് മിനിട്ടുകള്‍ക്കകം തന്നെ ഇ.ഡി ഉദ്യോഗസ്ഥര്‍ ശിവശങ്കര്‍ ആയുര്‍വേദ ചികിത്സ നടത്തുന്ന വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെത്തി. രണ്ടു ഉദ്യോഗസ്ഥര്‍ ആശുപത്രിക്ക് അകത്തേക്ക് പോയി. ശിവശങ്കറെ കസ്റ്റഡിയിലെടുക്കുന്നുവെന്ന് ചികിത്സിച്ചിരുന്ന ഡോക്ടര്‍ സുരേഷിനോട് പറഞ്ഞു. ഒരാഴ്ച കൂടി ചികിത്സ വേണമെന്നും കസ്റ്റഡി ഒഴിവാക്കികൂടെ എന്നും ഡോക്ടര്‍ ചോദിച്ചു. എന്നാല്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ എടുക്കുന്നുവെന്നും ചികിത്സ പിന്നീടാകാമെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. ശിവശങ്കറിന്റെ മുറിയിലെത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ സമന്‍സ് കൈമാറി. ഒരു എതിര്‍പ്പും കൂടാതെ ശിവശങ്കര്‍ ഇ.ഡി ഉദ്യോഗസ്ഥരോടൊപ്പം പുറത്തു പാര്‍ക്ക് ചെയ്തിരുന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ കാറിന്റെ പുറകിലെ സീറ്റില്‍ കയറി. അറസ്റ്റ് ചെയ്‌തോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ നിശബ്ദനായിരുന്നു ശിവശങ്കര്‍.
ഹൈക്കോടതിയില്‍ ജാമ്യഹരജി പരിഗണിക്കവെ, ആശുപത്രിക്ക് ഏതാനും വാര അകലെ എറണാകുളത്ത് നിന്നും പുലര്‍ച്ചയോടെ എത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ കാത്തു കിടന്നത് ശിവശങ്കറും മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല. ഉത്തരവ് വന്നു മിനിട്ടുകള്‍ക്കുള്ളില്‍ ശിവശങ്കര്‍ ഇ.ഡിയുടെ ‘പിടിയിലുമായി’.
Comments are closed for this post.