2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കസ്റ്റംസിനൊപ്പം പോകവെ ദേഹാസ്വാസ്ഥ്യം; ശിവശങ്കര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: കസ്റ്റംസ്് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകവെ മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി എം.ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്താതി സമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന കരമനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന്് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ അടിയന്തരമായി ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിന് നോട്ടിസ് നല്‍കാനെത്തിയ കസ്റ്റംസ് സംഘത്തിനൊപ്പം വാഹനത്തില്‍ പോകുമ്പോഴായിരുന്നു ശിവശങ്കറിന് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആദ്യം ഫോണ്‍ മുഖേന അറിയിച്ചിരുന്നു. ആറ് മണിക്ക് ഹാജരാകാന്‍ അഞ്ച് മണിക്കായിരുന്നു വിവരം നല്‍കിയത്. എന്നാല്‍ തനിക്ക് നേരിട്ട് ഹാജരാകാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ള കസ്റ്റംസ് സംഘം അഞ്ചരയോടെ വീട്ടില്‍ എത്തി നോട്ടിസ് നല്‍കുകയായിരുന്നു. നോട്ടിസ് ലഭിച്ച ശിവശങ്കര്‍ കസ്റ്റംസിനൊപ്പം പോകാന്‍ തയാറായെന്നും എന്നാല്‍ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നുവെന്നുമാണ് പുറത്തു വന്ന വിവരം. കസ്റ്റംസ് തന്നെ ശിവശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ എന്‍.ഐ.എ സംഘവും ആശുപത്രിയില്‍ എത്തി.
ആശുപത്രിയില്‍ വച്ച് നടത്തിയ ഇ.സി.ജി പരിശോധനയില്‍ നേരിയ വ്യത്യാസം കണ്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അപ്പോള്‍ തന്നെ അഭിഭാഷകനെ ശിവശങ്കര്‍ അറിയിച്ചിരുന്നു. നല്‍കിയ നോട്ടിസില്‍ ക്രൈം നമ്പര്‍ ഉണ്ടായിരുന്നില്ലെന്നും പുതിയ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു ചോദ്യം ചെയ്യാനായിരുന്നു ശ്രമമെന്നുമാണ് ശിവശങ്കര്‍ അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്.
അതേസമയം ഡല്‍ഹി ആസ്ഥാനത്തു നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് പുതിയ കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസ് നീക്കമെന്നാണ് അറിയുന്നത്. എന്നാല്‍ ശിവശങ്കറിനെ കാര്‍ഡിയാക് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് രാത്രിയോടെ കസ്റ്റംസ് സംഘവും എന്‍.ഐ.എ സംഘവും ആശുപത്രിയില്‍ നിന്ന് മടങ്ങി. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടാതെയായിരുന്നു കസ്റ്റംസ് സംഘത്തിന്റെ മടക്കം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന് എം.ആര്‍.ഐ സ്‌കാന്‍ നടത്തി. രക്ത സമ്മര്‍ദവും ഇ.സി.ജിയില്‍ വ്യതിയാനവുമുണ്ടെന്നും ഇന്ന് ആന്‍ജിയോ ഗ്രാമിന് വിധേയനാക്കുമെന്നുമാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. കസ്റ്റംസ് സംഘം ശിവശങ്കറിന്റെ ആരോഗ്യാവസ്ഥ തുടര്‍ച്ചയായി അറിയിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ ശിവശങ്കറിനെ വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷുമായി ശിവശങ്കറിനുള്ള ബന്ധത്തെ കുറിച്ചും കള്ളക്കടത്ത് നടന്നതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്. ഇ.ഡിക്ക് പുറമേ എന്‍.ഐ.എ, കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജന്‍സികളും അദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.