വിവര ശേഖരണം തുടങ്ങി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അടുത്തമാസം മുതല്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ലഭ്യമാകുമെന്ന് അറിയിച്ചതോടെ വാക്‌സിന്‍ നല്‍കുന്നതിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. രാജ്യത്തെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (ആശാ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍) ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതെന്നാണ് ഐ.സി.എം.ആറിന്റെ നിര്‍ദേശമുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവര ശേഖരണം നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ രണ്ടാം ഘട്ടത്തില്‍ പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ക്ക് കൂടി നല്‍കും.
26 ലക്ഷം വരുന്ന 50 വയസിന് മുകളിലുള്ളവര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയില്‍ നില്‍ക്കുന്ന പൊലിസുകാര്‍, മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, സായുധ സേന അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന രണ്ടു കോടി ആളുകള്‍ക്കുമാണ് രണ്ടാം ഘട്ടം വാക്‌സിന്‍ ലഭ്യമാക്കുക. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ആദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഇനി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. അതില്‍ ആരോഗ്യ വകുപ്പിലെയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. ഇവര്‍ക്കായിരിക്കും ഡാറ്റ ശേഖരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം. വാക്‌സിന്‍ നല്‍കിക്കഴിഞ്ഞാല്‍ ആ ആരോഗ്യ പ്രവര്‍ത്തകന്റെ ആരോഗ്യം നിരീക്ഷിക്കും. വാക്‌സിനെത്തിയാല്‍ അത് ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സ്റ്റോറേജ് സംവിധാനങ്ങളും ആരോഗ്യ വകുപ്പ് ഒരുക്കി കഴിഞ്ഞു. അതേസമയം, എത്ര വാക്‌സിന്‍ ലഭ്യമാക്കും, എത്ര ഡിഗ്രി സെല്‍ഷ്യസിലാണ് സൂക്ഷിക്കേണ്ടത് എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
Comments are closed for this post.