2022 June 29 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

കശ്മിര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണം


കശ്മിരില്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാറും പ്രധാനമന്ത്രിയും ഇടപെടണമെന്ന പ്രതിപക്ഷ ആവശ്യത്തിന്മേല്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കുകയാണ്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ചര്‍ച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടുദിവസം മുന്‍പ് പാര്‍ലമെന്ററി കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചതാണ്.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയെ സൈന്യം വെടിവെച്ചുകൊന്നതിനെ തുടര്‍ന്നാണ് കശ്മിരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ മുപ്പത് ദിവസത്തിലധികമായി കശ്മിര്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. കര്‍ഫ്യൂ പ്രഖ്യാപിച്ച് കഴിഞ്ഞിട്ട് ഒരുമാസം കഴിഞ്ഞു. സ്വതന്ത്ര്യപ്രാപ്തിക്ക് ശേഷം ഇത്രയധികം ദിവസം ഒരു സംസ്ഥാനത്തും കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടിവന്നിട്ടില്ല. ജനങ്ങള്‍ക്കു നേരെ പെല്ലറ്റ് തോക്കുകളാണ് സൈന്യം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമധികം മാരകമാണ് ഈ തോക്കുകള്‍. ഇസ്രാഈല്‍ പോലും പെല്ലറ്റ് ഗണ്‍ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഉപയോഗിച്ചിട്ടില്ല. എന്നിരിക്കേ കശ്മിര്‍ ജനതക്കു നേരെ യാതൊരു തത്വദീക്ഷയുമില്ലാതെ സൈന്യം ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുകാരണം നൂറുക്കണക്കിനാളുകള്‍ക്കാണ് മാരകമായി പരുക്കേറ്റിരിക്കുന്നത്. അഞ്ഞൂറിലേറെ പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് ബുള്ളറ്റ് ശരീരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ശസ്ത്രക്രിയകള്‍ ചെയ്യേണ്ടിവന്നു. ശത്രുക്കളോടെന്ന പോലെയാണ് സ്വന്തം രാജ്യത്തെ ജനങ്ങളോട് പട്ടാളവും പൊലിസും ചെയ്തുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ തീര്‍ത്തും അപ്രസക്തമാക്കി ബി.ജെ.പി നിയോഗിച്ച ഗവര്‍ണറാണ് ഇപ്പോഴും കശ്മിര്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മിരില്‍ ഇടപെടണമെന്ന മെഹ്ബൂബ മുഫ്തിയുടെ സ്വരം പരാജയപ്പെട്ട ഒരു ഭരണാധികാരിയുടെ നിസ്സഹായതയുടെ നിലവിളിയായി മാത്രമേ കണാനാവൂ. കശ്മിരിലെ പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാക്കിയതില്‍ ഗവര്‍ണര്‍ ബി.കെ സിന്‍ഹക്കുള്ള പങ്ക് ചെറുതല്ല. കശ്മിരികളെ പ്രകോപിപ്പിക്കുവാന്‍ അദ്ദേഹം ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുകയാണ്. നിയമപ്രകാരം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ക്ഷേത്രബോര്‍ഡ് ഓഫിസ് ആരംഭിക്കുവാന്‍ വിട്ടുകൊടുത്തത് തീര്‍ത്തും നിയമവിരുദ്ധവും പക്ഷപാതപരവുമാണ്.

അണഞ്ഞുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ ആളിക്കത്തിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകും. അമര്‍നാഥ് യാത്ര ആരോടും ആലോചിക്കാതെ അദ്ദേഹം തന്നിഷ്ടപ്രകാരം തീരുമാനിച്ചതും വിനയായി. മുസ്്‌ലിംകളും ഹിന്ദുക്കളും ബുദ്ധമതസ്തരും സഹോദരതുല്യം ജീവിച്ചു പോരുന്ന കശ്മിരിനെ കലാപകലുഷിതമാക്കിയതില്‍ നിക്ഷിപ്തി താല്‍പര്യക്കാരായ ബി.കെ സിന്‍ഹയെപ്പോലുള്ള, ജഗ്‌മോഹനെപ്പോലുള്ള ഗവര്‍ണര്‍മാര്‍ വലിയ പങ്കാണ് വഹിച്ചത്; ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നതും. കശ്മിരിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടത് അവിടെ അശാന്തിപടര്‍ത്തുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന ഗവര്‍ണര്‍ ബി.കെ സിന്‍ഹയെ തിരിച്ചുവിളിക്കുകയും നരേന്ദ്രമോദി ജനങ്ങളുമായി നേരിട്ടു സംസാരിക്കുകയുമാണ് വേണ്ടത്. സമാധാനം സ്ഥാപിക്കാന്‍ മുന്‍പ്രധാനമന്ത്രി വാജ്‌പേയിയുട പാത പിന്‍തുടരുമെന്ന് അദ്ദേഹം രാജ്യസഭയില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റണം. സംഘര്‍ഷം തുടരുന്നേടത്തോളം പാകിസ്താന്‍ മുതലെടുപ്പും തുടര്‍ന്ന് കൊണ്ടിരിക്കും. കശ്മിരിലെ സംഘര്‍ഷത്തിന് ആക്കംകൂട്ടി അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ പാകിസ്താന്‍. ഗവര്‍ണറുടെ നടപടികള്‍ അതിന് വേഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

2012 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കശ്മിരില്‍ സമാധാനം കൈവരുമെന്ന് എല്ലാവരും ആശ്വസിച്ചിരുന്നതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടിപ്പുകേടു കാരണം കശ്മിര്‍ ജനത സര്‍ക്കാരുകളെ അവിശ്വസിക്കുന്ന ഒരവസ്ഥയിലാണിപ്പോള്‍ എത്തിയിരിക്കുന്നത്. അവരില്‍ ആത്മവിശ്വാസം പകരുവാനും ഇന്ത്യ അവര്‍ക്കൊപ്പമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച വേളയില്‍ പാകിസ്താനോടും ഇന്ത്യയോടും സമദൂരം പാലിച്ച് സ്വതന്ത്ര രാഷ്ട്രമായി നില്‍ക്കാനായിരുന്നു കശ്മിര്‍ രാജാവ് ഹരിസിങിന്റെ തീരുമാനം. അദ്ദേഹത്തിന്റെ തീരുമാനത്തെ കശ്മിരിലെ ഭൂരിപക്ഷം ജനതയായ മുസ്്‌ലിംകള്‍ സര്‍വാത്മനാ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഹിന്ദുരാജാവിന്റെ കീഴില്‍ മുസ്്‌ലിംകള്‍ ഭരണീയരായിക്കഴിയാന്‍ ആഗ്രഹിച്ച ചരിത്രമാണ് കശ്മിരിന്റേതെന്ന് കശ്മിര്‍ മുസ്്‌ലിംകളെ തീവ്രവാദികളെന്ന് മുദ്രകുത്തി വെടിവെച്ചു കൊല്ലുന്ന സൈന്യവും സര്‍ക്കാരും മനസിലാക്കണം.

പാകിസ്താന്‍ കശ്മിര്‍ പിടിച്ചടക്കാന്‍ വന്നില്ലായിരുന്നുവെങ്കില്‍, സഹായഭ്യര്‍ഥനയുമായി ഹരിസിങ് രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സമീപിച്ചില്ലായിരുന്നുവെങ്കില്‍ മുസ്്‌ലിം ഭൂരിപക്ഷമുള്ള കശ്മിര്‍ സ്വതന്ത്രരാഷ്ട്രമായി ഹിന്ദുരാജാക്കന്‍മാരുടെ ഭരണത്തിന്‍ കീഴില്‍ സ്വസ്ഥമായി കഴിയുമായിരുന്നു.
കശ്മിര്‍ ജനതയുടെ സിരകളില്‍ തീവ്രതയും വര്‍ഗീയതയുമല്ലയുള്ളത്. ഭരണാധികാരികളുടെ നയവൈകല്യവും കാലാക്കാലങ്ങില്‍ വരുന്ന ഗവര്‍ണര്‍മാരുടെ കൊള്ളരുതായ്മകളുമാണ് കശ്മിര്‍ ജനതയെ ഇന്ത്യയില്‍ നിന്നും അകറ്റിക്കൊണ്ടിരിക്കുന്നത്. സൈന്യത്തിന്റെ പകപോക്കുന്നതുപോലുള്ള ക്രൂരമായ ആക്രമണങ്ങള്‍ ജനതയുടെ രോഷാഗ്നിക്ക് ആക്കം കുട്ടുകയും ചെയ്യുന്നു. ബി.കെ സിന്‍ഹയെപ്പോലുള്ള ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കശ്മിരിനെ വറചട്ടിയില്‍ നിന്നും എരിതീയിലേക്കെടുത്തെറിയുകയേ ഉള്ളൂ.

2012 ല്‍ നടന്ന സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കശ്മിരില്‍ സമാധാനം കൈവരേണ്ടതായിരുന്നു. ഗവര്‍ണര്‍ ബി.കെ സിന്‍ഹയാണ് എല്ലാം തകിടം മറിച്ചത്. ഇത്തരം ആളുകളെ എത്രയും പെട്ടെന്ന് തിരിച്ചുവിളിക്കുകയാണ് കശ്മിരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. ഇന്നത്തെ പാര്‍ലമെന്റ് ചര്‍ച്ചയുടെ പര്യവസാനം ഇത്തരമൊരു തീരുമാനത്തിലെത്തുന്നില്ലെങ്കില്‍ പ്രധാനമന്ത്രി കശ്മിര്‍ ജനതയുമായി നേരിട്ട് സംസാരിക്കുന്നില്ലെങ്കില്‍ കശ്മിരിലെ തീയണയാന്‍ പോകുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.