2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

കസ്റ്റഡി പീഡനം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകണം


നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരപ്രവര്‍ത്തകരെന്നു മുദ്രകുത്തി കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലുകളില്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കാന്‍ കാരണക്കാരാകുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി ഉണ്ടാകണമെന്നു ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷാ അധ്യക്ഷനായ പീപ്പിള്‍സ് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗുരുതരമായ കുറ്റംചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കു ക്രിമിനല്‍ നടപടികളില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ട്രിബ്യൂണലിന്റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിരവധി മുസ്‌ലിംചെറുപ്പക്കാരെയാണു ക്രിമിനല്‍ മനഃസ്ഥിതിയുള്ള അന്വേഷണോദ്യോഗസ്ഥര്‍ ജയിലറകള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെന്നു മുദ്രകുത്തി കശ്മിര്‍ കുപ്‌വാര സ്വദേശി സയ്യിദ് ലിയാഖത്ത് ഷായെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു രണ്ടുവര്‍ഷമാണു തുടര്‍ച്ചയായ പീഡനത്തിനിരയാക്കിയത്.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനു പ്രതികാരമായി ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയതാണു ലിയാഖത്ത് എന്നായിരുന്നു ഡല്‍ഹി പൊലിസിലെ പ്രത്യേക സെല്‍ കമ്മിഷണര്‍ എസ്.എന്‍ ശ്രീവാസ്തവ ആരോപിച്ചത്. ഇതെല്ലാം ഡല്‍ഹി പൊലിസ് കെട്ടിച്ചമച്ച കഥകളാണെന്നും ലിയാഖത്ത് നിരപരാധിയാണെന്നും എന്‍.ഐ.എ കണ്ടെത്തിയതിനെ തുടര്‍ന്നു ലിയാഖത്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

ഗുജറാത്തില്‍ നടന്ന പതിനേഴോളം വ്യാജ ഏറ്റുമുട്ടലുകള്‍ പൊലിസ് നടത്തിയ കൊലപാതകങ്ങളായിരുന്നുവെന്നു കൃത്യമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന സത്യസന്ധരായ രജനീഷ് റായ്, സതീഷ്‌വര്‍മ എന്നീ ഐ.പി.എസ് ഉദ്യോഗസ്ഥരെ പിന്നീട് ഗുജറാത്ത് സര്‍ക്കാര്‍ പീഡനങ്ങള്‍കൊണ്ടു പൊതിയുകയായിരുന്നു. ഡല്‍ഹിയിലെ ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ (ജെ.എസ്.ടി.എ) പുറത്തിറക്കിയ ഫ്രെയിംഡ് ഡാംഡ് അക്വിറ്റ്ഡ് എന്ന പുസ്തകത്തില്‍ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ ഡല്‍ഹി പൊലിസ് ഈ വിധം ഭീകരന്മാരാക്കിയതിന്റെ വിവരണമുണ്ട്.

ഭീകരരെന്നാരോപിച്ച് ഡല്‍ഹി സ്‌പെഷല്‍ പൊലിസ് അറസ്റ്റുചെയ്തു വര്‍ഷങ്ങളോളം ജയിലിലടച്ച നിരപരാധികളായ 16 മുസ്‌ലിം ചെറുപ്പക്കാരുടെ വിവരങ്ങള്‍ അടങ്ങിയതാണ് ഈ പുസ്തകം. നിരപരാധികളാണെന്നു കണ്ട് കോടതി ഇവരെ വിട്ടയക്കുകയായിരുന്നു. പതിനെട്ടുകാരനായ ഡല്‍ഹി സ്വദേശി മുഹമ്മദ് അമീര്‍ഖാനെ ഭീകരനെന്ന കുറ്റം ചുമത്തി 14 വര്‍ഷമാണു തിഹാര്‍ ജയിലിലടച്ചത്. തെളിവില്ലെന്നു കണ്ട് അമീര്‍ഖാനെയും കോടതി വെറുതെ വിട്ടു.

മലേഗാവ് നാന്ദേഡ് (മഹാരാഷ്ട്ര), മൊഡാസ (ഗുജറാത്ത്), മക്കാ മസ്ജിദ് (ഹൈദരാബാദ്), അജ്മീര്‍ ശരീഫ്(രാജസ്ഥാന്‍), സംത്സോത എക്‌സ്പ്രസ് എന്നീ സ്‌ഫോടനങ്ങളില്‍ മുസ്‌ലിംകളെ അറസ്റ്റു ചെയ്യുകയും പിന്നീടു നിരപരാധികളെന്നു കണ്ടെത്തി വിട്ടയച്ചു. ഇവരെ കള്ളക്കേസില്‍ കുടുക്കിയ പൊലിസുകാര്‍ക്കെതിരേ ഇതുവരെ നടപടികളൊന്നുമുണ്ടായില്ല. അഭിനവ് ഭാരത് എന്ന ഹിന്ദു സംഘടനയ്ക്കു സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നു സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിനുശേഷവും തുടരന്വേഷണങ്ങളൊന്നുമുണ്ടായില്ല.

ഈ കേസുകളില്‍ പിന്നീട് അറസ്റ്റ്‌ചെയ്യപ്പെട്ട യഥാര്‍ഥ പ്രതികളായ സന്യാസിനി പ്രജ്ഞാ ഠാക്കൂര്‍ , ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി അസിമാനന്ദ എന്നിവരെ രക്ഷിക്കാന്‍ പ്രസ്തുത കേസുകള്‍ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവരെ അറസ്റ്റുചെയ്ത മഹാരാഷ്ട്രാ ഭീകരവിരുദ്ധ സേനാ തലവന്‍ ഹേമന്ദ് കര്‍ക്കരെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. മലേഗാവ് സ്‌ഫോടനക്കേസിന്റെ അതേ വിധിതന്നെയായിരുന്നു ഹുബ്ലി ഗൂഢാലോചന കേസിലുമുണ്ടായത്.

പൊലിസ് പ്രതികളാക്കിയ പതിനേഴ് മുസ്‌ലിം ചെറുപ്പക്കാരെയും ഹുബ്ലി ജില്ലാ സെഷന്‍സ് കോടതി നിരപരാധികളാണെന്നു കണ്ട് 2015 ല്‍ മെയ് മാസത്തില്‍ വിട്ടയച്ചു. നീണ്ട ഏഴുവര്‍ഷമാണ് ഇവര്‍ ജയിലില്‍ പീഡനത്തിനിരയായത്. മുക്കം ഗോതമ്പ്‌റോഡ് സ്വദേശി യഹ്‌യ കമ്മുക്കുട്ടിയടക്കം മൂന്നു മലയാളികള്‍ ഇവരില്‍പ്പെടുന്നു. 2011 ല്‍ ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകക്കേസില്‍ മൗലാനാ നസ്‌റുദ്ദീനെ പ്രതിയാക്കി കേസെടുക്കുകയും ഒടുവില്‍ നിരപരാധിയാണെന്നു കണ്ടെത്തി വിട്ടയക്കുകയും ചെയ്തു.

ഇങ്ങനെ നിരവധി മുസ്‌ലിംകളെയാണു കുറ്റവാളികളായി ചിത്രീകരിച്ചു ജയിലിലടച്ചുകൊണ്ടിരിക്കുന്നത്. യു.എ.പി.എ കൈയില്‍പിടിച്ച് അര്‍ധരാത്രികളില്‍ മുസ്‌ലിംഭവനങ്ങളുടെ കതകില്‍ മുട്ടിവിളിച്ചു മുസ്‌ലിംകളെ ഭീകരരായി മുദ്രകുത്തി അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന കിരാതനടപടികള്‍ക്ക് അന്ത്യമുണ്ടാവുകതന്നെ വേണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.